Friday 13 September 2024 05:01 PM IST

‘കുഞ്ഞിന്റെ കാര്യത്തിൽ ഞങ്ങൾ അങ്ങനെയൊരു തീരുമാനം എടുത്തിരുന്നു’: സന്തോഷങ്ങൾക്കൊപ്പം നിന്ന സാരി: മുത്തുമണി

Seena Tony Jose

Editorial Coordinator

muthumani

ഇരുപത്തിമൂന്നു ദിവസങ്ങൾ എന്ന നാടകത്തിന്റെ കഥാസാരം ഒരമ്മയും മകളും സ്കൂളിലെ ചില സംഭവങ്ങളുമായിരുന്നു. ടീച്ചർമാരായും കുട്ടിയുടെ അമ്മയായും അഭിനയിക്കാൻ നാലു പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. എറണാകുളം സെന്റ് മേരീസ് ഹൈസ്കൂളിൽ പത്താം ക്ലാസ്സുകാരിയായ ഞാൻ പത്താംക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ അമ്മ റോളിലാണ്.

പ്രാക്ടീസ് തുടങ്ങുമ്പോഴേ നാടകം പഠിപ്പിച്ച സാർ പറഞ്ഞു ‘സാരിയാണ് എല്ലാവരുടെയും വേഷം. ഒാരോരുത്തരും ഒാരോ കളർ ചൂസ് ചെയ്യൂ.’ ഞാൻ ചാടിപ്പറഞ്ഞു. ‘ലെമൺ യെല്ലോ’. അമ്മയുടെ അലമാരയിൽ ഒരു പുതിയ അതിഥി എത്തിയിട്ടുണ്ട്. മഞ്ഞനിറത്തിൽ നെറ്റ് ബോർഡർ ഉള്ള ആ സാരിയുമായി കണ്ടമാത്രയിൽ ഇഷ്ടത്തിലായതാണ്.

വീട്ടിൽ ചെന്ന് അങ്ങേയറ്റം നിഷ്കളങ്കയായി പറഞ്ഞു, ‘സ്കൂളിൽ നാടകത്തിന് ലെമൺ യെല്ലോ സാരി വേണംന്നു പറയുന്നു.’ അമ്മ സംശയത്തോടെ നോക്കി, ‘ലെമൺ യെല്ലോ എന്നു തന്നെ പറ‍ഞ്ഞോ?’ ആ നോട്ടം എന്റെ സൂത്രം പൊളിച്ചു കളഞ്ഞെങ്കിലും ഞങ്ങളുടെ നാടകം സബ്‌ ജില്ലയും ജില്ലാതലവും പിന്നിട്ട് സംസ്ഥാന തലത്തിൽ എത്തി.

തൊടുപുഴയിൽ നടന്ന സംസ്ഥാന യുവജനോത്സവത്തിന് ഒന്നാം സമ്മാനം കിട്ടിയപ്പോൾ പത്രങ്ങളുടെ ഒന്നാം പേജിലുണ്ടായിരുന്നു നാടകസംഘത്തിനൊപ്പം ആ നാരങ്ങാമഞ്ഞ സാരിയും ഞാനും.

മുന്താണിയിലെ മയിൽപ്പീലികൾ

ഞാൻ എട്ടാംക്ലാസ്സിലെത്തിയതോടെ ചേച്ചി പൊന്നുമണി ഡിഗ്രി പഠിക്കാൻ മംഗലാപുരത്തിനു പോയി. അതോടെ അമ്മയുടെ സാരിത്തുമ്പിൽ പിടുത്തമിട്ടതാണ്. അമ്മ എവിടെപ്പോയാലും ഞാനും കൂടും. അങ്ങനെ എറണാകുളത്ത് എത്ര സാരി ഷോ പ്സ് ഉണ്ട്, ഒാരോന്നിലും സാരികൾ എത്ര തരമുണ്ട്, എന്തൊക്കെയാണ് പ്രത്യേകതകൾ... ഇത്തരം കാര്യങ്ങളിൽ ചെറുപ്പത്തിലേ നല്ല അറിവായി.

അമ്മയുടെ എല്ലാ സാരികളും എന്തെങ്കിലും പ്രത്യേകതകളുമായി സ്റ്റാൻഡ് ഒൗട്ട് ചെയ്യുന്നതാകും. മുന്താണി നിറഞ്ഞു നിൽക്കുന്ന മയിലിന്റെ ചിത്രം കട്ട്‌വർക് ചെയ്ത ഒരു സാരിയുണ്ടായിരുന്നു. അതുടുത്ത് ചടങ്ങുകൾക്കൊക്കെ പോകുമ്പോൾ അമ്മ ശ്രദ്ധാകേന്ദ്രമാകുമായിരുന്നു. ടീച്ചറായിരുന്ന അമ്മ അവധി ദിവസങ്ങളിൽ ആ ആഴ്ച ഉടുക്കാനുള്ള സാരികൾ ഇണങ്ങുന്ന ആഭരണങ്ങൾ അടക്കം എടുത്തുവയ്ക്കും. ഒരു നിറം സെലക്ട് ചെയ്ത് ആ നിറത്തിലുള്ള സാരികൾ മാത്രം ആഴ്ച മുഴുവൻ ഉടുക്കുകയൊക്കെ ചെയ്യുമായിരുന്നു.

ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് ഞാൻ ഒറീസയിൽ നടന്ന രാജ്യാന്തര നാടകോത്സവത്തിന് രണ്ടാമത്തെ മികച്ച നടിയായി തിരഞ്ഞെടുക്കുന്നത്. അറിയാത്ത സ്ഥലത്തു സ്വന്തം ഭാഷയിൽ നാടകം ചെയ്ത് സമ്മാനം കിട്ടുക... അന്നത്തെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു അത്. പക്ഷേ, ഇതൊക്കെയാണെങ്കിലും വീട്ടിലെ തുറന്നിട്ട പ്രധാന വാതിൽ പഠനത്തിന്റേതു തന്നെയായിരുന്നു. അമ്മ ലിറ്റററി ആൻഡ് ഡ്രമാറ്റിക്സ് ടീച്ചറായ ഷേർലി സോമസുന്ദരൻ. കെമിസ്ട്രി അധ്യാപകനായ അച്ഛൻ സോമസുന്ദരൻ സയൻസ് അക്കാദമി എന്നൊരു സ്ഥാപനം നടത്തുന്നു. സ്കൂളിൽ മാത്രമല്ല പുറത്തും പ്രസംഗം, അഭിനയം, ക്വിസ്... ഇങ്ങനെ എല്ലാ പരിപാടികളിലും ഞങ്ങളെ പങ്കെടുപ്പിക്കും. എന്നാൽ പഠനത്തിൽ പിന്നാക്കം പോകാനും സമ്മതിക്കില്ല. തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാകുന്നുണ്ട് അച്ഛനും അമ്മയും ഞങ്ങൾക്കായി ഒാടിയ ഒാട്ടങ്ങൾ. അവർ ഒാടിയ ‘എക്സ്ട്രാ ലാപ്’ ആണ് എന്റെയും ചേച്ചിയുടെയും ഒാരോ വിജയവും. ചേച്ചി ഇപ്പോൾ യുഎസ്സിൽ ജോലി ചെയ്യുകയാണ്.

സിനിമ വന്നു വിളിച്ചപ്പോൾ

ഡിഗ്രി മൂന്നാം വർഷം പഠിക്കുമ്പോൾ ഞാൻ മധുരൈകാണ്ഡം എന്നൊരു നാടകം ചെയ്തു. വയലറ്റ് നിറമുള്ള ഒരു ചെട്ടിനാടൻ സാരിയായിരുന്നു അതിൽ എന്റെ കോസ്റ്റ്യൂം. നാടകത്തെക്കുറിച്ച് ചാനലിൽ ലൈവ് ഇന്റർവ്യൂ കണ്ടാണ് സത്യൻ അന്തിക്കാട് സാർ രസതന്ത്രം എന്ന സിനിമയിലേക്ക് വിളിക്കുന്നത്. നാഷനൽ യൂണിവേഴ്സിറ്റി ഒാഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (NUALS) ആണ് നിയമം പഠിച്ചിരുന്നത്. പഠനത്തിന്റെ ഇടവേളകളിലായിരുന്നു ആദ്യ സിനിമകളെല്ലാം. എനിക്ക് ഈ ലോകത്ത് ഏറ്റവും ആസ്വദിച്ചു ചെയ്യാനാകുന്ന കാര്യം പഠനമാണെന്ന് എപ്പോഴോ തിരിച്ചറിഞ്ഞിരുന്നു. ഒപ്പം ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് അഭിനയിക്കാനാണെന്നും. നാടകം, സിനിമ, അക്കാദമിക് താൽപര്യങ്ങൾ ഇതെല്ലാം അലൈൻഡ് ആയി കൊണ്ടുപോകുന്നതാകണം എന്റെ ഒരു ഒഴുക്ക് എന്ന ധാരണ എപ്പോഴോ വന്നുചേർന്നു.

എൽഎൽഎം കഴിഞ്ഞശേഷം െഎപിആറിൽ തന്നെ പിഎച്ഡി ഫുൾ ടൈം റിസർച് സ്കോളർ ആയി ചേർന്നു. ഫിലിം ആൻഡ് കോപി റൈറ്റ് ഇൻ ഇന്ത്യൻ കോപിറൈറ്റ് ആക്ട് എന്ന വിഷയത്തിൽ ആണ് റിസർച്.

തിരക്കഥാകൃത്തും ഫൈനൽസ് എന്ന സിനിമയുടെ സംവിധായകനുമായ അരുണിനെ പരിചയപ്പെട്ടത് ബിരുദപഠനകാലത്തെ തിയറ്റർ പ്രവർത്തനങ്ങൾക്കിടയിലാണ്. പരിചയം വളർന്ന് ഇഷ്ടമായി. അതു പരസ്പരം തുറന്നു പറഞ്ഞതിനൊപ്പം വീട്ടിലും അറിയിച്ചു. പെട്ടെന്നുതന്നെ കല്യാണവും നടന്നു. ഒരുപാടു വിലയുള്ള കാഞ്ചീപുരം സാരി വേണ്ട കല്യാണത്തിനെന്നു തീരുമാനിച്ചിരുന്നു. ചുവപ്പു ബോഡിയിൽ ഗോൾഡൻ ത്രെഡ്സ് വീവ് ചെയ്ത സാരിയാണുടുത്തത്. അതിൽ മുത്തും കല്ലുമെല്ലാം സ്വയം വച്ചു പിടിപ്പിച്ചു. പാദസരത്തിന്റെ ഗുംഗുരു തുന്നിച്ചേർത്ത് ആ സാരിയെ എക്സ്ര്ടാ ഒാർഡിനറിയാക്കി മാറ്റി.

വിവാഹത്തിന് അരുൺ തന്ന രണ്ടു സാരികളിൽ ഒന്ന് പിന്നീട് സാമ്പത്തിക ശേഷി കുറഞ്ഞ ഒരു വധുവിന് നൽകിയിരുന്നു. വില കൊണ്ടോ നമുക്ക് അതിനോടുള്ള മമത കൊണ്ടോ അല്ല, ഉപയോഗക്ഷമതകൊണ്ടാണ് ഒരു വ സ്തു മൂല്യമുള്ളതാകുന്നതെന്നാണ് എന്റെ തിയറി. അ തുകൊണ്ടു തന്നെ പുതിയ സാരി വാങ്ങിയാൽ അമ്മയുടെയോ അരുണിന്റെ അമ്മയുടെയോ അലമാരിയിലാണു വയ്ക്കുക. പല സാരികൾക്ക് ഒപ്പം ചേർക്കാവുന്ന ബ്ലൗസുകൾ വാങ്ങുകയും പിന്നീട് അവാർഡ് നൈറ്റിൽ പോകുമ്പോൾ പോലും ഈ ബ്ലൗസുകൾക്കിണങ്ങുന്ന അമ്മസാരികൾ അലമാരയിൽ ചികഞ്ഞു കണ്ടെത്തി ഉടുക്കുകയുമാണു ചെയ്യുക.

വിവാഹശേഷം രണ്ടുപേർക്കും പൂർണ ഉത്തരവാദിത്തത്തോടെ നോക്കാനാകുമ്പോൾ മാത്രം കുഞ്ഞുങ്ങൾ മതിയെന്നു തീരുമാനിച്ചിരുന്നു. അതിനായി പേരന്റ്സിനെ ബുദ്ധിമുട്ടിക്കില്ലെന്നും. കോവിഡ് കാലത്താണു ഗർഭംധരിച്ചതും പ്രസവിച്ചതും. അതുകൊണ്ടാകാം മകൻ ആനന്ദ് മാധവിന്റെ മൂന്നാം പിറന്നാൾ ആഘോഷിച്ചപ്പോഴാണ് കുഞ്ഞുണ്ടായതു പലരും അറിഞ്ഞത്. കല്യാണത്തിന്റെ രണ്ടാം സാരിയാണ് ബേബി ഷൂട്ടിന് ഉടുത്തതും.

അമ്മയുടെ സാരി കലക്‌ഷനിൽ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് ആദ്യ ചിത്രത്തിലെ കാരറ്റ് പിങ്ക് നിറവും കാന്താ വർക്കുമുള്ള സാരി. ബുദ്ധഭിക്ഷുക്കൾ പണ്ടു ത ണുപ്പിൽ നിന്നു രക്ഷപ്പെടാനായി യാചിച്ചു കിട്ടിയ പഴയ വസ്ത്രങ്ങൾ കൂട്ടിച്ചേർത്ത് തുന്നിയുറപ്പിച്ചു ധരിച്ചിരുന്നുവത്രെ. അതിൽ നിന്നാണ് കാന്താവർക്കിന്റെ ജനനം എന്നൊരു കഥയുണ്ട്. റണ്ണിങ് സ്റ്റിച്ചിലൂടെയാണ് കാന്താ ചിത്രങ്ങൾ തുന്നുക. ബംഗാളിലും ബംഗ്ലാദേശിലും ത്രിപുരയിലുമൊക്കെ വീടുകളിലിരുന്നു സ്ത്രീകൾ തുന്നുന്ന കാന്താ ചിത്രങ്ങളോടുള്ള ഇഷ്ടം കൊണ്ടുകൂടിയാണ് ഈ സാരി തിരഞ്ഞെടുത്തത്. പെയിന്റിങ് പോലെ തോന്നിക്കുന്നതുകൊണ്ടാണ് രണ്ടാമത്തെ ബ്ലാക് സിൽക് സാരിയോട് ഏറെ ഇഷ്ടം.

സാരി മാത്രം ഉടുക്കുന്നവർ കുറഞ്ഞു വരികയാണ്. എന്റെ പ്രായത്തിലുള്ളവർ കഴിയുംപോലെ എല്ലാ വേഷങ്ങളും പരീക്ഷിക്കുന്നതിൽ ഹരം കണ്ടെത്തിക്കഴിഞ്ഞു. ഞാനിപ്പോൾ സമ്മാനിക്കാനാണു സാരി അധികവും വാങ്ങുക. ‘നീ വാങ്ങിത്തന്ന ആ സാരി ഉടുത്തപ്പോ എല്ലാവരും നല്ലതാണെന്നു പറഞ്ഞു’ എന്നു പ്രിയപ്പെട്ടവരുടെ തിളങ്ങുന്ന കണ്ണുകൾ പറയുന്നതാണു വലിയ സന്തോഷം.

സീനാ ടോണി ജോസ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ലൊക്കേഷൻ: റമദ റിസോർട്ട്, കുമ്പളം, കൊച്ചി