Friday 20 May 2022 04:14 PM IST

‘ഇപ്പോൾ വീട്ടിലേക്കു ചെല്ലുമ്പോൾ ഗേറ്റു കടന്നാലുടൻ എന്റെ കണ്ണു നിറയും’: ജീവിതത്തിലെ വലിയ നഷ്ടം: മിയ പറയുന്നു

Roopa Thayabji

Sub Editor

miya-father-

അൽഫോന്‍സാമ്മ സീരിയലിൽ പരിശുദ്ധ മാതാവായാണ് മിയ ജോർജിന്റെ അഭിനയത്തുടക്കം. കരുണ തേടുന്നവരെ കൈപിടിച്ചു നടത്തുന്ന സ്നേഹനിധിയായ അമ്മ. കൊച്ചിയിലെ വീട്ടിലിപ്പോൾ മിയയും ഒരാളെ കൈപിടിച്ചു നടത്തുന്ന തിരക്കിലാണ്, പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞു ലൂക്കയെ.

വെള്ളിയുടുപ്പിട്ട മാലാഖക്കുഞ്ഞിനെ പോലെയാണ് ലൂക്ക ‘വനിത’യുടെ കവർ ഷൂട്ടിനെത്തിയത്. കുഞ്ഞിന്റെ ഓരോ ചിരിയും ക്യാമ റയിൽ പതിയുമ്പോൾ കൂടുതൽ സന്തോഷിച്ചത് ഒപ്പം നിന്ന അശ്വിനാണ്, മിയയുടെ സ്വന്തം അപ്പു.

കഴിഞ്ഞ ഈസ്റ്ററിനു ശേഷം മിയയുടെ ജീവിതത്തിൽ രണ്ടു വലിയ ട്വിസ്റ്റുണ്ടായി. ‘‘ആദ്യത്തേത് മോന്റെ വരവാണ്. അടുത്തത് പ്രിയപ്പെട്ട പപ്പയുടെ വിയോഗവും.’’ കോവിഡിനെക്കാൾ പേടിപ്പിച്ചാണ് ലൂക്കയുടെ വരവെന്നു പറഞ്ഞ് മിയ ചിരിക്കുമ്പോൾ, സംഗതി എന്താണെന്ന മട്ടിൽ അപ്പുവിന്റെ കയ്യിലിരുന്ന് നോക്കുകയാണ് ലൂക്ക.

അതെന്താണ് അത്ര പേടിപ്പിച്ചത് ?

ഗർഭകാലത്ത് ഇടയ്ക്ക് ബ്ലീഡിങ് ഉണ്ടായിരുന്നതുകൊണ്ട് ബെഡ് റെസ്റ്റ് എടുത്തിരുന്നു. ഏ ഴാം മാസത്തിൽ പ്രസവത്തിനായി വിളിച്ചുകൊണ്ടു വരുന്ന ചടങ്ങുണ്ട്. അതുകഴിഞ്ഞ് എന്തോ ആവശ്യത്തിന് എറണാകുളത്ത് അശ്വിന്റെ വീട്ടിലേക്ക് പോകേണ്ടി വന്നു. തിരികെയെത്തി കിടന്നുറങ്ങിയ ഞാൻ വെളുപ്പിന് ഉണരുന്നത് വയറു വേദനിച്ചിട്ടാണ്.

ആദ്യം കരുതിയത് ‘ഫോൾസ് പെയിൻ’ ആ ണെന്നാണ്, ഏഴാം മാസത്തിൽ എന്തു പ്രസവവേദന വരാൻ. അപ്പുവിനെ വിളിച്ചുണർത്തി കാര്യം പറഞ്ഞു, ഗൂഗിളിലും വെറുതെ ഒന്നു പരതി. ഒരു മണിക്കൂർ കഴിഞ്ഞിട്ടും വേദന പോകുന്നില്ലെന്നു കണ്ട് മമ്മിയെ വിളിച്ചു. വയറുവേദന എന്നു കേട്ടപ്പോൾ ‘അപ്പുവിനാണോ’ എന്നായിരുന്നു മമ്മിയുടെ മറുചോദ്യം. ഇടയ്ക്കു വേദന വരുമ്പോൾ ഞാൻ മുന്നിലേക്കു കുനിഞ്ഞു പോകുന്നുണ്ട്. അതു കണ്ട് മമ്മി ഡോക്ടറെ വിളിക്കാൻ പറഞ്ഞു.

പാലായിലെ ബെറ്റി ഡോക്ടറാണ് ഞങ്ങളുടെ കുടുംബത്തിലെ മിക്ക പ്രസവവും എടുത്തത്. ‘പെട്ടെന്ന് ആശുപത്രിയിലേക്ക് വരൂ, ഒരു കുത്തിവയ്പ്പെടുക്കാം’ എന്നു ഡോക്ടർ പറഞ്ഞതിനു പിന്നാലെ ഞങ്ങളിറങ്ങി. അവിടെയെത്തി പരിശോധിച്ചപ്പോൾ കുഞ്ഞ് പുറത്തേക്കു വരാനുള്ള ഒരുക്കം തുടങ്ങിയിരുന്നു. ഉടനേ തന്നെ പ്രസവം നടക്കുമത്രേ.

ഏഴാം മാസത്തിൽ ഉണ്ടാകുന്ന കുഞ്ഞിനു തനിയെ ശ്വസിക്കാനൊന്നും പറ്റില്ല. അപ്പോൾ നിയോനേറ്റൽ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വരും. ആ ആശുപത്രിയിൽ നിയോനേറ്റൽ കെയർ വിഭാഗം ഇല്ല. പിന്നെയുള്ളത് രണ്ട് ഓപ്ഷനാണ്. ഒന്നുകിൽ അവിടെ പ്രസവിച്ച ശേഷം കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്കു പെട്ടെന്നു മാറ്റണം. അല്ലെങ്കിൽ നിയോനേറ്റൽ കെയർ ഉള്ള ആശുപത്രിയിലേക്കു പെട്ടെന്നു പോയി പ്രസവിക്കണം. പാലായിൽ നിന്ന് കോട്ടയം വരെയൊന്നും പോകാനുള്ള സമയം കിട്ടിയേക്കില്ല എന്നും ഡോക്ടർ പറഞ്ഞു.

രണ്ടാമത്തെ ഓപ്ഷനാണ് തിരഞ്ഞെടുത്തത്. ഷൂട്ടിങ്ങിനു വേണ്ടി പോലും ആംബുലൻസിൽ കയറിയിട്ടില്ലാത്ത എന്നെ കിടത്തി വണ്ടി മറ്റൊരു ആശുപത്രിയിലേക്ക് പാഞ്ഞു. ബെറ്റി ഡോക്ടറും ഒരു സഹായിയും കൂടെ കയറി, എങ്ങാനും വഴിയിൽ വച്ചു പ്രസവം നടന്നാലോ? പത്തുമിനിറ്റു കൊണ്ട് അവിടെയെത്തി. കോവിഡ് ടെസ്റ്റ് അടക്കം പൂർത്തിയാക്കി നേരേ ലേബർ റൂമിലേക്ക്. പതിനഞ്ചു മിനിറ്റിനുള്ളിൽ പ്രസവം നടന്നു. അങ്ങനെ ജൂലൈയിൽ ഡേറ്റ് പറഞ്ഞിരുന്ന ലൂക്ക മെയ് നാലിനു തന്നെ എത്തി.

അപ്പുവിന്റെ അനിയത്തിയുടെ പ്രസവത്തീയതി മേയിലായിരുന്നു. ലൂക്ക അവരെ ഓവർടേക് ചെയ്തതിനു പിന്നാലെ നാത്തൂന് മോളുണ്ടായി, മെയ് 11 ന്. ഇപ്പോൾ ലൂക്കയും എലിസബത്തും ഇരട്ടകളെ പോലെയാണ് വളരുന്നത്.

മോനെ എത്ര ദിവസം നിയോനേറ്റൽ ഐസിയുവിൽ കിടത്തേണ്ടി വന്നു ?

പ്രസവിച്ച ഉടനേ അവിടെയുള്ള സിസ്റ്റർ, കുഞ്ഞിനെയെടുത്ത് എന്റെ നെഞ്ചിൽ കിടത്തി. ‘നെറ്റിയിൽ കുരിശു വരച്ച്, ചെവിയിൽ ഈശോയെ വിളിച്ചോളൂ’ എന്നു പറഞ്ഞു. കുരിശു വരച്ച്, ‘ഈശോ മറിയം ഔസേപ്പേ’ എന്നു ‍ഞാൻ ചെവിയിൽ വിളിച്ചതിനൊപ്പം അവനെ കൊണ്ടുപോയി. ഒന്നരക്കിലോയേ കുഞ്ഞിനു ഭാരമുള്ളൂ. ഓക്സിജൻ മാസ്കൊക്കെ വച്ചാണ് എൻഐസിയുവിൽ കിടത്തിയിരിക്കുന്നത്.

മുലപ്പാൽ പിഴിഞ്ഞെടുത്ത് ട്യൂബിലൂടെയാണ് കൊടുക്കുന്നത്. പത്തു ദിവസം കഴിഞ്ഞ് ട്യൂബ് മാറ്റി. പിന്നെ ഓരോരോ തുള്ളിയായി വായിലേക്ക് ഇറ്റിച്ചു കൊടുക്കും. ദിവസം നാൽപത് ഗ്രാമാണ് ഭാരം കൂടുന്നത്. ഓരോ ദിവസവും മോനെ കയ്യിൽ കിട്ടുന്ന ദിവസം കണക്കുകൂട്ടും. അങ്ങനെയിരിക്കെ ഒരിക്കൽ ആകെ 25 ഗ്രാമേ കൂടിയുള്ളൂ എന്നു സിസ്റ്റർ പറഞ്ഞു. പെട്ടെന്നു ഭാരം കുറഞ്ഞപ്പോൾ പേടിയായി. ട്യൂബിലൂടെ പാൽ കൊടുക്കുമ്പോൾ കുഞ്ഞിന് ഒ ട്ടും ആയാസം ഇല്ല. തുള്ളിതുള്ളിയായി കൊടുക്കുമ്പോൾ അത് ഇറക്കാനുള്ള എനർജി ചെലവാകില്ലേ. അതാണ് ഈ വ്യത്യാസത്തിനു കാരണം. കുഞ്ഞിന്റെ തൂക്കം രണ്ടു കിലോ ആകാൻ 25 ദിവസം എടുത്തു.

ലൂക്കയെന്ന പേര് ആരുടെ സെലക്ഷനാണ് ?

എന്റെ യഥാർഥ പേര് ജിമി എന്നാണ്. സംഗതി രണ്ടക്ഷരമേ ഉള്ളൂ എങ്കിലും മിക്കവരും അതു തെറ്റിക്കും. അങ്ങനെയാണ് മിയ എന്നു മാറ്റിയത്. എല്ലാവരും ഓർത്തിരിക്കുന്ന, ആരും തെറ്റിക്കാത്ത, അധികമാർക്കും ഇല്ലാത്ത പേരു വേണം എന്നായിരുന്നു എന്റെ നിബന്ധന.

കുറേ പേരുകൾ നേരത്തേ തന്നെ കണ്ടുവച്ചിരുന്നു. മോനാണെന്ന തോന്നൽ എനിക്ക് ആദ്യം മുതലേ ഉണ്ട്. അതുകൊണ്ടു തന്നെ ആൺകുട്ടികൾക്കുള്ള പേരുകളായിരുന്നു ലിസ്റ്റിൽ കൂടുതലും. പല പേരുകളും ചർച്ച ചെയ്ത് അവസാനം ഡിസ്ചാർജ് ആകുന്നതിന്റെ തലേന്നാണ് ലൂക്ക എ ന്ന പേര് ഫിക്സ് ചെയ്തത്.

മോനു വേണ്ടി പാട്ടു പാടുന്ന വിഡിയോ സോഷ്യൽമീഡിയയിൽ ഹിറ്റായി?

മോൻ എൻഐസിയുവിൽ ആയിരുന്ന കാലം തൊട്ടേ പാട്ടുപാടി കൊടുക്കാറുണ്ട്. ഐസിയുവിൽ കുറച്ചു ദിവസം ക ഴിഞ്ഞപ്പോൾ ‘കങ്കാരൂ മദർ കെയർ’ ചെയ്യാൻ തുടങ്ങി. കുഞ്ഞിനെ അമ്മയുടെ ഉടുപ്പിനുള്ളിലാക്കി നെഞ്ചോടു ചേർത്ത് കിടത്തുന്ന രീതിയാണത്. ഇങ്ങനെ ചെയ്യുമ്പോൾ കുഞ്ഞ് വേഗം ആരോഗ്യം കൈവരിക്കും. ഈ സമയത്താണ് അമ്മയുടെ ചൂടും മണവും ശബ്ദവുമൊക്കെ കുഞ്ഞിനു കൂടുതൽ പരിചിതമാകുന്നത്.

ദിവസം തോറും രണ്ടു മണിക്കൂർ വീതമാണ് ഇതു ചെ യ്യുന്നത്. ഐസിയുവിലെ മുറിയിൽ കുഞ്ഞുമായി തനിച്ച് ഇരിക്കുന്നതിനിടെ വെറുതേ പാട്ടു പാടാൻ തുടങ്ങി. ഈശോയുടെ പാട്ടുകളും മാതാവിന്റെ പാട്ടുകളുമായിരുന്നു ആദ്യം. പിന്നെ, സിനിമാ പാട്ടിലേക്കു കടന്നു. പാടിപാടി സ്റ്റോക് തീർന്നപ്പോൾ പഠിച്ച സ്കൂളിലെ പ്രയർ സോങ് മുതൽ ജനഗണമന വരെ പാടി. ഇതൊക്കെ കൊണ്ടാകും ലൂക്കയ്ക്ക് പാട്ടു കേൾക്കാൻ വലിയ ഇഷ്ടമാണ്. അങ്ങനെയാണ് മോനു വേണ്ടി ‘വാതിക്കല് വെള്ളരിപ്രാവ്...’ പാടിയത്. അവന്റെ സന്തോഷം കണ്ടപ്പോൾ വെറുതേ അതു റിക്കോർഡ് ചെയ്ത് ഇൻസ്റ്റഗ്രാമിലിട്ടു.

പോസ്റ്റുപാർട്ടം ഡിപ്രഷനെ കുറിച്ച് നടി ഭാമ തുറന്നുപറഞ്ഞിരുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായോ ?

കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നത് വളരെ മനോഹരമായ ഉത്തരവാദിത്തമാണ്. പക്ഷേ, എല്ലാ ദിവസവും ഒരുപോലെ ആകുന്നത് എന്നെയും അലട്ടിയിരുന്നു. ഓരോ ദിവസവും കിടക്കും മുൻപ് ആലോചിക്കും, ഇന്നു ക്രിയേറ്റീവായി എന്തെങ്കിലും ചെയ്തോ? ഒന്നുമില്ല എന്ന മറുപടിയിൽ ഒട്ടും തൃപ്തി തോന്നിയില്ല.

അങ്ങനെ ഞാൻ തന്നെ എനിക്കു ടാസ്കുകൾ സെറ്റ് ചെയ്യാൻ തുടങ്ങി. പുസ്തകം വായിച്ചു തുടങ്ങുക, പുതിയൊരു ചെടി വാങ്ങുക, എംബ്രോയ്ഡറി ചെയ്യുക എന്നിങ്ങനെ ഓരോ ദിവസവും ഓരോ ടാസ്ക്. അതു പൂർത്തിയാക്കാൻ ശ്രമിക്കുന്നതിലൂടെ ജീവിതം ക്രിയേറ്റീവ് ആകുന്നതിന്റെ സന്തോഷം തിരിച്ചു വന്നു. പലരും കുഞ്ഞിനു പിന്നാലെ മാത്രം നിന്നു ഇത്തരം കാര്യങ്ങൾ മിസ് ചെയ്യും. അതാണ് ഡിപ്രഷനും പേടിയുമൊക്കെയായി മാറുന്നത്.

Miya-new-interview

പപ്പയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നോ ?

മൂന്നര വർഷം മുൻപ് പപ്പയ്ക്ക് സ്ട്രോക് വന്നിരുന്നു. അ തിനു ശേഷം കുറച്ചു ക്ഷീണത്തിലായിരുന്നു. സ്വന്തം കാര്യങ്ങളെല്ലാം തനിയെ ചെയ്യുമെങ്കിലും പഴയ എനർജി ഇല്ല.

ലൂക്കയുടെ മാമോദീസ നടന്നത് സെപ്റ്റംബർ എട്ടിനാണ്. പിറ്റേന്ന് ഞങ്ങൾ എറണാകുളത്തേക്ക് പോയി. കുറച്ചു ദിവസം കഴിഞ്ഞ് ക്ഷീണം വല്ലാതെ കൂടിയ പപ്പയെ ആശുപത്രിയിലാക്കി. അവിടെ വച്ചാണ് ന്യുമോണിയ കണ്ടെത്തിയത്. പത്തു ദിവസം ഐസിയുവിൽ കിടന്നു. അന്നു രാവിലെ ലൂക്ക കമിഴ്ന്നു വീണ വിവരം മമ്മി പറഞ്ഞപ്പോൾ പപ്പ ചിരിച്ചു. സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ബിപി വല്ലാതെ കുറഞ്ഞു. രോഗീലേപന ശുശ്രൂഷയ്ക്കിടെ പ്രാർഥനയോടെ തന്നെ പപ്പ പോയി.

കല്യാണംകഴിഞ്ഞ് ഞാനും അപ്പുവും പാലായിലേക്കു വരുമ്പോൾ ഒരിക്കൽ പോലും കോളിങ് ബെൽ അടിക്കേണ്ടി വന്നിട്ടില്ല. മുറ്റത്തു തന്നെ പപ്പ കാത്തിരിക്കും. ഇപ്പോൾ വീട്ടിലേക്കു ചെല്ലുമ്പോൾ ഗേറ്റു കടന്നാലുടൻ എന്റെ ക ണ്ണു നിറയും. പഴയതിലും പപ്പയെ മിസ് ചെയ്യുന്നുണ്ട് ഇ പ്പോൾ. മുൻപ് ഷൂട്ടിങ്ങിനിടെ വീട്ടിൽ ചെല്ലുമ്പോൾ മിക്കവാറും ഞാൻ കിടന്നുറങ്ങും. ഉണർന്നാൽ ഫോൺ നോക്കിയിരിക്കും. കുറച്ചു കൂടി സമയം പപ്പയുമായി ഒന്നിച്ചിരിക്കാമായിരുന്നു എന്നു തോന്നുന്നു ഇപ്പോൾ.

സിനിമാ ചർച്ചകൾ തുടങ്ങിയോ ?

ഇനി അഭിനയിക്കുന്നുണ്ടോ, തിരിച്ചു വരാൻ പ്ലാനുണ്ടോ എന്നൊക്കെ ചോദിച്ചാണ് പലരും വിളിക്കുന്നത്. ‘ഞാനെവിടെയും പോയില്ലല്ലോ’ എന്നാണ് തിരിച്ചു ചോദിച്ചത്. ലൂക്കയെ ഗർഭിണിയായിരുന്നപ്പോൾ അഞ്ചാം മാസം വരെയും അവന് അഞ്ചുമാസം ആയപ്പോൾ മുതലും ചാനൽ ഷോ ചെയ്തു. അവസാനം റിലീസായ സിനിമ ‘ഡ്രൈവിങ് ലൈസൻസാ’ണ്. അതിനു ശേഷം ലോക്ഡൗൺ ആയല്ലോ. ഇപ്പോൾ മലയാളത്തിലും തമിഴിലും രണ്ടു സിനിമകൾ കമിറ്റ് ചെയ്തിട്ടുണ്ട്, ഉടനേ ഷൂട്ടിങ് തുടങ്ങും.

വലിയൊരു സന്തോഷം വിക്രം നായകനാകുന്ന തമിഴ് സിനിമ ‘കോബ്ര’ റിലീസിനൊരുങ്ങുന്നതാണ്. എന്റെ ജീവിതത്തിലെ നാലു ഘട്ടങ്ങളിലൂടെയും കടന്നുപോയാണ് ഈ സിനിമ സംഭവിച്ചത്. ആദ്യ ഷെഡ്യൂളിൽ മൂന്നാലു ദിവസം അഭിനയിച്ചപ്പോഴാണ് ലോക്ഡൗൺ വന്നത്. അപ്പോഴേക്കു വിവാഹാലോചന തുടങ്ങി. കല്യാണം കഴിഞ്ഞ ശേഷമായിരുന്നു അടുത്ത ഷെഡ്യൂൾ. ലൂക്കയെ അഞ്ചുമാസം ഗർഭിണിയായി ഇരിക്കുമ്പോഴും ഡോക്ടറുടെ പ്രത്യേക അനുവാദമൊക്കെ വാങ്ങി ചെന്നൈയിൽ ഒരു ഷെഡ്യൂളിനു പോയി. കുറച്ച് സ്ട്രെയ്ൻ എടുത്തു ചെയ്യേണ്ട ഷോട്ടുകളുണ്ട് അതിൽ. അപ്പു പറഞ്ഞു, ‘നിനക്ക് കോൺഫിഡൻസ് ഉണ്ടെങ്കിൽ ചെയ്തോളൂ’ എന്ന്. സിനിമ റിലീസാകുമ്പോൾ ആ സീൻ കണ്ട് മമ്മി തല്ലാതിരുന്നാൽ മതി. പ്രസവത്തിനു ശേഷവും മൂന്നാലു ദിവസം ഷൂട്ടിങ് ഉണ്ടായിരുന്നു.

miya-george-vanitha

മോന്റെ ബെർത്ഡേ പ്ലാൻ എന്താണ് ?

ലൂക്കയ്ക്ക് ഒരു വയസ്സാകുന്നു എന്നാലോചിക്കുമ്പോഴാണ് എത്ര വേഗമാണ് കാലം പോയതെന്നു മനസ്സിലാകുന്നത്. അവനു രണ്ടു പല്ലു വന്നു, വിരലു പിടിച്ചു കടിക്കുന്നതാണ് ഹോബി. തനിയെ പിടിച്ചു നിൽക്കും. നടന്നു തുടങ്ങിയാൽ മമ്മിയുടെ ഇൻഡോർ പ്ലാന്റ്സിന്റെ കാര്യം എന്താകുമോ എന്തോ.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ