Saturday 20 June 2020 12:52 PM IST : By സ്വന്തം ലേഖകൻ

‘ആ കുടുംബം ആടിയുലയുന്നത് കണ്ട് ഞാൻ പരിഭ്രമിച്ചിട്ടുണ്ട്’! തിരിച്ചു വരാൻ കഴിയുമോ എന്നു സംശയിച്ച ഭ്രാന്തമായ മാനസികാവസ്ഥയിൽ നിന്ന് സുരേഷ് ചിറകടിച്ചുയർന്നു: കുറിപ്പ്

suresh-gopi

മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപിയെക്കുറിച്ച് ഗായകൻ ജി.വേണുഗോപാൽ എഴുതിയ കുറിപ്പ് വൈറൽ.

‘ഒരിക്കൽപ്പോലും സുരേഷ് കള്ളം പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. ഒരിക്കൽപ്പോലും തന്നെ കഠിനമായി നോവിപ്പിച്ചവരെ തിരിച്ച് ഉപദ്രവിക്കണമെന്ന് ചിന്തിച്ചതായിപ്പോലും അറിഞ്ഞിട്ടില്ല. തന്റെ അതികഠിനമായ മനോവ്യഥയിലും പ്രയാസങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ടവരേയും ഇല്ലാത്തവരേയും കൂടെ ചേർത്ത് പിടിച്ച ഓർമ്മകളെ എനിക്കുളളൂ’.– അദ്ദേഹം കുറിച്ചു.

ജി. വേണുഗോപാലിന്റെ കുറിപ്പ് –

സുരേഷ് ഗോപി.ഈ സൗഹൃദം സിനിമയല്ല, രാഷ്ട്രീയവുമല്ല!

മുപ്പത്തിനാല് വർഷത്തെ പരിചയം. ഞങ്ങൾ തമ്മിലുള്ള വ്യത്യാസം ഒരു ഷോ കാർഡ് മാത്രം. നവോദയയുടെ " ഒന്നു മുതൽ പൂജ്യം വരെ " യുടെ ടൈറ്റിൽസിൽ " ഞങ്ങൾ അവതരിപ്പിക്കുന്ന പുതു ഗായകൻ ജി.വേണുഗോപാൽ'' കഴിഞ്ഞ അടുത്ത ഷോ കാർഡ് പുതുമുഖ നടൻ സുരേഷ് ഗോപിയുടേതാണ്.ഒരു പ്രാവശ്യം പോലും ഇക്കാണുന്ന വ്യക്തിത്വത്തിന് പിന്നിൽ ഒരു dual person ഉണ്ടോ എന്ന് തോന്നിക്കാത്ത പെരുമാറ്റം. സംസാരം ചിലപ്പോൾ ദേഷ്യത്തിലാകാം. ചിലപ്പോൾ സഭ്യതയുടെ അതിർവരമ്പുകൾ കീറി മുറിച്ചു കൊണ്ടാകാം. ചിലപ്പോൾ outright അസംബന്ധമാണോ എന്നും തോന്നിപ്പിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കൽപ്പോലും സുരേഷ് കള്ളം പറഞ്ഞ് ഞാൻ കേട്ടിട്ടില്ല. ഒരിക്കൽപ്പോലും തന്നെ കഠിനമായി നോവിപ്പിച്ചവരെ തിരിച്ച് ഉപദ്രവിക്കണമെന്ന് ചിന്തിച്ചതായിപ്പോലും അറിഞ്ഞിട്ടില്ല. തൻ്റെ അതികഠിനമായ മനോവ്യഥയിലും പ്രയാസങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ടവരേയും ഇല്ലാത്തവരേയും കൂടെ ചേർത്ത് പിടിച്ച ഓർമ്മകളെ എനിക്കുളളൂ.

സുരേഷിൻ്റെ ഏതാണ്ടെല്ലാ പ്രതിസന്ധി ഘട്ടങ്ങളും ആ വ്യക്തിത്വത്തിലേക്ക് കൂടുതൽ വെളിച്ചം ചൊരിയുന്നവയുമായിരുന്നു. ഒരു വയസ്സുള്ള ലക്ഷ്മിമോളുടെ ദാരുണമായ അന്ത്യം ആ കുടുംബത്തിനെ ദു:ഖത്തിൻ്റെ തീരാക്കയത്തിലേക്കാണ് തള്ളിവിട്ടത്. ഇനി തിരിച്ച് വരാൻ കഴിയുമോ എന്ന് സംശയിച്ച് പോയ ഭ്രാന്തമായ മാനസികാവസ്ഥയിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോൽ സുരേഷ് ചിറകടിച്ചുയർന്നു. സിനിമാരംഗത്ത് തൻ്റെ കൂടി കാർമ്മികത്വത്തിൽ ഉണ്ടാക്കിയ പ്രസ്ഥാനം അതിൻ്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ നിന്നെല്ലാം അകലുമ്പോൾ, ആരെക്കുറിച്ചും ഒരു കുത്ത് വാക്ക് പോലുമുരിയാടാതെ നിശ്ശബ്ദനായി അതിൽ നിന്നകന്നു. ദൈവത്തെപ്പോലെ കരുതുന്ന സിനിമയിലെ മഹാരഥന്മാർ അധിക്ഷേപിച്ചപ്പോൾ നീറിപ്പുകയുന്നത് കണ്ടിട്ടുണ്ട്. ഓഹരി വയ്ക്കുന്ന ആ സിനിമാ ശൈലിയെ ഒരിക്കലും സുരേഷ് പുണർന്നിട്ടില്ല. സിനിമയുടെ മാരകമായ ഗോസിപ്പ് കോളങ്ങളും വിഷം തുപ്പുന്ന നികൃഷ്ടജീവികളും സുരേഷിനെ സിനിമയുടെ വിസ്മൃതിവൃത്തത്തിലേക്ക് തള്ളാൻ ശ്രമിക്കുമ്പോൾ ഒരു കപ്പൽച്ചേതത്തിലെന്നപോലെ ആ കുടുംബം ആടിയുലയുന്നത് കണ്ട് ഞാൻ പരിഭ്രമിച്ചിട്ടുണ്ട്. അന്ധ ബോധത്തിൻ്റെ ഉറക്കറയായും, സ്വന്താവകാശത്തുറുങ്കറയായും കണ്ടതിനെയൊക്കെ സുരേഷ് പിന്തള്ളി. താൻ ഒരു കാലത്ത് വിശ്വസിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഇത്തിരിപ്പോലം വരുന്ന ചെക്കന്മാർ തൻ്റെ വീട്ടിലേക്കൊരു പന്തം കൊളുത്തി പ്രകടനം നടത്തി, വീടൊരു കാരാഗ്രഹമാക്കി മാറ്റിയപ്പോൾ നീറിപ്പുകയുന്ന അഗ്നിപർവ്വതമാകുന്ന മനസ്സിൽ സുരേഷ് ചില തീരുമാനങ്ങളെല്ലാമെടുത്തിരുന്നു. നിയന്ത്രിത സ്ഫോടനങ്ങളായി അതടുത്ത ദിവസത്തെ മീഡിയയിൽ നിറഞ്ഞു വന്നു.

സുരേഷിനെ ബഹുമാനിക്കാനും സ്വീകരിക്കാനും ഒരു രാഷ്ട്രീയ പ്രസ്ഥാനമുണ്ടായി. അവരുടെ കേന്ദ്രത്തിലെ തലമൂത്ത നേതാവ് തന്നെ നേരിട്ട് സുരേഷിനെ വിളിപ്പിച്ച് കേരള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ പറയുകയായിരുന്നു. അന്നും ഞാൻ എൻ്റെ സ്ഥായിയായ സംശയങ്ങൾ ഉന്നയിച്ചു. "ഇത് വേണോ സുരേഷേ? രാഷ്ട്രീയം പറ്റുമോ? " സുരേഷിൻ്റെ മറുപടി രസകരമായിരുന്നു. രാഷ്ട്രീയത്തിൽ നമ്മുടെ പ്രതിയോഗികളെ നേരിട്ട് കാണാം, അറിയാം. തുറസ്സായ യുദ്ധമാണ്. സിനിമയിൽ എതിരാളികളെ തിരിച്ചറിയാൻ സാധിക്കില്ല. മുന്നിലുള്ളതിലേറെ കുത്തുകൾ പിന്നിലാ കിട്ടുക " . സ്ഥാനമാനങ്ങൾക്ക് വേണ്ടിയായിരുന്നില്ല സുരേഷിൻ്റെ നിലനിൽപ്പുകളൊന്നും. തിരുവനന്തപുരം പാർലമെൻ്റ് തെരഞ്ഞെടുപ്പിന് നിൽക്കാൻ തയ്യാറായിക്കോളൂ എന്ന് പറഞ്ഞ സീനിയർ കേന്ദ്ര നേതാവിനോട് "ഇല്ല സർ, ഓ. രാജഗോപാൽ കഴിഞ്ഞ് മതി മറ്റ് പരിഗണനകൾ " എന്ന് പറഞ്ഞത് എനിക്കറിയാം. പാർട്ടിയുടെ കേരള അദ്ധ്യക്ഷ സ്ഥാനം കൈക്കുമ്പിളിൽ വച്ച് നീട്ടിയപ്പോൾ ഒരു കായികാഭ്യാസിയുടെ മെയ് വഴക്കത്തോടെ ഒഴിഞ്ഞ് മാറുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഈയൊരു ഇരുണ്ട കാലത്ത് രാവെന്നും പകലെന്നുമില്ലാതെ ഇന്ത്യയ്ക്കകത്തും പുറത്തും ഒറ്റപ്പെട്ടു പോയവരെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിൽ മാത്രം വ്യാപൃതനായിരിക്കുന്ന ഒരു സാമൂഹ്യ പ്രവർത്തകനെയാണ് ഞാനിപ്പോൾ സുരേഷിൽ കാണുന്നത്. ഈ വിഷമസന്ധിയിൽ എല്ലാ പാർട്ടിയിലുള്ളവർക്കും സുരേഷിനെ ആവശ്യമുണ്ട്. എല്ലാവരുടെയും കൂടെ സുരേഷുണ്ട്. ജീവൻ രക്ഷാ മരുന്നുകളെത്തിക്കാൻ, രോഗികളായ വിദേശങ്ങളിലെ ഇന്ത്യൻ പൗരരെ പ്രത്യേക പരിഗണനയിൽ നാട്ടിലെത്തിക്കുവാൻ, വിസ കാലാവധിയും റെസിഡൻറ് പെർമിറ്റും അവസാനിച്ച വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളേയും ഇന്ത്യൻ പൗരന്മാരേയും ഹൈക്കമ്മീഷൻ മുഖേന സഹായിക്കുകയും നാട്ടിലെത്തിക്കുകയും ചെയ്യുക, അങ്ങിനെ നിരവധി നിരവധി കർമ്മ പദ്ധതികളാണ് സുരേഷിൻ്റെ മുൻഗണനയിൽ. രാവിലെ അഞ്ചു മുതൽ രാത്രി പന്ത്രണ്ട് വരെ ടി.വിയില്ല, വായനയില്ല, പരസ്പരം ചെളി വാരിയെറിയുന്ന രാഷ്ടീയ വിനോദമില്ല.

മുപ്പത്തിനാല് വർഷത്തെ സൗഹൃദത്തിൻ്റെ ബാക്കിപത്രമാണെൻ്റെയീ എഴുത്ത്. ഈ പോസ്റ്റ് കണ്ടെനിക്ക് ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ കൊടിയോ നിറമോ ആരും നൽകേണ്ടതില്ല. വോട്ടവകാശം കിട്ടി ഒരു മുതിർന്ന പൗരനായ ശേഷം, മാറി മാറി വരുന്ന ഗവണ്മെൻറുകളുടെയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ ഭാഗമായി പ്രവർത്തിച്ചിട്ടില്ല ഞാൻ ഇന്നിതേവരെ. എല്ലാവരുടെയും മനുഷ്യസ്നേഹവും, കരുണയും മുൻനിർത്തിയുള്ള സംരംഭങ്ങളിൽ പലതിലും എൻ്റെ സംഗീതത്തേയും ഞാൻ കൂട്ടിയിണക്കിയിട്ടുണ്ട്. ഇത്ര നാൾ സിനിമാ / സംഗീത മേഘലകളിൽ പ്രവർത്തിച്ച ഒരാൾ എന്ന നിലയ്ക്കും, ഈ നാട്ടിലെ മിക്ക തിരഞ്ഞെടുപ്പുകൾക്കും വോട്ട് ചെയ്ത ഒരാളെന്ന നിലയിലും, ഈ ഒരു വ്യക്തി ഒരു കള്ളനാണയമല്ല എന്ന തിരിച്ചറിവാണ് ഈ എഴുത്തിന് നിദാനം. സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്നത് കൊണ്ട് മറ്റുള്ളവരെ വെറുക്കുന്നുവെന്നർത്ഥമില്ല. " Naivete" ( നൈവിറ്റി) എന്ന വാക്കിന് തത്തുല്ല്യമായ ഒരു മലയാളപദം ഉണ്ടോ എന്നറിയില്ല. ഉള്ളിലുള്ള ഒരു നന്മയുടെ ഹൃത്തടം മറ്റുള്ളവർക്കും കാണും എന്ന ഉറച്ച ധാരണയിൽ മനസ്സിൽ വരുന്നതെന്തും മറയില്ലാതെ ഉറക്കെപ്പറയുന്ന ഒരു ഗുണം ആ പദത്തിൽ അന്തർലീനമാണ് എന്നാണെൻ്റെ വിശ്വാസം. സ്നേഹമാണെങ്കിലും കാലുഷ്യ മാണെങ്കിലും അതിൽ കലർപ്പില്ല. അതെന്തായാലും സിനിമയിൽ കണ്ടിട്ടില്ല. രാഷ്ട്രീയത്തിൽ എനിക്കറിയാവുന്ന വ്യക്തികളിൽ അത് ദർശിക്കാനുമായിട്ടില്ല.

പരസ്പരം വല്ലപ്പോഴും കണ്ട് മുട്ടുമ്പോൾ മുപ്പത്തിനാല് വർഷങ്ങൾ മുൻപത്തെ ചെറുപ്പക്കാരാകാനുള്ള ഏതോ ഒരു മാജിക് ഞങ്ങളുടെ സൗഹൃദത്തിനുണ്ട്. സിനിമയും സംഗീതവും തലയ്ക്ക് പിടിച്ച് ഭ്രാന്തായി നടന്ന രണ്ട് ചെറുപ്പക്കാർ. പരസ്പരം ഒരക്ഷരം പോലുമുരിയാടാതെ മറ്റേയാളുടെ വേദനയും സന്തോഷവും കൃത്യമായി മനസ്സിലാക്കിത്തരുന്നതും ഈ പഴയോർമ്മകളുടെ ശക്തി തന്നെ. "ഓർമ്മ വീട്ടിലേക്കുള്ള വഴിയാണ്. വീട്ടിലേക്കുള്ള വഴി മറന്നു പോയവർ വേരറ്റുപോകുന്നവരാണ്. ശ്വാസം നിലയ്ക്കലല്ല മരണം. ഓർമ്മ മുറിഞ്ഞു പോകലാണ് മരണം." VG