Wednesday 24 July 2019 05:37 PM IST : By സ്വന്തം ലേഖകൻ

‘മേധസ്വിയെന്ന’ പേരിൽ കൺഫ്യൂഷൻ വേണ്ട! കുഞ്ഞിന്റെ പേരു വന്ന വഴി വിശദീകരിച്ച് ദീപൻ; ക്യൂട്ട് ചിത്രം

deepan

കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷം സീരിയൽ താരം ദീപൻ മുരളി കഴിഞ്ഞ ദിവസമാണ് ആരാധകരെ അറിയിച്ചത്. ജൂലൈ 22നാണ് ദീപന്റെ പ്രിയസഖി മായ പെൺകുഞ്ഞിനു ജന്മം നൽകിയത്.

‘‘22 july 2019...11.10pm. അമ്മയുടെ സാന്നിധ്യം പെൺകുഞ്ഞിന്റെ രൂപത്തിൽ ഞങ്ങളിലേക്ക് എത്തി. ഇവളാണ് മേധസ്വി ദീപൻ. നിങ്ങളെ ഈ സന്തോഷ വാർത്ത അറിയിച്ചില്ലെങ്കിൽ ഞങ്ങളുടെ സന്തോഷം പൂര്‍ണമാകില്ല’’–സന്തോഷ വാർത്ത പങ്കുവച്ച് ദീപൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിങ്ങനെ പോകുന്നു.

സന്തോഷ വാർത്തയ്ക്കൊപ്പം കുഞ്ഞിക്കാലുകളുടെ ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ആശംസകൾ പല കോണുകളിൽ നിന്നുമെത്തി. ആശംസകൾക്കൊപ്പം ഏവരുടേയും കണ്ണുടക്കിയത് ദീപന്റെ കുഞ്ഞു മാലാഖയുടെ പേരിലായിരുന്നു. കുഞ്ഞിന്റെ പേരിന്റെ അർഥം ചോദിച്ചും കമന്റുകളെത്തി. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് ദീപൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കുഞ്ഞാവയ്ക്കൊപ്പമുള്ള മനോഹരമായൊരു ചിത്രവും താരം പുറത്തു വിട്ടു.

മേധസ്വി എന്നാൽ സരസ്വതി ദേവിയാണെന്നു മറ്റൊരു കുറിപ്പിലൂടെ ദീപൻ അറിയിച്ചു. തന്റെ അമ്മയുടെ പേര് സരസ്വതി എന്നായതുകൊണ്ടാണ് മകൾക്ക് ഈ പേരിട്ടതെന്നും വ്യക്തമാക്കി.

മലയാളം സീരിയലുകളിലെ നിറസാന്നിധ്യമായ ദീപൻ, മോഹന്‍ലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥികളിൽ ഒരാളായിരുന്നു. ‘ഇനി ഞങ്ങൾ മൂന്ന്’ എന്ന കുറിപ്പോടെ ഭാര്യയുടെ നിറവയറിൽ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് അച്ഛനാകാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. ബേബി ഷവർ ചിത്രങ്ങളും പങ്കുവച്ചിരുന്നു.

2018 ഏപ്രിലില്‍ 28നാണ് ദീപനും മായയും വിവാഹിതരായത്. 2017 ഡിസംബറിൽ നിശ്ചയിച്ചിരുന്ന വിവാഹം ദീപന്റെ അമ്മയുട‌െ മരണത്തെത്തുടർന്ന് ഏപ്രിലിലേക്കു മാറ്റുകയായിരുന്നു.

പരിണയം, നിറക്കൂട്ട്, ഇവള്‍ യമുന, സ്ത്രീധനം തുടങ്ങിയ സീരിയലിലൂടെ തിളങ്ങുന്ന ടെലിവിഷൻ താരമാണ് ദീപൻ. ബിഗ് സ്‌ക്രീനിലും ദീപൻ മുരളി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സൂരയാടല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. അഭിനയത്തിന് പുറമെ അവതാരകനായും തിളങ്ങുന്ന താരമാണ് ദീപൻ മുരളി.

Tags:
  • Mollywood