Wednesday 24 July 2019 09:42 AM IST : By സ്വന്തം ലേഖകൻ

‘ആഡംബരജീവിതം ഞാൻ അവസാനിപ്പിച്ചു, ഒരു മാസം ഇരുപതിനായിരം രൂപയിൽ കൂടുതൽ ചെലവാക്കില്ല’! ‘ലോകം മുഴുവൻ തനിക്കെതിരായ’ ആ കാലം ഓർത്തെടുത്ത് അമല പോൾ

amala-paul

തെന്നിന്ത്യയുടെ പ്രിയ നായികയാണ് അമല പോൾ. താരം നായികയായ, നായികാ കേന്ദ്രീകൃത ചിത്രം ‘ആടൈ’ വിജയം നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തിനും സന്തോഷത്തിനുമിടെ തന്റെ ജീവിതത്തിലെ മോശം കാലത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അമല.

ജീവിതം മാറ്റിമറിച്ച ഹിമാലയൻ യാത്രയെക്കുറിച്ചു പറയവെ, വിവാഹമോചനത്തിനു ശേഷം ആകെ തകർന്നെന്നും അതിജീവിക്കാൻ സഹായിച്ചത് യാത്രകളാണെന്നും താരം വ്യക്തമാക്കുന്നു.

‘‘പതിനേഴാം വയസ്സിൽ സിനിമയില്‍ വന്നു. ഒന്നും അറിയില്ലായിരുന്നു. ആരെന്നോ ആരാകണമെന്നോ മറന്നുപോയി. ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോൾ ആകെ തകർന്നു. ലോകം മുഴുവൻ എനിക്കെതിരായി. ഒറ്റപ്പെട്ട പോലെയായപ്പോൾ എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്നു തോന്നി. ധാരാളം വേദനകൾ അനുഭവിച്ച കാലമായിരുന്നു. സംഭവിച്ച എല്ലാത്തിനും ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. 2016ൽ നടത്തിയ ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചത്. ആ യാത്ര ഒരുപാടു ചോദ്യങ്ങൾക്കുള്ള ഉത്തരമായി. ശാരീരികമായും മാനസികമായും ഞാനനുഭവിച്ച എല്ലാ പ്രയാസങ്ങളെയും അവിടെ ഉപേക്ഷിച്ചു. ഇപ്പോൾ എനിക്കറിയാം എന്തുകൊണ്ടാണ് എന്റെ ജീവിതത്തിൽ ഇതെല്ലാം സംഭവിച്ചതെന്ന്’’.– അമല ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘‘ആഡംബരജീവിതം ഞാൻ അവസാനിപ്പിച്ചു. പോണ്ടിച്ചേരിയിലാണ് ഇപ്പോള്‍ താമസം. ഒരു മാസം ഇരുപതിനായിരം രൂപയിൽ കൂടുതൽ ചെലവാക്കില്ല. ബെൻസ് കാർ വിറ്റു. വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ സൈക്കിളിലാണ് പോകുക. യോഗ, സർഫിങ്, വായന എന്നിവയാണ് എന്നെ ജീവിപ്പിക്കുന്നത്. ബ്യൂട്ടി പാർലറുകളിൽ പോകുന്നതും നിർത്തി. ആയുർവേദ ഡയറ്റ് ആണ് പിന്തുടരുന്നത്. എല്ലാ ദിവസവും ബീച്ചിൽ പോകും. ഒരുപാട് സന്തോഷവതിയാണ് ഞാൻ. വിവാഹിതയാകാനും കുഞ്ഞുണ്ടാകാനും ആഗ്രഹമുണ്ട്. ഒരു കുട്ടിയെ ദത്തെടുക്കണം എന്നുമുണ്ട്’’.– അമല വ്യക്തമാക്കുന്നു.