Wednesday 29 June 2022 09:47 AM IST : By സ്വന്തം ലേഖകൻ

‘ബിനീഷിനെതിരായ കേസിൽ വിധി വരുന്നതു വരെ സസ്പെന്‍ഷൻ പോലും എടുക്കരുതെന്ന നിലപാടിനോടൊപ്പം നിന്ന ആളല്ലേ’: ഇടവേള ബാബുവിന്റെ കത്ത്

idavela-babu

താരസംഘടനയായ ‘അമ്മ’ ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അമ്മ ക്ലബ്ബ് ആണെങ്കിൽ അതിൽ താൻ അംഗമാകാനില്ലെന്നുമുള്ള നടനും എം.എൽ.എയുമായ കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവനയിൽ മറുപടിയുമായി ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു. ക്ലബ്ബ് എന്നത് മോശം വാക്കല്ലെന്നും മനസ്സിൽ പോലും ചിന്തിക്കാത്ത ഒരു അർഥം കണ്ടെത്തി ചീട്ടു കളിക്കുവാനും, മദ്യപിക്കുവാനുമുള്ള വേദിയായി അതിനെ വ്യാഖ്യാനിക്കുന്നത് ജനങ്ങൾക്കിടയിൽ സംഘടനയ്ക്ക്‌ വലിയ അവമതിപ്പ് ഉണ്ടാക്കുമെന്നും ഗണേഷ് കുമാറിന് തുറന്ന കത്തിലൂടെ ഇടവേള ബാബു വിശദീകരണം നല്‍കി.

ഇടവേള ബാബുവിന്റെ കത്ത് :

ബഹുമാനപ്പെട്ട ശ്രീ. കെ. ബി. ഗണേഷ്കുമാർ,

26.06.2022 ൽ നടന്ന " അമ്മ" ജനറൽ ബോഡി മീറ്റിംഗിന് ശേഷം, പത്രസമ്മേളനത്തിൽ, "അമ്മ" ഒരു ക്ലബ്ബ് ആണ് എന്ന് ഞാൻ പറഞ്ഞതിനെ വിമർശിച്ചു കൊണ്ടുള്ള താങ്കളുടെ പ്രസ്താവനകൾ ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഈ കത്ത് എഴുന്നത്.

ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി ഞാൻ കരുതുന്നില്ല. CLUB എന്ന വാക്കിന് " AS ASSOCIATION DEDICATED TO A PARTICULAR INTREST OR ACTIVITY " എന്നാണ് അർത്ഥം. WIKIPEDIDIA യിൽ പറയുന്നത് :- A club is an association of people united by a common interest or goal. A service club, for example, exists for voluntary or charitable activities. There are clubs devoted to hobbies and sports, social activities clubs, political and religious clubs, and so forth. ആ അർത്ഥത്തിൽ അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന ഒരു പ്രസ്ഥാനം എന്ന നിലക്ക് "അമ്മ" ഒരു ക്ലബ്ബ് തന്നെയല്ലേ ? അത്രയേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ. പിന്നെ, ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം ആണ് "അമ്മ" രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്ന് താങ്കൾ തന്നെ പറഞ്ഞുവല്ലോ. ഇവിടുത്തെ എല്ലാ ക്ലബ്ബുകളും രജിസ്റ്റർ ചെയ്തിട്ടുള്ളതും ചാരിറ്റബിൾ സൊസൈറ്റി ആക്റ്റ് പ്രകാരം ആണ് എന്നതും താങ്കൾക്ക് അറിയാമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലാതെ മനസ്സിൽ പോലും ചിന്തിക്കാത്ത ഒരു അർത്ഥം കണ്ടെത്തി ചീട്ടു കളിക്കുവാനും, മദ്യപിക്കുവാനുമുള്ള വേദിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല.

നമ്മുടെ നാട്ടിൽ ഏറ്റവും അധികം ജനങ്ങളെ സഹായിക്കുകയും ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ലയൺസ്‌ ക്ലബ്ബ്, റോട്ടറി ക്ലബ്ബ് തുടങ്ങി ഈ ശ്രേണിയിൽപ്പെട്ട പ്രസ്ഥാനങ്ങളെയും ഒട്ടും വില കുറച്ചല്ലല്ലോ നമ്മൾ കാണുന്നത്. അപ്പൊൾ "അമ്മ" ഒരു ക്ലബ്ബിന്റെ നിലവാരത്തിലേക്ക് താഴരുത് എന്ന് താങ്കൾ പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

അടുത്തത് ശ്രീ.വിജയ്ബാബുവിനെതിരെ നടപടി എടുക്കാത്തതിനെക്കുറിച്ചു കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ നിൽക്കുന്ന ഒരാൾക്കെതിരെ നമ്മൾ എന്ത് നടപടി ആണ് എടുക്കേണ്ടത്. അപ്പോൾ തന്നെ available എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും മാറി നിൽക്കുന്നുവെന്ന അദ്ദേഹത്തിന്റെ കത്ത് അംഗീകരിക്കുകയും ചെയ്തുവെന്നും അറിയാമല്ലോ. നേരത്തെ ED അറസ്റ്റു ചെയ്തു ജയിലിൽ അടച്ച ശ്രീ. ബിനീഷ് കൊടിയേരിക്കെതിരെ കേസിൽ വിധി വരുന്നത് വരെ ഒരു സസ്പെന്ഷൻ പോലും എടുക്കരുതെന്ന് എടുത്ത നിലപാടിനോടൊപ്പം നിന്ന ആളല്ലേ താങ്കളും. പിന്നെ ഇപ്പൊൾ എന്താണ് ഇരട്ട നീതി. ശ്രീ. ജഗതി ശ്രീകുമാറിനെതിരെയും, ശ്രീമതി പ്രിയങ്കക്കെതിരെയും കേസ് വന്നപ്പോഴും താങ്കൾ ഉൾപ്പെട്ടിരുന്ന മുൻകാല കമ്മിറ്റിയും ഇതേ നിലപാടുകൾ തന്നെയല്ലേ എടുത്തതും.

കമ്മിറ്റി അംഗങ്ങക്കെതിരെ ഉന്നയിച്ച ആരോപണം, ആ കാലയളവിൽ താങ്കൾ കൂടെ ആ കമ്മിറ്റിയിൽ ഉണ്ടായിരുന്നതിനാൽ എങ്ങിനെയാണ് പ്രവർത്തിച്ചിരുന്നതെന്നു എന്നേക്കാൾ കൂടുതൽ അറിയുന്ന ആളുതന്നെയാണ് താങ്കൾ. പ്രസിഡന്റ് ശ്രീ മോഹൻലാലിന് നേരിട്ട് അയച്ച കത്തുകൾക്കെല്ലാം അദ്ദേഹം സമയക്കുറവ്കൊണ്ട് ഫോണിൽ വിളിച്ചെങ്കിലും മറുപടികൾ തരാറുണ്ടെന്നാണ് എന്റെ അറിവ്, പ്രത്യേകിച്ചു താങ്കൾക്ക്‌.

കഴിഞ്ഞ 27 വർഷമായി ഈ സംഘടന സൗഹാർദ്ദപരമായും കെട്ടുറപ്പോടും കൂടി മുന്നോട്ടു കൊണ്ടുപോകുവാൻ എന്നും മുന്നിട്ടു നിന്നിരുന്ന താങ്കൾ ഇപ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ജനങ്ങൾക്കിടയിൽ സംഘടനക്ക്‌ വലിയ അവമതിപ്പ് ഉണ്ടാകും എന്ന് ഓർക്കേണ്ടതല്ലേ ?

അത് തിരുത്തുവാൻ വേണ്ടി മാത്രമാണ് ഈ കത്ത് തയ്യാറാക്കുന്നത്.

എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും വീഴ്ച്ചകൾ വന്നുപോയാൽ ഏതുസമയത്തും എന്നെ വിളിച്ചു പറയുവാനും അത് തിരുത്തുവാനും ഏറെ സ്വാതന്ത്ര്യവും അടുപ്പവും നമ്മൾ തമ്മിൽ ഉണ്ടെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ഒരു ഫോൺ കാൾ വഴി വ്യക്തമാക്കാവുന്ന കാര്യങ്ങൾ ഇത്തരത്തിൽ മാധ്യമ വിചാരണ നടത്തേണ്ട ആവശ്യമുണ്ടായിരുന്നോ ? താങ്കൾ വിളിച്ചിട്ടു എപ്പോഴെങ്കിലും ഞാൻ ഫോൺ എടുക്കാതിരിക്കുകയോ തിരിച്ചു വിളിക്കാതെയോ ഇരുന്നിട്ടുണ്ടോ ? ഇപ്പോൾ കമ്മിറ്റിയിൽ ഇല്ലെങ്കിൽ പോലും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപായി ആ വിഷയം താങ്കളുമായി ചർച്ച ചെയ്തിട്ടില്ലെ ? എന്തെങ്കിലും അറിഞ്ഞോ അറിയാതെ തെറ്റ് ചെയ്താൽ മാപ്പു ചോദിക്കുവാനും സന്നദ്ധനായ ഒരു വ്യക്തി കൂടിയാണ് ഞാൻ. ഏതെങ്കിലും തീരുമാനങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ എടുക്കാറുമില്ല എന്നും താങ്കൾക്കു അറിയാമല്ലോ. ആ എന്നെ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കരുതേ എന്ന മാത്രമേ ഇത്തരുണത്തിൽ അപേക്ഷിക്കാനുള്ളൂ.

"അമ്മ"യുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുവാൻ എന്നും താങ്കൾകൂടെ മുന്നിൽ ഉണ്ടാകണം..

ഉണ്ടാവും എന്ന വിശ്വാസവും ഉണ്ട്.

കൂടുതൽ നല്ല ചിന്തകൾക്കൊപ്പം നല്ലതു കേൾക്കുവാനും, നല്ലതു പറയുവാനും,

നല്ലതു കാണുവാനും ഇടനൽകട്ടെ

എന്ന ആഗ്രഹത്തോടെ

സ്നേഹപൂർവ്വം

ഇടവേള ബാബു

ജനറൽ സെക്രട്ടറി