Tuesday 25 February 2020 03:16 PM IST : By സ്വന്തം ലേഖകൻ

‘പാതിരാത്രി ദാ കാത്തു നിൽക്കുന്നു പാലായിലെ വീട്ടിലാണെന്ന് പറഞ്ഞ അമ്മ, അച്ഛൻ, അനിയൻ, നാത്തൂൻ, എന്റെ കുഞ്ഞാമി...’! സർപ്രൈസിൽ ഞെട്ടി അശ്വതി: വിഡിയോ

aswathy-new

മലയാളത്തിന്റെ പ്രിയ അവതാരകയും എഴുത്തുകാരിയുമാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസത്തെ സന്തോഷം താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. ഡ്യൂട്ടി ദിവസം ആയതിനാല്‍ പിറന്നാള്‍ ആഘോഷിക്കാത്തതിന്റെ വിഷമത്തിലായിരുന്നു താനെന്നും പക്ഷേ ജീവിതത്തില്‍ തനിക്ക് ഏറ്റവും വലിയ സര്‍പ്രൈസ് ആയിരുന്നു കഴിഞ്ഞ ദിവസം ബന്ധുക്കള്‍ തന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു.

അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് വായിക്കാം:

പിറന്നാൾ ദിവസം ഷൂട്ട് ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ സങ്കടത്തിലായിരുന്നു. എട്ടു മണിക്ക് തീരും എന്ന് വിചാരിച്ച ഷൂട്ട് നീണ്ട് നീണ്ട് പത്തു മണിയും കടന്നപ്പോൾ ഒരുമിച്ച് ഡിന്നർ കഴിക്കാൻ കെട്ടിയോനും കൊച്ചും നോക്കിയിരിക്കുന്നതോർത്ത് ആകെപ്പാടെ വെപ്രാളം. പത്തരയ്ക്ക് ഷൂട്ട് തീർത്ത് മേക്കപ്പ് പോലും തുടക്കാൻ നിൽക്കാതെ മണീട് നിന്ന് കാക്കനാട് എത്തിയപ്പോൾ സമയം 11.05 .
ഫ്രണ്ടിന്റെ ഫ്ലാറ്റിലാണ്, അവിടെ കയറിയിട്ട് പോകാംന്ന് കെട്ടിയോൻ. ഒരു കേക്ക് കട്ടിങ് ഉറപ്പിച്ച് ചെന്ന് കയറിയത് ജീവിതത്തിൽ കിട്ടിയ ഏറ്റവും നല്ല സർപ്രൈസിലേയ്ക്ക്... പാതി രാത്രി ദാ കാത്തു നിൽക്കുന്നു ഏറ്റവും പ്രിയപ്പെട്ടവർ. അതും പാലായിലെ വീട്ടിലാണെന്ന് അഞ്ചു മിനിറ്റ് മുൻപ് പറഞ്ഞ് ഫോൺ വച്ച അമ്മ,
അച്ഛൻ, അനിയൻ, നാത്തൂൻ, എന്റെ കുഞ്ഞാമി...പക്ഷേ ആ നേരത്ത് എൻട്രി കൊണ്ട് ഏറ്റവും ഞെട്ടിച്ചത് മാത്തുവും ആനന്ദും ആയിരുന്നു.. (സമയം വല്ലാതെ വൈകിയത് കൊണ്ട്‌ എത്താൻ പറ്റാതെ പോയ ദാമു ഉൾപ്പെടെ ഉള്ളവരുടെ ലിസ്റ്റ് വേറെ...)
പ്രിയപ്പെട്ടവർ ഇങ്ങനെ ചേർന്ന് നിൽക്കുമ്പോൾ ജീവിതത്തിന് എന്ത് ഭംഗിയാണ്... ❤️ ‘കൂട്ട്’ എന്നതും ‘കുടുംബം’ എന്നതും എത്ര സുന്ദരമായ വാക്കുകളാണെന്ന് നിങ്ങളെന്നെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നതിന് ഞാൻ എന്ത് പകരം തന്നാലാണ് മതിയാവുക !! ❤️