Friday 27 August 2021 10:52 AM IST : By സ്വന്തം ലേഖകൻ

‘എന്റെ നൗഷുമോൻ യാത്രയായി, ഷീബയുടെ അടുത്തേക്ക്...’: തീരാനോവായി കുടുംബം: ആദരാഞ്ജലികളുമായി സിനിമാ ലോകവും

sheeba-naushad

മലയാളിയെ കൊതിപ്പിച്ച കൈപ്പുണ്യമാണ് നൗഷാദ്. പാചകകലയിലും സിനിമയിലും തന്റെതായ അടയാളപ്പെടുത്തലുകൾ അവശേഷിപ്പിച്ചാണ് അദ്ദേഹം മടങ്ങുന്നത്. എന്നാൽ അകാലത്തിലുള്ള നൗഷാദിന്റെ വിയോഗം പ്രിയപ്പെട്ടവരിൽ സൃഷ്ടിക്കുന്ന നടുക്കം ചെറുതല്ല.

പലവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്ന നൗഷാദിനെ നാലാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നൗഷാദ് ഐ.സി.യുവില്‍ ചികിത്സയിലിരിക്കെ, രണ്ടാഴ്ച മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ ഷീബ നൗഷാദ് കാർഡിയാക് അറസ്റ്റിനെത്തുടർന്ന് മരണമടഞ്ഞിരുന്നു. ഭാര്യയുടെ മൃതദേഹം ഐ.സി.യുവില്‍ എത്തിച്ചാണ് നൗഷാദിനെ കാണിച്ചത്. ഒരു മാസത്തിനുള്ളിൽ നൗഷാദും നല്ലപാതിയും മരണത്തിലേക്കു കടന്നു പോയതു വിശ്വസിക്കുവാനാകാതെ തരിച്ചു നിൽക്കുകയാണ് ഉറ്റവർ. പന്ത്രണ്ട് വയസ്സുകാരിയായ നഷ്‌വയാണ് നൗഷാദ് – ഷീബ ദമ്പതികളുടെ മകൾ. അപ്രതീക്ഷിതമായി, അടുത്തടുത്ത നാളുകളിൽ, അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ഈ കുരുന്നിനെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ ഉഴലുകയാണ് ബന്ധുക്കള്‍.

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത പേരാണ് ഷെഫ് നൗഷാദ്. പാചക വിദഗ്ധൻ, ചലച്ചിത്ര നിർമാതാവ് എന്നീ നിലകളിൽ സജീവ സാന്നിധ്യമായിരുന്ന നൗഷാദ്, ചാനലുകളിലെ പാചക പരിപാടികളിലൂടെയാണ് മലയാളികൾക്കിടയിൽ ശ്രദ്ധേയനാകുന്നത്. തുടർന്ന് സിനിമാ രംഗത്തും തന്റെതായ ഇടം നേടാൻ നൗഷാദിനായി. സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമിച്ചായിരുന്നു ചലച്ചിത്ര നിർമാതാവെന്ന നിലയിലുള്ള തുടക്കം.

കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ എന്നീ സൂപ്പർഹിറ്റുകളുൾപ്പടെ, ആറോളം സിനിമകൾ നൗഷാദിന്റെ ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസ് നിർമിച്ചു.

തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽനിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തു. നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി. നൗഷാദ് ദ് ബിഗ് ഷെഫ് എന്ന ശൃംഖലയും പ്രശസ്തമാണ്. ടെലിവിഷൻ പാചക പരിപാടികളിൽ അവതാരകനായിട്ടുണ്ട്.

മമ്മൂട്ടി, ആന്റോ ജോസഫ്, വിനയ് ഫോർട്ട്, ദിലീപ് തുടങ്ങി നിരവധിപേർ അദ്ദേഹത്തെ അനുസ്മരിച്ചു.

‘അത്രയും പ്രിയപ്പെട്ട എന്റെ നൗഷുമോൻ യാത്രയായി..ഷീബയുടെ അടുത്തേയ്ക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു. സ്നേഹിതാ... പ്രിയപ്പെട്ടവൾക്കൊപ്പം അവിടെ വിശ്രമിക്കുക.. പരമകാരുണികനായ അള്ളാഹു ഭൂമിയിൽ നഷ്‌വ മോളെ ചേർത്തു പിടിച്ചു കൊള്ളും.’– ആന്റോ ജോസഫ് കുറിച്ചു.