Monday 23 January 2023 02:23 PM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെയൊക്കെ മുഖത്തുണ്ടായ ആ ചിരി ഞാൻ മറക്കില്ല, ഇനി എന്റെ മുഖം കാണില്ല: ട്രോളുകളിൽ രോഷം: അൽഫോൺസ് പുത്രന്റെ കുറിപ്പ്

gold-issue

ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രമായിരുന്നു ഗോൾഡ്. പ്രേമത്തിനു ശേഷമുള്ള അൽഫോൺസ് പുത്രൻ ചിത്രമെന്ന നിലയിൽ പ്രതീക്ഷകളും വാനോളമായിരുന്നു. എന്നാൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താനായില്ല. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ നിരവധി വിമർശനങ്ങൾക്കും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്തു. സംവിധായകൻ അൽഫോൺസ് പുത്രനെ ഉന്നംവച്ചു തന്നെയായിരുന്നു ട്രോളുകൾ ഏറെയും. തനിക്ക് എതിരെ ഉയരുന്ന ട്രോളുകളോടും കമന്റുകളോടും അൽഫോൺസ് പ്രതികരിക്കുകയും ചെയ്തു.

ഇപ്പോഴിതാ പ്രതിഷേധസൂചകമായി തന്റെ മുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് സംവിധായകൻ. പ്രൊഫൈൽ‌ ചിത്രം മാറ്റിക്കൊണ്ട് ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചു.

'ഞാൻ നിങ്ങളുടെ അടിമയല്ല. അല്ലെങ്കിൽ എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ അവകാശം നൽകിയിട്ടില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സിനിമകൾ കാണാം. എന്റെ പേജിൽ വന്ന് ദേഷ്യപ്പെടേണ്ട കാര്യമില്ല. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ ഞാൻ ഇന്റർനെറ്റിൽ നിന്ന് അദൃശ്യനാകും'. അൽഫോൺസ് കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം: 

'നിങ്ങൾ എന്നെ ട്രോളുകയും എന്നെക്കുറിച്ചും എന്റെ ഗോൾഡ് എന്ന സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങൾ പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്ക് വേണ്ടിയാണെങ്കില്‍ അത് നിങ്ങൾക്ക് നല്ലതല്ല. എനിക്ക് വേണ്ടിയല്ല. അതുകൊണ്ട് ഇന്റർനെറ്റിൽ മുഖം കാണിക്കാതെ ഞാൻ പ്രതിഷേധിക്കുകയാണ്. ഞാൻ നിങ്ങളുടെ അടിമയല്ല. അല്ലെങ്കിൽ എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ അവകാശം നൽകിയിട്ടില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സിനിമകൾ കാണാം. എന്റെ പേജിൽ വന്ന് ദേഷ്യപ്പെടേണ്ട കാര്യമില്ല. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ ഞാൻ ഇന്റർനെറ്റിൽ നിന്ന് അദൃശ്യനാകും.

ഞാൻ പഴയതുപോലെയല്ല. എന്നോടും എന്റെ പങ്കാളിയോടും കുട്ടികളോടും എന്നെ ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്റെ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തുന്നയാളാണ്. ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂർവം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്നെ വീഴ്ത്തിയ പ്രകൃതി തന്നെ വീണ്ടും എന്നെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്ന് കരുതുന്നു. നല്ലൊരു ദിനം ആശംസിക്കുന്നു.’’–അൽഫോൻസ് പുത്രൻ പറഞ്ഞു.