Tuesday 24 May 2022 02:34 PM IST : By സ്വന്തം ലേഖകൻ

പൊലീസിൽ നിന്നു മോശം അനുഭവം: അർച്ചന കവിയുടെ വെളിപ്പെടുത്തലിൽ ആഭ്യന്തര അന്വേഷണം ?

archana-kavi

പൊലീസിൽ നിന്നു മോശം അനുഭവം നേരിട്ടു എന്ന നടി അർച്ചന കവിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ആഭ്യന്തര അന്വേഷണം തുടങ്ങി കൊച്ചി പൊലീസ് എന്നു റിപ്പോർട്ട്. പോസ്റ്റിൽ അർച്ചന കവി വ്യക്തമാക്കുന്ന സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുണ്ടായ പൊലീസുകാർ ആരെന്നതിലാണ് അന്വേഷണമത്രേ.

കഴിഞ്ഞ ദിവസം രാത്രിയിൽ സ്ത്രീകൾ മാത്രം യാത്ര ചെയ്ത ഓട്ടോ തടഞ്ഞ് കൊച്ചി പൊലീസ് മോശമായി പെരുമാറി എന്ന് അർച്ചന ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ചർച്ചയായിരുന്നു. പൊലീസ് മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും അർച്ചന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

‘ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ നിർത്തി ചോദ്യം ചെയ്തു. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവർ പരുക്കന്‍ ഭാഷയിലാണ് പെരുമാറിയത്. ഞങ്ങൾക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ, എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ, അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്നതാണ്. ഒരു പ്രശ്‌നമുണ്ടാകുമ്പോൾ ഞങ്ങൾ അവരുടെ അടുത്തേക്ക് പോകണമെന്ന് അവർ ആഗ്രഹിക്കുന്നു’.– ഇതായിരുന്നു താരത്തിന്റെ കുറിപ്പ്.