Tuesday 04 August 2020 01:07 PM IST

ഇത് ധന്യയുടെ ‘ലേഡി ലാലേട്ടൻ’! ലാലേട്ടൻ പോസിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു പിന്നിലെ രഹസ്യം

V.G. Nakul

Sub- Editor

dhanya-1

കഴിഞ്ഞ ദിവസം ധന്യ മേരി വർഗീസ് ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തു. ‘കായംകുളം കൊച്ചുണ്ണി’യിൽ മോഹൻലാലിന്റെ ഒരുകാലിൽ നിന്നുകൊണ്ടുള്ള പോസ് റീക്രീയേറ്റ് ചെയ്തുള്ള തകർപ്പൻ പോസ്. ധന്യയുടെ ‘ലാലേട്ടൻ സ്റ്റൈൽ’ ചുരുങ്ങിയ സമയത്തിനിടെ സോഷ്യൽ മീഡിയയുടെ മനം കവർന്നു. ഒരുപടി കൂടി കടന്ന് ചിലർ ‘ലേഡി ലാലേട്ടൻ’ എന്ന വിശേഷണവും നൽകിയതോടെ സംഭവം വൈറലായി.

പെട്ടെന്നെന്താ ഒരു ലാലേട്ടൻ ഹാങ് ഓവർ എന്ന ചോദ്യത്തിന് ധന്യയുടെ മറുപടി ഇങ്ങനെ: ‘‘സോഷ്യൽ മീഡിയയിലെ ഒരു ഹാഷ്ടാഗ് ചലഞ്ചിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത ചിത്രമാണ് അത്. ചലഞ്ചിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഷെയർ ചെയ്യണം എന്നായിരുന്നു. ജോണിന്റെ ഐഡിയയാണ് ഈ പടം മതി എന്നത്. സത്യത്തിൽ പടം പോസ്റ്റ് ചെയ്ത് കഴിഞ്ഞു വന്ന കമന്റുകളിൽ നിന്നാണ് കായംകുളം കൊച്ചുണ്ണിയിലെ ലാലേട്ടന്റെ സ്റ്റൈലുമായി ചിത്രത്തിന് സാമ്യമുണ്ടല്ലോ എന്ന് ഞങ്ങൾ ചിന്തിച്ചത്’’. –

‘ലേഡി ലാലേട്ടൻ’ ചിത്രത്തിനു പിന്നിലെ കഥ ധന്യ ‘വനിത ഓൺലൈനോ’ട് പറഞ്ഞു തുടങ്ങിയതിങ്ങനെ.

‘‘പണ്ടു മുതൽ യോഗ ചെയ്യാറുണ്ട്. കോളജിൽ പഠിക്കുമ്പോൾ യോഗ ചാമ്പ്യനായിരുന്നു. അതിന്റെയും നൃത്തം ചെയ്യുന്നതിന്റെയുമൊക്കെ വഴക്കം ശരീരത്തിനുണ്ട്. അതാണ് ഫോട്ടോയിൽ കാണുന്നത്. ചിത്രം കണ്ട് എല്ലാവരും അഭിനന്ദിച്ചു. പോസിറ്റീവ് കമന്റുകളാണ് കൂടുതൽ. അത് വലിയ ഊർ‌ജം തരുന്നുണ്ട്’’. – ധന്യ പറയുന്നു.

dhanya-3

വീണ്ടും വർക്കൗട്ട്

കോളജ് വിട്ട ശേഷം യോഗ മുടങ്ങിയിരുന്നു. ഇപ്പോൾ വീണ്ടും തുടങ്ങി. അടുത്തിടെ വീട്ടിൽ തന്നെ സജീവമായി വർക്കൗട്ട് തുടങ്ങിയ സമയത്ത് ജോണ്‍ പറഞ്ഞിട്ടാണ് ഈ ലുക്കിൽ പോസ് ചെയ്തത്. എന്റെ ഫോട്ടോ വന്ന ശേഷം കുറേ പേർ ആ രീതിയിൽ ചിത്രമെടുത്ത് ഞങ്ങളുടെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിട്ടുണ്ട്.

dhanya-4

ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും വർക്കൗട്ട് സജീവമാക്കിയത്. എക്കാലവും ഇത്തരം ഇടവേളകൾ വന്നിട്ടുണ്ട്. ഒരു ദിവസം രാവിലെ വർക്കൗട്ട് ചെയ്തില്ലെങ്കിൽ പിന്നീട് മടിയാകും. വീണ്ടും തുടങ്ങാൻ പാടാണ്.

dhanya-5

ലോക്ക് ഡൗൺ ലൈഫ്

ലോക്ക് ഡൗൺ സമയത്ത് എന്റെ നാടായ കൂത്താട്ടുകുളത്തായിരുന്നു. മോൻ അവിടെയാണ്. നാട്ടിൽ ചെന്നപ്പോൾ വർക്കൗട്ട് മുടങ്ങി. നന്നായി ഭക്ഷണമൊക്കെ കഴിച്ച് ഒരു വെക്കേഷൻ മൂഡിലായിരുന്നു മൂന്നു മാസം. അപ്പോൾ ഇച്ചിരി തടി കൂടി. അങ്ങനെയാണ് ഷൂട്ടിങ് വീണ്ടും തുടങ്ങിയപ്പോൾ വർക്കൗട്ടും സജീവമാക്കിയത്. എനിക്ക് പണ്ടു മുതൽ ശരീര ഭാരത്തില്‍ വലിയ വ്യത്യാസം വരാറില്ല. അത് വലിയ ഭാഗ്യമാണ്.

dhanya-2

നൃത്തം വീണ്ടും

പണ്ടു മുതൽ ഞാൻ ജിം വർക്കൗട്ടിൽ അത്ര ശ്രദ്ധിക്കാറില്ല. പക്ഷേ ലോക്ക് ഡൗണിന് മുമ്പ് പോയിത്തുടങ്ങിയിരുന്നു. ഇപ്പോൾ അത് പറ്റാത്തതിനാൽ വീട്ടിൽ തന്നെയാണ് ചെയ്യുന്നത്. യോഗയും സ്ട്രച്ചിങ് എക്സർസൈസുകളുമാണ് കൂടുതൽ. യൂ ട്യൂബിൽ നോക്കിയും ട്രെയിനേഴ്സ് പറയുന്നതനുസരിച്ചും മാറി മാറി പലതും ട്രൈ ചെയ്യാറുണ്ട്. ഇപ്പോൾ ജോണിനൊപ്പം ഡാൻസ് പ്രാക്ടീസും തുടങ്ങിയിട്ടുണ്ട്.