Saturday 23 April 2022 02:30 PM IST : By സ്വന്തം ലേഖകൻ

‘എഴുത്തിന്റെ വഴിയിലെങ്ങോ ഞാൻ ചെന്നുപെട്ട ഇടമാണ് സിനിമ’: 10 വർഷത്തെ ഇടവേളയെക്കുറിച്ച് ജോൺ പോൾ പറഞ്ഞത്

john-paul-5

പ്രാർഥനകളും കാത്തിരിപ്പുകളും വെറുതെയായി....കഥ പറഞ്ഞ് കൊതി തീരാതെ ജോണ്‍ പോൾ പോയി...ശ്വാസതടസവും അനുബന്ധ രോഗങ്ങളുമായി കഴിഞ്ഞ രണ്ടു മാസത്തോളമായി ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു അദ്ദേഹം.

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിലൊരാളാണ് ജോൺ പോൾ. എഴുതിയതിലേറെയും മലയാളികൾ എന്നെന്നും ഓർക്കുന്ന, വീണ്ടും വീണ്ടും കാണുന്ന സിനിമകൾ. 71 വയസ്സിൽ ഇതിഹാസ സമാനമായ ആ ജീവിതം അവസാനിക്കുമ്പോൾ ഗ്രന്ഥകാരൻ, നടൻ, നിർമാതാവ് എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം തന്റെ ഇടം അടയാളപ്പെടുത്തിയിരുന്നു.

തിരക്കഥാരചനയിൽ നിന്നു ദീർഘകാലം വിട്ടു നിന്ന അദ്ദേഹം അവസാനമെഴുതിയ സിനിമ ‘പ്രണയമീനുകളുടെ കടൽ’ ആണ്. കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകനായിരുന്നു നായകൻ.

എന്തുകൊണ്ടായിരുന്നു ഈ ഇടവേള വന്നു എന്നതിന് 2019–ൽ ‘മനോരമ ഓൺലൈന്’ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതിങ്ങനെ:

‘‘ഞാൻ സിനിമയിൽ നിന്നല്ല സാംസ്‌കാരിക ജീവിതം തുടങ്ങിയത്. എഴുത്തിന്റെ വഴിയിലെങ്ങോ ഞാൻ ചെന്നുപെട്ട ഇടമാണ് സിനിമ. പേന കയ്യിലെടുത്തതു സിനിമയ്ക്കു വേണ്ടി മാത്രമല്ല. അതുകൊണ്ട് സിനിമ എന്നിൽ നിന്നു മാറിനിന്നപ്പോൾ ഞാൻ ശൂന്യതയിലേക്കല്ല പോയത്. ഒരുപാട് ഗവേഷണങ്ങൾക്കും ഇതരവിഷയങ്ങൾ എഴുതുന്നതിനും ഇക്കാലത്ത് സാധിച്ചു എന്നതു സംതൃപ്തി നൽകുന്നതാണ്. മാധ്യമ വിദ്യാർഥികൾക്കു സിനിമ പറഞ്ഞുകൊടുക്കാൻ സാധിച്ചു. ഒട്ടേറെ യുവസംവിധായകരുടെ സിനിമാ ചർച്ചകൾക്ക് ഊർജമാകാൻ സാധിച്ചു’’.

ഈ വാക്കുകളിലുണ്ട് അദ്ദേഹത്തിന്റെ നിലപാട്. ഈ നിലപാടാണ് അദ്ദേഹത്തെ എക്കാലവും നയിച്ചതും....

നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയിൽ സജീവമായപ്പോൾ രാജിവച്ചു. ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായിരുന്നു. ഗ്യാങ്സ്റ്റർ, കെയർഓഫ് സൈറാബാനു എന്നീ സിനിമകളിൽ അഭിനയിച്ചു.