Saturday 14 May 2022 11:27 AM IST : By സ്വന്തം ലേഖകൻ

‘ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യ’: മമ്മൂട്ടിക്ക് ഒരു സല്യൂട്ട്: ഭദ്രന്റെ കുറിപ്പ്

bhadran

മമ്മൂട്ടിയെ നായകനാക്കി അമൽനീദര് സംവിധാനം ചെയ്ത ‘ഭീഷ്മപർവ്വം’വൻ വിജയമാണ് നേടിയത്. മമ്മൂട്ടിയുടെ മൈക്കിള്‍ എന്ന കഥാപാത്രം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ, ചിത്രത്തെയും മമ്മൂട്ടിയുടെ കഥാപാത്രത്തെയും ചിത്രത്തെയും അഭിനന്ദിച്ച് സംവിധായകൻ ഭദ്രൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയം.

ഭദ്രന്റെ കുറിപ്പ് –

ഭീഷമ പർവം ഇന്നലെ ആണ് ആ സിനിമ കാണാൻ കഴിഞ്ഞത്. കുടിപ്പക ആണ് പ്രമേയം. ലോകാരംഭം മുതൽ ലോകാവസാനം വരെ ഈ കുടിപ്പക ആവർത്തിച്ച് കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യ!!

എത്ര തന്മയത്തത്തോടെ അത് അവതരിപ്പിക്കാം എന്നത് ഒരു ഫിലിം മേക്കറുടെ വെല്ലുവിളി ആണ്.

ഫ്രാൻസിസ് ഫോർഡ് കോപ്പോളോയുടെ 'ഗോഡ് ഫാദറി'ന് മുൻപും പിൻപും കുടിപ്പകകളുടെ കഥപറഞ്ഞ സിനിമകൾ ഉണ്ടായി. എന്ത് കൊണ്ട് 'ഗോഡ് ഫാദർ' distinctive ആയി കാലങ്ങളെ അതിജീവിച്ച് നിൽക്കുന്നു.

അവിടെ നിന്ന് ഭീഷമ പർവത്തിലേക്ക് വരുമ്പോൾ, ജിഗിലറി കട്ട്‌സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്മെന്റ്സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്ലാഘനീയമാണ്. ഒറ്റവാക്കിൽ 'മൈക്കിൾ' എന്ന കഥാപാത്രത്തോടൊപ്പം മേക്കിങ് സഞ്ചരിച്ചു എന്ന് പറയാം. മൈക്കിളിന്റെ വെരി പ്രസന്റ്സ്. മൊഴികളിലെ അർഥം ഗ്രഹിച്ച് ഔട്ട്‌സ്പോക്കൺ ആവാതെ, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോൾ മമ്മൂട്ടിക്ക് തള്ളവിരൽ അകത്ത് മടക്കി ഒരു സല്യൂട്ട്.