Thursday 16 June 2022 10:36 AM IST : By സ്വന്തം ലേഖകൻ

‘ഞാന്‍ തന്നെ പറഞ്ഞ രണ്ട് കാര്യങ്ങള്‍ എന്റെ വാക്കുകള്‍ അല്ലാതായി’: ക്ഷമ ചോദിച്ച് അജു

aju

പുതുമുഖ സംവിധായകർക്ക് പ്രതിഫലം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നടൻ അജു വർഗീസ് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും അജു വർഗീസും ചേർന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദത്തിനു കാരണമായ പരാമർശം ഉണ്ടായത്.

ഇപ്പോഴിതാ, ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അജു വര്‍ഗീസ്. പുതുമുഖ സംവിധായകര്‍ക്ക് പണം കൊടുക്കില്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ച് അർഥം മാറ്റിയതാണെന്നും അജു.

‘‘പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയുടെ ഭാഗമായ എന്റെ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ സിനിമയില്‍ വരാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും വേദനിച്ചു എന്നറിഞ്ഞു. അതിനാല്‍ ഇന്റര്‍വ്യൂവിലെ ആ ഭാഗം ഇവിടെ ചേര്‍ക്കുന്നു.

1) പണിയെടുക്കുന്നവര്‍ക്കു വേതനം കൊടുക്കണം എന്ന് ഞാന്‍ തുടക്കം തന്നെ പറയുന്നു.

2) ശംഭു (വിശാഖ് സുബ്രഹ്മണ്യം) വിനെ ഉദാഹരണം ആയി പറയുമ്പോള്‍, മാസം ഇത്രേം ഉള്ളൂ എന്നും അല്ലേല്‍ മാസം ഒന്നുമില്ലെന്നോ ആദ്യം പറയും.

ഇതില്‍ തലക്കെട്ടു വന്നത് ‘മാസം ഒന്നുമില്ലെന്ന്’ മാത്രം. ഞാന്‍ തന്നെ പറഞ്ഞ രണ്ട് കാര്യങ്ങള്‍ എന്റെ വാക്കുകള്‍ അല്ലാതായി

ശരിക്കും പറഞ്ഞാൽ അത് തമാശ ആയിട്ടുള്ള ഒരു ചർച്ചയായിരുന്നു. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’’.– അജു പറഞ്ഞു.