Friday 03 April 2020 02:39 PM IST : By സ്വന്തം ലേഖകൻ

ലൈവായി ഗസൽ ആസ്വദിക്കാം, ആവശ്യപ്പെടുന്ന പാട്ടുകൾ ഓൺ ദ സ്പോട്ടിൽ പാടിത്തരും! ലൈവ് ഗസൽ സന്ധ്യയുമായി അച്ഛനും മകനും

gazal

സംഗീതത്തിന് ഒരു അത്ഭുതസിദ്ധി ഉണ്ട്. എത്ര വലിയ വിഷമങ്ങളിലും പ്രതിസന്ധികളിലും അത് നൽകുന്നൊരു ആശ്വാസവും ഊർജവും മറ്റൊന്നിനും നൽകാനാവില്ല. ലോകമെങ്ങും കോവിഡ് 19 ഭീതി പരത്തുമ്പോൾ അതിനൊരു മറുമരുന്നായി സംഗീതത്തെ മാറ്റി വ്യത്യസ്തരാവുകയാണ് ഈ അച്ഛനും മകനും. ഫെയ്സ്ബുക് ആണ് തിരുവനന്തപുരം സ്വദേശി പദ്മകുമാറിന്റെയും മകൻ ദേവാനന്ദിന്റെയും സ്റ്റേജ്. ഒരാഴ്ചയിലേറെയായി ലോക്ഡൗണിലായിരിക്കുന്ന കോടിക്കണക്കിനാളുകൾ സമയത്തെ കൊല്ലാനും ബോറടി മാറ്റാനും വാർത്തകൾ അറിയാനുമെല്ലാം ഫെയ്സ്ബുക്കിനെയാണ് ആശ്രയിക്കുന്നത്. എങ്കിൽപിന്നെ ഫെയ്സ്ബുക്കിലൂടെ ഒരു ലൈവ് ഗസൽ സന്ധ്യ ആയിക്കൂടെ എന്നാണ് പദ്മകുമാർ ചിന്തിച്ചത്.

എല്ലാ ദിവസവും ഒരു മണിക്കൂർ ഫെയ്സ്ബുക് ലൈവ് ഗസൽ ഷോ. ദിവസവും രാത്രി ഒമ്പത് മണി മുതൽ പദ്മകുമാർ ഗസൽസ് എന്ന ഫെയ്സ്ബുക് പേജിലൂടെ ഇവരെത്തും. അടുത്ത ഒരു മണിക്കൂർ നേരം 'ഒരു പുഷ്പം മാത്രമെൻ, സുറുമയെഴുതിയ മിഴികളെ, ഹോഷ് പാലോം കോ ഖബർ ക്യാ, തും ദേഖാ' തുടങ്ങി ഒരുപിടി മധുരഗാനങ്ങൾ കേൾക്കാം. അതോടൊപ്പം, ലൈവിൽ ഗാനങ്ങൾ ആസ്വദിക്കുന്നവർ ആവശ്യപ്പെടുന്ന പാട്ടുകൾ ഓൺ ദ സ്പോട്ടിൽ ഇവർ പാടിത്തരും.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സംഗീതപ്രേമികളാണ് ഈ അച്ഛന്റെയും മകന്റെയും സംഗീതവിരുന്ന ആസ്വദിക്കുന്നത്. എം.എസ് ബാബുരാജ്, പി ഭാസ്കരൻ, ഗുലാം അലി, മെഹ്ദി ഹസൻ, തുടങ്ങിയവരുടെ പാട്ടുകളിൽ അലിഞ്ഞ് മറ്റെല്ലാം മറക്കാം. പ്രവാസിമലയാളികളുടെ കൂടെ സൗകര്യം കണക്കിലെടുത്ത് ദിവസവും രാത്രി ഒമ്പത് മണിയ്ക്കാണ് മനോഹര ഗസലുകളുമായി ഇവരെത്തുന്നത്. സംഗീതപ്രേമികൾക്കായി ഗസലിന്റെ തേന്മഴ പൊഴിക്കുന്ന പദ്മകുമാർ കഴിഞ്ഞ കഴിഞ്ഞ 30 വർഷങ്ങളായി സംഗീതരംഗത്ത് സജീവസാന്നിധ്യമാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട് ഈ കലാകാരൻ. മകൻ ദേവാനന്ദ് സ്വാതിതിരുനാൾ സംഗീത കോളേജിലെ വിദ്യാർഥിയാണ്.