Tuesday 13 September 2022 11:54 AM IST : By സ്വന്തം ലേഖകൻ

‘ആ പാവങ്ങൾക്ക് വേണ്ടി ഇറങ്ങണമല്ലോ’; തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് നിർത്തൂ, ഹാഷ്ടാഗുമായി മൃദുല മുരളി

mridula-muur6ryghgh

തെരുവ് നായ അക്രമണം രൂക്ഷമായതോടെ പേപ്പട്ടികളെയും ആക്രമണകാരികളായ നായ്ക്കളെയും കൊല്ലാൻ അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കേരളം. അതേസമയം ഈ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ് നടി മൃദുല മുരളി. സമൂഹമാധ്യമത്തിലൂടെയായിരുന്നു മൃദുല മുരളി തന്റെ നിലപാട് തുറന്നു പറഞ്ഞത്.

‘‘പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന, മറ്റുള്ളവരെ കൊന്നൊടുക്കുന്ന മനുഷ്യരുണ്ട്. എന്താണ് ഇതിന് പരിഹാരം. മുഴുവൻ മനുഷ്യവര്‍ഗത്തെയും കൊന്നൊടുക്കുക!!! ഇങ്ങനെയാണോ കാര്യങ്ങൾ നടത്തേണ്ടത്.’’–മൃദുല പറയുന്നു. തെരുവ് നായ്ക്കളെ കൊല്ലുന്നത് നിർത്തൂ എന്ന ഹാഷ്ടാഗും താരം പങ്കുവച്ചു.

മൃദുലയെ എതിർത്തും അനുകൂലിച്ചും നിരവധി ആളുകളാണ് രംഗത്തുവരുന്നത്. വിമർശിക്കുന്നവർക്ക് തക്ക മറുപടിയും നടി നൽകുന്നുണ്ട്. മൃഗ സ്നേഹികൾ ഇറങ്ങി എന്ന കമന്റിന് ‘ഇറങ്ങണോല്ലോ... ആ പാവങ്ങൾക്ക് അതിന് പറ്റൂല്ലല്ലോ’ എന്നായിരുന്നു മൃദുലയുടെ മറുപടി.

ചേച്ചി റോഡിൽ ഇറങ്ങി നായ് കടിച്ചു പേ പിടിച്ചാൽ പോലും ആരും തിരിഞ്ഞു നോക്കില്ല എന്ന കമന്റിനും മൃദുല മറുപടി നല്‍കി, ‘‘എനിക്ക് കടി കിട്ടി പേ പിടിച്ചാൽ തിരിഞ്ഞു നോക്കാൻ ആളുണ്ടാകുമോ ഇല്ലയോ എന്നു തീരുമാനിക്കാൻ നിങ്ങൾ ആരാണ്? നായ്ക്കളെ കൊല്ലുക എന്നതല്ല ഇതിന് പരിഹാരം എന്നു മാത്രമാണ് ഞാൻ ചൂണ്ടിക്കാണിക്കുന്നത്.’’-  മൃദുല പറയുന്നു.

നായ്ക്കളെ കൊന്നൊടുക്കുന്നതിനു പകരം അവയെ പാർപ്പിച്ചു പരിപാലിക്കുന്നതിന് ആവശ്യമായ കൂടുതൽ ഷെൽറ്ററുകൾ നിർമിക്കാൻ അധികൃതര്‍ മുൻകൈ എടുക്കണമെന്ന് മൃദുല പറയുന്നു. 

Tags:
  • Movies