Thursday 16 June 2022 04:57 PM IST : By സ്വന്തം ലേഖകൻ

അമ്മായെന്ന് വിളിച്ചേ... അപ്പായെന്ന് വിളിച്ച് കുഞ്ഞ് റയാൻ: ആ കൊഞ്ചലിൽ കണ്ണുനിറയും: ഓർമയിൽ നിറഞ്ഞ് ചീരു

meghna-raj-baby

എത്രയോ അമ്മമാരുടെ സ്‌നേഹവാത്സല്യവും അതിലേറെ പേരുടെ ആശംസയും ഏറ്റുവാങ്ങി ചീരുവിന്റേയും മേഘ്നയുടേയും കൺമണി വളരുകയാണ്. അച്ഛനില്ലാത്ത ലോകത്തേക്ക് അവനെത്തുമ്പോള്‍ സ്‌നേഹം കൊണ്ട് മൂടാന്‍ ഒരു കുടുംബമൊട്ടാകെയുണ്ട്. അതിനേക്കാളേറെ മരിച്ചു മൺമറഞ്ഞിട്ടും ചീരുവിനെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന ആരാധകര്‍ ആ കൺമണിയെ സ്നേഹിക്കുന്നുണ്ട്.

അച്ഛന്റെ സ്നേഹവായ്പില്ലാതെ വളരുന്ന തന്റെ പൊന്നു പൈതൽ റയാന്റെ വളർച്ചയുടെ ഒരോ ഘട്ടവും മേഘ്ന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ റയാനൊപ്പമുള്ള ക്യൂട്ട് നിമിഷം പങ്കുവയ്ക്കുകയാണ് മേഘ്ന രാജ്. പതിവുപോലെ ക്യൂട്ട് ചിരിയുമായെത്തിയ മകനെ അമ്മയെന്ന് വിളിപ്പിക്കാൻ പഠിപ്പിക്കുകയാണ് മേഘ്ന. ...
‘അമ്മ’യെന്ന് മൂന്ന് തവണ പറഞ്ഞു കൊടുത്തപ്പോഴും അത് അവർത്തിക്കുകയാണ് റയാൻ. എന്നാൽ അടുത്ത തവണ അമ്മയെ പറ്റിക്കുകയാണ് കുറുമ്പൻ. ‘അമ്മ’ എന്നു പറയുന്നതിന് പകരം ‘അപ്പ’ എന്ന് പറയുകയാണ് ജൂനിയർ ചീരു. കണ്ണീരും പുഞ്ചിരിയും ഒരുപോലെ സമ്മാനിക്കുന്ന ഈ വിഡിയോ നിമിഷനേരം കൊണ്ട് ആരാധകരും നെഞ്ചിലേറ്റി.

2020 ജൂൺ ഏഴിനാണ് മേഘ്നയുടെ ജീവിത പങ്കാളിയും കന്നഡയിലെ താരവുമായ ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്.