Friday 09 July 2021 10:36 AM IST : By സ്വന്തം ലേഖകൻ

‘അത്രയും ശ്രദ്ധിച്ച് ജീവിച്ചിട്ടും എനിക്കീ അവസ്ഥയിലൂടെ പോകേണ്ടി വന്നു’! ആശുപത്രിക്കിടക്കയിൽ ‘സ്റ്റാർ സിംഗർ’ ജോബി

joby

‘സ്റ്റാർ സിംഗർ’ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ ഗായകനാണ് ജോബി ജോൺ. തന്റെ ആലാപന മികവിലൂടെ വലിയ ആരാധക പിന്തുണ നേടിയെടുത്ത ജോബി ഇപ്പോഴും സംഗീത രംഗത്ത് സജീവമാണ്.

എന്നാൽ കഴിഞ്ഞ കുറേയേറെ ദിവസങ്ങളായി കോവിഡിന്റെ വിഷമതകളനുഭവിച്ച് ചികിത്സയിലാണ് അദ്ദേഹം. തനിക്കും കുടുംബാംഗങ്ങൾക്കും കോവിഡ് ബാധിച്ചതിനെക്കുറിച്ചും നേരിട്ട പ്രതിസന്ധികളെക്കുറിച്ചും സോഷ്യൽ മീഡിയയിലൂടെ പ്രിയപ്പെട്ടവരെ അറിയിച്ചിരിക്കുകയാണ് ജോബി.

‘‘കോവിഡ് മഹാമാരി ഞങ്ങളെയും കുടുംബമായി പിടിച്ചിരിക്കുകയാണ്. എല്ലാവർക്കും വന്ന് മാറിപ്പോയി. എനിക്കും കഴിഞ്ഞ ഞായറാഴ്ച നെഗറ്റീവ് ആയി. എങ്കിലും അതിന്റെ ലക്ഷണങ്ങളൊക്കെ എനിക്കു മാത്രം വീണ്ടും പ്രത്യക്ഷപ്പെട്ടു. ശ്വാസകോശത്തെ ബാധിച്ചു. ന്യുമോണിയ വന്നു. ശ്വാസതടസമുണ്ടായി. ശ്വാസം മുട്ടൽ കൂടി. അങ്ങനെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു’’.– ജോബി വിഡിയോയിൽ പറയുന്നു.

സ്റ്റാർ സിങ്ങറിനു ശേഷം ഒരു നല്ല പാട്ട് പാടാൻ അവസരം കിട്ടിയില്ല. അതിനു സാധിക്കാതെ, അതിന്റെ വേദനയോടെ പോകേണ്ടി വരുമോ എന്നു പോലും ചിന്തിച്ചതായി ജോബി പറയുന്നു.

‘‘ചിലർക്ക് വന്നു പോകും. ചിലർക്ക് ഭീകരമായ രീതിയിലാണ് കോവിഡ് ബാധിക്കുക. അത്രയും ശ്രദ്ധിച്ച് ജീവിച്ചിട്ടും എനിക്കീ അവസ്ഥയിലൂടെ പോകേണ്ടി വന്നു. വളരെയധികം ബുദ്ധിമുട്ടി. പറഞ്ഞറിയിക്കാനാകില്ല. എന്തായാലും ദൈവം എല്ലാത്തിൽ നിന്നും രക്ഷിക്കുന്നു. ഇപ്പോൾ നല്ല ആശ്വാസമുണ്ട്. എല്ലാവരും പ്രാർഥിക്കണം. എല്ലാം മാറി ഒന്നിച്ച് കാണാനാകട്ടെ’’.– ജോബി ലൈവിൽ പറഞ്ഞു.