Tuesday 11 May 2021 02:18 PM IST : By സ്വന്തം ലേഖകൻ

മമ്മൂട്ടിയുടെ വേഷം മോഹൻലാലിന്, ജഗതിക്ക് വച്ചത് സുരേഷ് ഗോപിക്ക്! മലയാളി പാടിപ്പതിഞ്ഞ ഡെന്നീസ് ജോസഫ് കഥകൾ

dennis-story

മലയാളത്തിന്റെ മഹാനടൻമാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമാ ജീവിതത്തിന്റെ ചരിത്രമെഴുതുമ്പോൾ അതിൽ ഒരു പ്രധാന ഭാഗം ഡെന്നീസ് ജോസഫ് എന്ന പേരിലായിരിക്കും. മോഹൻലാലിനെ സൂപ്പർതാരമാക്കിയ രാജാവിന്റെ മകനും മമ്മൂട്ടിയുടെ താരപദവി വീണ്ടെടുത്ത ന്യൂ ഡെൽഹിയും ഡെന്നീസ് ജോസഫ് എന്ന തിരക്കഥാകൃത്തിന്റെയും വിജയമായിരുന്നു. ഡെന്നീസ് എഴുതിത്തയാറാക്കിയ പൂർണതയുള്ള കഥാപാത്രങ്ങളാണ് ഇരുവരുടെയും കരിയറിൽ എക്കാലവും ഓർമിക്കപ്പെടുന്ന വേഷങ്ങളിൽ പ്രധാനമെന്നതും മറക്കാവുന്നതല്ല. മമ്മൂട്ടിക്കൊപ്പമുള്ള സംഘം, നായർ സാബ്, കോട്ടയം കുഞ്ഞച്ചൻ, നിറക്കൂട്ട്, തുടങ്ങി തസ്കര വീരൻ വരെയുള്ള വലിയ ഹിറ്റുകളൊരുക്കിയ ഡെന്നീസ് മോഹൻലാലിനു വേണ്ടി വഴിയോരക്കാഴ്ചകളും, ഇന്ദ്രജാലവും, നമ്പർ ട്വന്റി മദ്രാസ് മെയിലും ഭൂമിയിലെ രാജാക്കൻമാരുമൊക്കെ സൃഷ്ടിച്ചു. രാജാവിന്റെ മകനിലും മനു അങ്കിളിലും വഴിയോരക്കാഴ്ചകളിലും ഭൂമിയിലെ രാജാക്കൻമാരിലുമൊക്കെ കരിയറിന്റെ തുടക്കത്തിൽ സുരേഷ് ഗോപിക്കും ശ്രദ്ധേയ വേഷങ്ങൾ നൽകിയതും ഡെന്നീസാണ്.

എന്നാൽ രാജാവിന്റെ മകനിലെ അധോലാക നായകനായ വിൻസന്റ ് ഗോമസിനെ മമ്മൂട്ടിക്കു വേണ്ടി തയാറാക്കിയതാണെന്നും മമ്മൂട്ടി പിൻമാറിയപ്പോൾ അത് മോഹൻലാലിലേക്കെത്തുകയായിരുന്നുവെന്നതും മലയാളി പാടിപ്പതിഞ്ഞ കഥയാണ്. മൂന്ന് പതിറ്റാണ്ടു പിന്നിട്ടിട്ടും വിന്‍സെന്റ ് ഗോമസും അദ്ദേഹത്തിന്റെ ഡബിള്‍ ടൂ ഡബിള്‍ ഫൈവ് എന്ന ഫോണ്‍ നമ്പറും മലയാളി മറക്കാത്തതിനു കാരണം തിരക്കഥയും സംവിധാനമികവും മോഹന്‍ലാലുമാണ്. മമ്മൂട്ടിയെ മുന്നിൽ കണ്ടാണ് സിനിമ എഴുതിയത്. പക്ഷേ, ചില കാരണങ്ങളാൽ മമ്മൂട്ടിക്ക് സിനിമയില്‍ സഹകരിക്കാനായില്ല. അങ്ങനെയായിരുന്നു സിനിമ മോഹന്‍ലാലിലേക്ക് എത്തിയത്. കഥ കേള്‍ക്കേണ്ട. താന്‍ റെഡിയാണെന്നായിരുന്നു സമീപിച്ചപ്പോൾ മോഹൻലാലിന്റെ മറുപടി.

അതേ പോലെ ജഗതി ശ്രീകുമാറിനു വച്ച വേഷം സുരേഷ്‌ ഗോപിക്ക് നല്‍കിയ കഥയും ഡെന്നീസ് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി നായകനായ മനു അങ്കിളില്‍ സുരേഷ്‌ഗോപി അഭിനയിച്ച മിന്നല്‍ പ്രതാപൻ എന്ന രസികനായ പോലീസുകാരനെ ജഗതിക്കായിരുന്നു എഴുതിയത്. ജഗതിക്ക് ഡേറ്റിന്റെ പ്രശ്നം വന്നപ്പോൾ അത് സുരേഷ്‌ ഗോപിയിലേക്ക് എത്തുകയായിരുന്നു.

കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലായിരുന്നു സിനിമയുടെ ക്‌ളൈമാക്‌സ് ചിത്രീകരണം. ഷൂട്ടിങ്ങിനിടയില്‍ സുരേഷ് ഗോപി സെറ്റിലെത്തി. വീട് കൊല്ലത്തായതിനാല്‍ ഡെന്നീസ് ജോസഫിനെയും ജോയ്‌ തോമസിനെയും മറ്റു സഹപ്രവര്‍ത്തകരെയും ഊണ് കഴിക്കാന്‍ വീട്ടിലേക്ക് ക്ഷണിക്കാന്‍ വന്നതായിരുന്നു. ജഗതി വന്നിട്ടുമില്ല. തുടര്‍ന്ന് വേറെ വര്‍ക്കുകളും തിരക്കുകളും ഇല്ലെങ്കില്‍ മിന്നല്‍ പ്രതാപനെ അവതരിപ്പിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചു. സുരേഷ് ഗോപി അപ്പോള്‍ തന്നെ സമ്മതിച്ചു. ജഗതിയ്ക്ക് വേണ്ടി മാറ്റി വച്ച പൊലീസ് യൂണിഫോമെടുത്ത് സുരേഷ് ഗോപിക്കു നല്‍കി. ഉടൻ ഷൂട്ടിങ്ങും തുടങ്ങി.