Tuesday 12 October 2021 11:44 AM IST : By സ്വന്തം ലേഖകൻ

‘ഗുരുവേ എന്ന് സ്നേഹബഹുമാനങ്ങളോടെ വിളിക്കാൻ എനിക്കിനി വേണുവേട്ടൻ ഇല്ല’: ആദരാഞ്ജലികൾ അർപ്പിച്ച് ജോയ് മാത്യു

joy-mathew

മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവിന് ആദരാഞ്ജലികൾ അർപ്പിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.

ജോയ് മാത്യുവിന്റെ കുറിപ്പ് –

‘ഒരു വാതിൽ മെല്ലെ തുറന്നടയുന്ന പോൽ

കരിയില കൊഴിയുന്ന പോലെ
ഒരു മഞ്ഞുകട്ടയലിയുന്ന പോലെത്ര,
ലഘുവായ് ലളിതമായി നീ മറഞ്ഞു-വരികില്ല നീയിരുള്‍ക്കയമായി
നീയെൻ ശവദാഹമാണെൻ മനസ്സിൽ’
ലെനിൻ രാജേന്ദ്രന്റെ ‘വേനലി’ൽ വേണുച്ചേട്ടൻ പാടി അഭിനയിച്ച അയ്യപ്പപ്പണിക്കരുടെ ‘പകലുകൾ രാത്രികൾ’എന്ന കവിത കേരളത്തിലെ കാമ്പസുകളെ ഉഴുതുമറിച്ചകാലം -പൈങ്കിളിപ്പാട്ടുകളെ കടപുഴക്കിയ കവിതക്കാലം -അതായിരുന്നു എന്റെ തലമുറയുടെ കാമ്പസ് കാലം! പരാജിതരാവാത്ത നായകന്മാർ പിറക്കുന്നതിന് മുൻപ് മുൻവിധികളുടെ മുനയൊടിക്കുന്ന നായകനായി മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ സാധാരണക്കാരന്റെ നടൻ - ഒരു വെറും നെടുമുടിക്കാരനെയല്ല നവരസങ്ങളുടെ കൊടുമുടിയാണ് പിന്നീട് പ്രേക്ഷകർ കണ്ടത് - എനിക്കാണെങ്കിൽ
പുസ്തകങ്ങളുടെ ചെങ്ങാതിയായ വേണുവേട്ടൻ, തനത് നാടക പ്രവർത്തകനായ വേണുവേട്ടൻ, കൊട്ടും പാട്ടും അറിയുന്ന അപൂർവ്വനായ ചലച്ചിത്ര നടൻ - ഈ നെടുമുടിക്കാരൻ ആടാത്ത വേഷങ്ങൾ അപൂർവ്വം -
ശൂന്യമായിപ്പോയല്ലോ അരങ്ങ്, അതും ഇത്രപെട്ടെന്ന് ....
എന്നും എന്നെ ചേർത്തുപിടിച്ച ആ സ്നേഹവായ്പ് ഇനിയില്ല -
ഗുരുവേ എന്ന് സ്നേഹബഹുമാനങ്ങളോടെ വിളിക്കാൻ എനിക്കിനി വേണുവേട്ടൻ ഇല്ല
വിട വേണുവേട്ടാ വിട !