Thursday 07 July 2022 01:29 PM IST : By സ്വന്തം ലേഖകൻ

ബട്ടനുകൾ ഉപയോഗിച്ച് ഇന്ദ്രൻസിന്റെ ചിത്രം: വൈറലായി ശ്രീകാന്തിന്റെ സൃഷ്ടി

indrans

ബട്ടനുകൾ ഉപയോഗിച്ച് നടൻ ഇന്ദ്രൻസിന്റെ ചിത്രമൊരുക്കിയ ശ്രീകാന്ത് എന്ന കലാകാരന് സോഷ്യൽ മീഡിയയുടെ കയ്യടി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശ്രീകാന്ത് 11,500 ലേറെ ബട്ടനുകൾ ഉപയോഗിച്ച് 36 മണിക്കൂർ കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.

ഇന്ദ്രൻസിന് ആദരമർപ്പിച്ചുള്ള കലാസൃഷ്ടി എന്ന ആഗ്രഹം ഏറെ നാളായി ശ്രീകാന്തിന്റെ മനസ്സിലുണ്ടായിരുന്നു. തയ്യൽ തൊഴിലിലൂടെ സിനിമയിലേക്ക് എത്തിയ ഇന്ദ്രൻസിന് അതിന്റെ ഭാഗമായ വസ്തു ഉപയോഗിച്ച് ആദരമർപ്പിക്കുക എന്ന തീരുമാനത്തിലാണ് ഒടുവിൽ എത്തിച്ചേരുകയായിരുന്നു.

നാലടി വീതം നീളവും വീതിയുമുള്ള കാർഡ്ബോഡിൽ ഫ്ലക്സ് ഒട്ടിച്ചാണു കാൻവാസ് തയാറാക്കിയത്. ഇതിൽ ഇന്ദ്രൻസിന്റെ രൂപം സ്കെച്ച് ചെയ്തു. പിന്നീട് ബട്ടനുകൾ ഒട്ടിച്ചു. ആറ് നിറങ്ങളിലുള്ള ബട്ടനുകളാണ് ഉപയോഗിച്ചത്.

ബട്ടനുകൾ കൊണ്ട് ഇന്ദ്രൻസിനെ ഒരുക്കുന്ന വിഡിയോ ശ്രീകാന്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതു വൈറലായി. നിരവധി അഭിനന്ദനങ്ങൾ തേടിയെത്തി. ഇന്ദ്രൻസ് തന്റെ ഫെയ്സ്ബുക്ക് പേജിൽ ഈ വിഡിയോ പങ്കുവച്ചത് ശ്രീകാന്തിന് ഇരട്ടി മധുരമായി.