Saturday 03 December 2022 11:14 AM IST : By സ്വന്തം ലേഖകൻ

ചുളിവുകളും സ്ട്രെച്ച് മാർക്കും... ബോൾഡായ നിലപാട്: നമിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് കയ്യടി

namitha-11

ലൈം ലൈറ്റും ഗ്ലാമർ പരിവേഷങ്ങളും വിട്ട് പ്രേക്ഷകർക്കു മുന്നിലേക്കെത്തുന്ന താരങ്ങൾ അപൂർവമാണ്. ഇനി അങ്ങനെ പ്രത്യക്ഷപ്പെട്ടാൽ തന്നെ, അവർക്കു നേരെയുള്ള ബോഡി ഷെയ്മിങ്ങുകൾക്ക് പഞ്ഞവുമുണ്ടാകില്ല. താരങ്ങളെ തലങ്ങും വിലങ്ങും ആക്രമിക്കുന്ന ഒരു കൂട്ടം തന്നെ സോഷ്യൽ മീഡിയയിലുണ്ട്. ബോഡി ഷെയ്മിങ്ങിനെ അലങ്കാരമാക്കുന്ന അത്തരക്കാർക്കു മുന്നിലേക്ക് ശക്തമായ നിലപാടറിയിക്കുകയാണ് നടി നമിത പ്രമോദ്. നമിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ഗ്ലാമറിനും ഫാഷൻ സങ്കൽപ്പങ്ങൾ‌ക്കും അപ്പുറം വ്യക്തിത്വത്തിന്റെ കൃത്യമായ അടയാളമാകുകയാണ്.

ശരീരത്തിലെ ചുളിവുകളും സ്ട്രെച്ച് മാർക്കും വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ്നമിത പങ്കുവച്ചത്. നിറത്തിന്റെ പേരിലും ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലും മുൻവിധികൾ കൽപ്പിക്കുന്നവർക്ക് ഇടയിലേക്കാണ് സ്വന്തം ശരീരം ഇങ്ങനെയാണെന്ന പരസ്യപ്രസ്താവനയുമായി നമിത എത്തുന്നത്. താരത്തിന്റെ ബോൾഡായ നീക്കത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. ഏതു ലുക്കിലും നമിത സുന്ദരി തന്നെയാണ് എന്നാണ് ആരാധകരുടെ പ്രതികരണം.

ജയസൂര്യ നായകനായ ഈശോയിലാണ് നമിത അവസാനം പ്രത്യക്ഷപ്പെട്ടത്. കാളിദാസ് ജയറാം നായകനാകുന്ന രജ്നി, ഗോകുൽ സുരേഷിന്റെ എതിരെ, ആസിഫ് അലിയുടെ എ രഞ്ജിത് സിനിമ എന്നിവയാണ് നമിതയുടെ പുതിയ പ്രോജക്ടുകൾ.