Saturday 10 April 2021 12:26 PM IST : By സ്വന്തം ലേഖകൻ

‘എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ പോയി പിന്തുണയ്ക്കണോ’: അച്ഛന്റെ രാഷ്ട്രീയത്തിനെ കളിയാക്കുന്നർക്കെതിരെ ദിയ

dia-krishna

സോഷ്യൽ മീഡിയയുടെ സ്നേഹപരിലാളനങ്ങൾ ഒരു പോലെ ഏറ്റവാങ്ങിയ കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. കൃഷ്ണ കുമാറും മകൾ അഹാനയും തുടങ്ങി കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയക്ക് പ്രിയപ്പെട്ടവരാണ്. ഇരുവരേയും പോലെ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയും ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മിന്നുംതാരമാണ്. എന്നാൽ അടുത്തിടെ കൃഷ്ണ കുമാറിന്റെ നിയമസഭ തെര‍ഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം മുൻനിർത്തി വലിയ ആക്രമണമാണ് ആ കുടുംബത്തിനെതിരെ നടത്തുന്നത്. പരിഹാസം കലർന്ന ട്രോളുകളും അശ്ലീലങ്ങളും വരെ അക്കൂട്ടത്തിലുണ്ട്. തനിക്കു നേരെ വന്ന അത്തരം ആക്രമണങ്ങൾക്കെതിരെ കുറിക്കു കൊള്ളുന്ന മറുപടി നൽകുകയാണ് ദിയ കൃഷ്ണ.

ഇന്‍സ്റ്റാഗ്രാമില്‍ എട്ടു ലക്ഷത്തോളം ഫോളേവേഴ്‌സുള്ള ദിയ ഇൻഫ്ളുവൻസർ മാർക്കറ്റിങ്ങിലും സജീവമാണ്. പണം വാങ്ങി പേജിലൂടെ പ്രൊമോഷനുകളും താൻ നടത്താറുണ്ടെന്ന് ദിയ പറയുന്നു. എന്നാൽ ഇതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങളില്‍ അച്ഛന്റെ രാഷ്ട്രീയം തിരുകിക്കയറ്റിയതിനെതിരെയാണ് ദിയ സംസാരിക്കുന്നത്.

തനിക്ക് രാഷ്ട്രീയമോ വിധേയത്വമോ ഇല്ല. എന്നാൽ അച്ഛന്റെ രാഷ്ട്രീയ നിലപാടുകൾ ബന്ധപ്പെടുത്തി, തനിക്ക് നേരെ രൂക്ഷമായ അപകീര്‍ത്തിപ്രചരണങ്ങളാണ് നടക്കുന്നതെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ ദിയ പറഞ്ഞു. താന്‍ പണം വാങ്ങിയിട്ട് ഇന്നേവരെ ജോലി ചെയ്യാതെ ഇരുന്നിട്ടില്ലെന്നും ദിയ വിശദീകരിച്ചു.

ദിയയുടെ വാക്കുകൾ ഇങ്ങനെ: ‘ ഇതെന്റെ ജോലിയാണ്. ശമ്പളം വാങ്ങാതെ ആരും ജോലി ചെയ്യുമെന്ന് തോന്നുന്നില്ല. ഞാന്‍ പണം വാങ്ങിയിട്ട് ഇന്നേവരെ ജോലി ചെയ്യാതെ ഇരുന്നിട്ടുമില്ല. എനിക്ക് ഒരു തന്തയേ ഉള്ളൂ. അയാളെ പോലെ പല തന്തമാരുടെ സ്വഭാവം എനിക്കില്ല. എന്നെയും അച്ഛനെയും ചേച്ചിയെയുമൊക്കെ പറയാന്‍ ഇയാള്‍ക്ക് എന്ത് അധികാരം.’– തനിക്കെതിരെ വിമർശനവുമായി വന്ന വ്യക്തിക്കെതിരെ ദിയ പറയുന്നു.

എന്റെ അച്ഛന്റെ രാഷ്ട്രീയത്തെയും പാര്‍ട്ടിയെയും ഇയാള്‍ കളിയാക്കി. എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ എന്റെ അച്ഛന്‍ രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍, എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാന്‍ പോയി പിന്തുണയ്ക്കണോ. സ്വന്തം അച്ഛനെ എന്തിന് പിന്തുണയ്ക്കുന്നു എന്നാണ് പലരുടേയും ചോദ്യം. പിന്നെ ഞാന്‍ നിങ്ങളുടെ തന്തയെ വന്ന് സപ്പോര്‍ട്ട് ചെയ്യണോ? അറിയാന്‍ വയ്യാത്തത് കൊണ്ട് ചോദിക്കുവാണ്. കുടുംബത്തിന്റെ അകത്ത് കയറി കളിക്കേണ്ട ആവശ്യമില്ല. മനസിലായില്ലേ.”– ദിയ പറയുന്നു.