Friday 03 February 2023 09:35 AM IST : By സ്വന്തം ലേഖകൻ

‘ഇനി ആടു തോമമാര്‍ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ, ചാക്കോ മാഷുമാരുണ്ടാകാതിരിക്കട്ടെ’: വിഡിയോ പങ്കുവച്ച് ഭദ്രന്‍

spadikam

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് മോഹൻലാൽ – ഭദ്രൻ ടീമിന്റെ ‘സ്ഫടികം’. ഫെബ്രുവരി ഒൻപതിന് ചിത്രം റീ റിലീസിങ്ങിനൊരുങ്ങുകയാണ്. ഇപ്പോഴിതാ, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ആടുതോമയെക്കുറിച്ചും ചാക്കോ മാഷിനെക്കുറിച്ചും ഒരു അധ്യാപക സംസാരിക്കുന്നതിന്റെ വിഡിയോ ചിത്രത്തിന്റെ സംവിധായകനായ ഭദ്രന്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ.

‘സ്ഫടികം ഒരു സിനിമയല്ല, അനേകം അധ്യായങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥമാണ്. ആടുതോമ അതിലെ ആദ്യ അധ്യായമാണ്. വരികൾക്കിടയിലൂടെ രക്ഷിതാക്കളും അധ്യാപകരും വായിച്ച് വ്യാഖ്യാനിക്കേണ്ടൊരു അധ്യായം. രണ്ടാമത്തെ അധ്യായം ചാക്കോ മാഷ്.

ഇങ്ങനെ അനേകം അധ്യായങ്ങൾ ചേരുന്നൊരു ബൃഹത് ഗ്രന്ഥമാണ് സ്ഫടികം. ഇനി ആടുതോമമാര്‍ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ, ചാക്കോ മാഷുമാരുണ്ടാകാതിരിക്കട്ടെ, പറയുന്നത് ഒരു ടീച്ചറാണ്. ഞാൻ കൂടി ഭാഗമായൊരു ചടങ്ങിലായിരുന്നു അവരിതു പറഞ്ഞത്.

യാദൃശ്ചികമായി കഴിഞ്ഞ ദിവസം ആ വീഡിയോ എനിക്ക് മൊബൈലിൽ ലഭിച്ചപ്പോൾ ഏറെ അ‍ർത്ഥവത്തായ ആ വരികൾ നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി,

ടീച്ചറെ പ്രണാമം’.– വിഡിയോയ്ക്കൊപ്പം ഭദ്രൻ കുറിച്ചു.