Thursday 21 November 2019 04:03 PM IST : By സ്വന്തം ലേഖകൻ

‘എല്ലാം പറഞ്ഞു കഴിഞ്ഞ് സമ ചോദിക്കും, ഇക്ക ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ പേരെന്താ’ ? രസികൻ അനുഭവം പങ്കുവച്ച് ആസിഫ് അലി

asif-new

ആസിഫ് അലി നായകനാകുന്ന കെട്യോളാണ് എന്റെ മാലാഖ നാളെ തിയറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ പരസ്യപ്രചരണങ്ങളുടെ ഭാഗമായി താരം ഒരു അഭിമുഖത്തിൽ പറഞ്ഞ രസകരമായ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

കെട്ടിയോൾ മാലാഖയാണോ എന്ന അവതാരകയുടെ ചോദ്യത്തിന്, തീർച്ചയായും അതെ എന്നായിരുന്നു ആസിഫിന്റെ മറുപടി. ഈ ടീഷര്‍ട്ട് ഭാര്യ അയണ്‍ ചെയ്തു തന്നതാണ്. ഇടയ്ക്കിടെ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്താറില്ല. സിനിമ ഷൂട്ടിങ്ങിനിടയില്‍ വല്ലപ്പോഴും വിളിക്കുമ്പോള്‍ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞ് സമ ചോദിക്കും, ഇക്ക ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ പേരെന്തായിരുന്നുവെന്ന്. ഇങ്ങനെ ഒരുപാടു തവണ പേരു പറഞ്ഞുകൊടുത്തു. അവസാനം എനിക്കു ദേഷ്യം വന്നുതുടങ്ങി. ഞാനഭിനയിക്കുന്ന സിനിമയുടെ പേരു പോലും ഓര്‍ത്തിരിയ്ക്കാന്‍ നിനക്കു വയ്യേയെന്ന് ചോദിച്ചു. അപ്പോള്‍ അവള്‍ പറയുകയാണ്. അല്ല, കെട്ട്യോളാണ് എന്റെ മാലാഖ എന്ന് ഇക്ക പറയുന്നതു കേള്‍ക്കാന്‍ വേണ്ടിയാണിതെന്ന്’.– ആസിഫ് പറഞ്ഞു.

മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പുതുമുഖതാരം വീണ നന്ദകുമാറാണ് നായിക.