Monday 29 June 2020 03:24 PM IST : By സ്വന്തം ലേഖകൻ

പ്രതികൾ വിളിച്ചു, ഷംനയുടെയും മിയയുടെയും നമ്പറുകളാണ് ആവശ്യപ്പെട്ടത്! ധർമജൻ ബോൾഗാട്ടി മൊഴി നൽകി

dharmajan

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളിച്ചെന്ന് നടൻ ധർമജൻ ബോൾഗാട്ടി. ഷംനയുടെയും മിയയുടെയും നമ്പറുകളാണ് പ്രതികൾ ആവശ്യപ്പെട്ടതെന്നും പ്രൊഡക്ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും കൊച്ചി കമ്മിഷണർ ഓഫിസിൽ മൊഴിനൽകിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘അഷ്കര്‍ അലി എന്നു പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കണക്കുകളും പറഞ്ഞു. ലോക്ഡൗൺ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് വിളിച്ചിട്ടില്ല’. – ധർമജൻ പറഞ്ഞു.

പ്രൊഡക്ഷൻ കണ്‍ട്രോളർ എന്തുകൊണ്ടാണ് തന്റെ നമ്പർ കൊടുത്തതെന്ന് അറിയില്ല. ഇക്കാര്യം ചോദിക്കും. അദ്ദേഹത്തോട് പിണക്കമില്ലെന്നും ധർമജൻ പറഞ്ഞു. ധർമജന്റെ ഫോൺ നമ്പർ പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.