Wednesday 27 May 2020 03:16 PM IST : By സ്വന്തം ലേഖകൻ

‘പ്രവാസികൾ ക്വാറന്റീൻ ചെലവുകൾ സ്വയം വഹിക്കണമെന്ന് പറയുന്ന സംസ്ഥാന സർക്കാർ പുനർവിചിന്തനം നടത്തണം’! ജോയ് മാത്യുവിന്റെ കുറിപ്പ്

joy-mathew

കോവിഡ് 19 ന്റെ വ്യാപനത്തെത്തുടർന്ന്, കേരളത്തിലേക്കു മടങ്ങിവരുന്ന പ്രവാസികളുടെ ക്വാറന്റീൻ ചെലവുമായി ബന്ധപ്പെട്ട സർക്കാർ നിലപാടിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. അദ്ദേഹം ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ഇതിനോടകം വൈറൽ ആണ്.

ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം:

മുഖ്യമന്ത്രിയോട്
-----------------
കേരളത്തിന്റെ സമ്പത് വ്യവസ്ഥ ഇന്ന് കാണുന്ന വിധം വികാസനോന്മുഖമാക്കി മാറ്റിയ പ്രവാസി സമൂഹം അന്യരാജ്യങ്ങളിൽ കൊറോണ വൈറസ് രോഗത്താൽ ദിനംപ്രതി മരണപ്പെടുകയാണ് .ജന്മനാട്ടിലേക്കുള്ള അവരുടെ തിരിച്ചുവരവിനെ സജീവമാക്കാൻ കേന്ദ്ര-കേരള ഗവർമെന്റ് സ്വീകരിക്കുന്ന നടപടികൾ പലതും സ്വാഗതാർഹമാണ് .എന്നാൽ കേരളത്തിലേക്ക് വരുന്ന പ്രവാസികൾ അവരുടെ ക്വറന്റൈൻ ചെലവുകൾ സ്വയം വഹിക്കണമെന്ന് പറയുന്ന സംസ്ഥാന സർക്കാർ അക്കാര്യത്തിൽ ഒരു പുനർവിചിന്തനം നടത്തണം .പ്രവാസി സന്നദ്ധസംഘടനയായ കെ എം സി സി യുടെ സഹകരണത്തോടെ ദുബായ് ഗവർമെന്റ് സൗജന്യമായാണ് ക്വാറന്റൈൻ ശുശ്രൂഷകൾ നൽകുന്നത് .
ഇന്നത്തെ അവസ്ഥയിൽ തിരിച്ചുവരുന്ന മുഴുവൻ പ്രവാസികളുടെയും ക്വാറന്റൈൻ ചെലവ്
വഹിക്കുവാൻ ഗവർമ്മെന്റിനു സാധിക്കില്ല എന്നത് ഒരു യാഥാർഥ്യമായിരിക്കാം .
എന്നാൽ ഒരു ന്യായചിന്തയിലൂടെ ഇതിനൊരു പരിഹാരം കാണേണ്ടതല്ലേ ?
പ്രവാസികൾ എന്നത് ഒരു പൊതു വിഭാഗമായി കാണുന്നത് കൊണ്ടുള്ള പ്രശ്നമാണിത് .പ്രവാസികളിൽത്തന്നെ വ്യത്യസ്ത സാമ്പത്തിക വിഭാഗങ്ങളുണ്ട് .
1.ഏറ്റവും താഴെത്തട്ടിലുള്ള തൊഴിലാളികൾ /തൊഴിൽ നഷ്ടപ്പെട്ടവർ /ഇടത്തരം വരുമാനക്കാർ
2.മധ്യവർഗ്ഗ ജീവിതം നയിക്കുന്ന പ്രൊഫഷണലുകൾ
3.ബിസിനസുകാർ/ഉയർന്ന ഉദ്യോഗം വഹിക്കുന്നവർ
ഇവരുടെയൊക്കെ വരുമാനക്കണക്കുകൾ നോർക്കയിൽ ലഭിക്കുമല്ലോ ? അതനുസരിച്ചു ഒന്നാമത് പറഞ്ഞ വിഭാഗമായ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന തൊഴിലാളികളുടെയും തൊഴിൽ നഷ്ടപ്പെട്ടവരുടെയും ക്വറന്റൈൻ ചെലവുകൾ ഗവർമെന്റ് വഹിക്കുകയും സാമ്പത്തികമായി കഴിവുള്ളവരിൽ നിന്നും അവരുടെ ചികിത്സാ ചെലവുകൾ ഈടാക്കുകയും ചെയ്യുന്നത് കുറച്ചുകൂടി മനുഷ്യത്വപരമായിരിക്കുകയില്ലേ ?