Tuesday 12 January 2021 03:26 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ ഉൾപ്പെട്ട പുരുഷ സമൂഹം എന്ത്‌ മാത്രം ദുരന്തമാണെന്ന് തോന്നിപ്പോയ 30 മിനിറ്റുകൾ’! എനിക്ക് ചന്ദ്രയെ അറിയാം, ഒരുപാട് ചന്ദ്രമാരെ അറിയാം: കുറിപ്പ്

freedom

മലയാളി ഇരു കയ്യും നീട്ടി ഏറ്റെടുത്തിരിക്കുകയാണ് ആർ.ജെ ഷാൻ സംവിധാനം ചെയ്ത്, അനുപമ പരമേശ്വരൻ നായികയായ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന ഹ്രസ്വചിത്രം. ഇപ്പോഴിതാ, സ്ത്രീമനസ്സിനെക്കുറിച്ച് സംസാരിക്കുന്ന ഈ ജനപ്രിയ ഷോർട് ഫിലിമിനെക്കുറിച്ച് അകുൽ ഗുൽമോഹർ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

അകുൽ ഗുൽമോഹർ എഴുതിയ കുറിപ്പ് –

നിങ്ങൾക്ക് ചന്ദ്രയേ പരിചയമുണ്ടോ ? നിങ്ങൾക്ക് പരിചയമില്ലെങ്കിലും എനിക്ക് ചന്ദ്രയേ അറിയാം. ഒരു ചന്ദ്രയേയല്ല, ഒരുപാട് ചന്ദ്രമാരേ അറിയാം. അതിൽ വളരെ പ്രിയപ്പെട്ടവരുണ്ട്. മഴനനയാൻ, യാത്രപോകാൻ ഇഷ്ടപ്പെടുന്ന, പുസ്തകങ്ങളെയും കാൽപനികതയേയും പ്രണയിക്കുന്ന പെൺകുട്ടികളാണ് അവർ. ആവരുടെ ആ ഭ്രാന്തുകളെ ആസ്വദിക്കാൻ കഴിയണമെങ്കിൽ ഹൃദയവിശാലത കൊണ്ട് നമ്മൾ നിശ്ചയമായും വലിയ മനുഷ്യരായി തീരേണ്ടി വരും. സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്ക് പറക്കാൻ കൊതിക്കുന്ന, അവരുടെ ഇഷ്ടങ്ങൾക്കൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന സ്വപ്നങ്ങളുള്ള, ഇതുപോലെ അനേകം മനുഷ്യജീവിതങ്ങൾ നമുക്ക് ചുറ്റമുണ്ട്.

അവർ വെക്കുന്ന കഞ്ഞിയുടെയും കറിയുടെയും മുതൽ അലക്കിതേച്ചു വെക്കുന്ന അടിവസ്ത്രങ്ങളുടെ വരെ മൂല്യം കണക്കാക്കാതെ അതിനേ പുച്ഛിച്ചു തള്ളുന്ന അണധികാരത്തിന്റെ കരണം പുകയ്ക്കാൻ തോന്നുണ്ട്. ഇതൊക്കെ ഒരു ജോലി ആണോ എന്ന് ചോദിക്കുന്ന, നശിച്ച സാമൂഹിക വ്യവസ്‌ഥയോട് ഒരായിരം തവണ അറപ്പും വെറുപ്പും തോന്നുന്നുണ്ട്. സ്വന്തം കാമുകിയുടെ, ജീവിതപങ്കാളിയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്തിനേറേ ലൈംഗിക താല്പര്യങ്ങൾ പോലും മനസിലാക്കാൻ സാധിക്കാത്ത ഞാൻ ഉൾപ്പെട്ട പുരുഷ സമൂഹം എന്ത്‌ മാത്രം ദുരന്തമാണെന്ന് തോന്നിപോയ 30 മിനിട്ടുകൾ ആയിരുന്നു അത്.