Friday 31 July 2020 10:09 AM IST : By സ്വന്തം ലേഖകൻ

ആഴ്ചയിൽ രണ്ടു ഡയാലിസിസ്, സഹോദരൻ ഒരു വശം തളർന്ന് കിടപ്പില്‍! ദുരിതക്കയത്തിൽ നടി അംബിക റാവു

ambika-roe

ജീവിതം പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് നടിയും സഹസംവിധായകയുമായ അംബിക റാവു. അംബിക ദീർഘ നാളായി കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസിന് വിധേയയാകണം. എന്നാൽ എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരൻ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടർചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് താരം.

സൗഹൃദങ്ങളുടെയും ബന്ധുക്കളുടെയും പിന്തുണയിൽ ആണ് ഇപ്പോൾ ജീവിതം മുന്നോട്ടുപോകുന്നത്. തൃശ്ശൂരെ വീട്ടിൽ ഹോസ്പിറ്റലിൽ പോകുവാനും മറ്റു സഹായങ്ങൾക്കായി സഹോദരൻ അജി ആണ് ഉണ്ടായിരുന്നത്. നിർഭാഗ്യവശാൽ അജിയും സ്‌ട്രോക്ക് വന്ന് ഒരു വശം തളർന്ന് കിടപ്പിലായി. അതിനാൽ ആശുപത്രി ചെലവ് പോലും കണ്ടെത്താനാകാതെ അത്യന്തം പ്രതിസന്ധിയിൽ ആണ് അംബിക.

സംവിധായകരായ ലാൽജോസ്, അനൂപ് കണ്ണൻ, നടന്മാരായ സാദിഖ്, ഇർഷാദ് എന്നിവരുൾപ്പെടുന്ന തൃശൂർ നിന്നുള്ള സൗഹൃദ കൂട്ടായ്മയാണ് അംബികയുടെയും സഹോദരന്റെയും ചികിത്സയ്ക്ക് എല്ലാ സഹായവുമായി മുന്നിൽ ഉളളത്.

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ബേബി മോളുടെ അമ്മയായി മലയാളികൾക്ക് പരിചിതമായ നടിയാണ് അംബിക. മീശ മാധവന്‍, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തൊമ്മനും മക്കളും, സാൾട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകളിൽ സഹസംവിധായികയായും പ്രവർത്തിച്ചു.