Thursday 03 October 2019 03:31 PM IST : By സ്വന്തം ലേഖകൻ

ആ അച്ഛനും കുട്ടിയും ആരൊക്കെയാണ് ? സോഷ്യൽ മീഡിയയുടെ സംശയത്തിന് ഒടുവിൽ ഉത്തരം കിട്ടി

dq-new

അഭിനയത്തോടൊപ്പം നിർമാണ രംഗത്തേക്കും കടന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ യുവനായകൻ ദുൽഖർ സൽമാൻ. മൂന്ന് ചിത്രങ്ങളാണ് ദുൽഖറിന്റെ നിർമാണത്തിൽ അണിയറയിൽ പുരോഗമിക്കുന്നത്. ‘വേഫെറര്‍ ഫിലിംസ്’ എന്നാണ് ദുൽഖറിന്റെ നിർമാണ കമ്പനിയുടെ പേര്. കമ്പനിയുടെ ലോഗോ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.

അച്ഛന്റെ കൈ പിടിച്ച് നടക്കുന്ന കുട്ടിയാണു വേഫെററിന്റെ ലോഗോ. ലോഗോയിലെ അച്ഛനും കുട്ടിയും മമ്മൂട്ടിയും ദുല്‍ഖറും ആണോ എന്ന തരത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ കമന്റുകൾ വന്നിരുന്നു. ലോഗോയില്‍ ഏറെ പ്രാധാനപ്പെട്ട ഒരാള്‍ക്ക് കടപ്പാടുണ്ട് എന്ന് ദുല്‍ഖര്‍ ഫെയ്സ്ബുക്കിൽ കുറിക്കുകയും ചെയ്തതോടെ അഭ്യൂഹങ്ങളും ശക്തമായി. ഇതോടെ ലോഗോയിലുള്ളതു മമ്മൂട്ടിയും ദുല്‍ഖറും ആണെന്ന് ആരാധകരും ഉറപ്പിച്ചു. അപ്പോഴാണ് ലോഗോയിലുള്ള കുട്ടി ആരെന്നു വ്യക്തമാക്കി ദുല്‍ഖര്‍ രംഗത്തെത്തിയത്.

യഥാര്‍ഥത്തില്‍ ലോഗോയിലുള്ളതു ദുല്‍ഖറും മകള്‍ മറിയവുമാണ്. ഇന്‍സ്റ്റഗ്രാമില്‍ ലോഗോ ഷെയര്‍ ചെയ്തപ്പോള്‍ ‘ഗോട്ട് മേരി ഇന്‍ ദി ലോഗോ’ എന്നൊരു ഹാഷ് ടാഗ് ദുല്‍ഖര്‍ ചേര്‍ത്തിട്ടുണ്ട്. ഇതോടെ സംശയവും ചർച്ചകളും അവസാനിച്ചു.

ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനാവുന്ന ‘കുറുപ്പ്’, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണു വേഫെറര്‍ ഫിലിംസ് പ്രഖ്യാപിച്ച ചിത്രങ്ങൾ.