Saturday 12 November 2022 01:06 PM IST : By സ്വന്തം ലേഖകൻ

ഇത്രയും മനോഹരമായ സിനിമയിൽ എന്തിനായിരുന്നു ആ രംഗം?; ‘കാന്താര’യിലെ ബോഡി ഷെയ്മിങ്ങിനെ വിമർശിച്ച് മഞ്ജു പത്രോസ്

kanthara44565vnjkkkk

‘കാന്താര’ കണ്ടതിനു ശേഷമുള്ള അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് നടി മഞ്ജു പത്രോസ്. സിനിമ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും എന്നാൽ ഒരു സീന്‍ കണ്ടപ്പോൾ വിഷമം തോന്നിയെന്നും മഞ്ജു കുറിച്ചു. സിനിമയിലെ ഒരു കഥാപാത്രം നേരിടുന്ന ബോഡിഷെയ്മിങ്ങിനെ കുറിച്ചാണ് കുറിപ്പ്. 

മഞ്ജു പത്രോസ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

കാന്താര.. രണ്ടു ദിവസം മുൻപ് പോയി ഞാനും എന്റെ കൂട്ടുകാരിയും കൂടി സിനിമ കണ്ടു. ഇപ്പോഴും സിനിമയുടെ ഒരോ നിമിഷവും ഉള്ളിൽ തങ്ങിനിൽക്കുന്നു... ഒരു drama thriller.. Rishab Shetty ശിവയായി ആടി തിമിർത്തിരിക്കുന്നു. അദ്ദേഹം തന്നെയാണ് അതിൻറെ കഥ തിരക്കഥ സംവിധാനം എന്നുകൂടി കേട്ടപ്പോൾ അദ്ഭുതപ്പെട്ടുപോയി. ഓരോ ആർട്ടിസ്റ്റുകളും അവരവരുടെ വേഷം ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അവസാനത്തെ അരമണിക്കൂർ ശിവയായി വന്ന Rishab കോരിത്തരിപ്പ് ഉണ്ടാക്കി. ശ്വാസം അടക്കിപ്പിടിച്ച് കാണികൾ അത് കണ്ടു തീർക്കും. തീർച്ച.. സിനിമയുടെ എല്ലാ വശങ്ങളും കഥ തിരക്കഥ സംവിധാനം സിനിമാട്ടോഗ്രാഫി കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ എല്ലാം എല്ലാം എടുത്തു പറയാതെ വയ്യ.

ഇത്രയും മനോഹരമായ ഒരു സിനിമയിൽ എനിക്ക് വളരെ വിഷമം തോന്നിപ്പിച്ച ഒരു ഭാഗം ഉണ്ടായി. ഇതിനെക്കുറിച്ച് എഴുതണമോ എന്ന് പലവട്ടം ആലോചിച്ചതാണ്. പക്ഷേ, എഴുതാതെ വയ്യ. സിനിമയുടെ ആദ്യ ഭാഗത്ത് ഒരു ഉത്സവം നടക്കുന്നു. ദീപക് റായ് അവതരിപ്പിച്ച സുന്ദര എന്ന കഥാപാത്രം അദ്ദേഹത്തിന്റെ സുഹൃത്തുമായി ഉത്സവപ്പറമ്പിലൂടെ നടക്കുന്നു. സുഹൃത്ത് സുന്ദരയോട് പറയുന്നു, വൈകുന്നേരം നിന്റെ ഭാര്യയെ കൂട്ടി വരൂ നമുക്ക് അടിച്ചുപൊളിക്കാം എന്ന്. അദ്ദേഹത്തിന്റെ മുഖത്ത് അപ്പോൾ അല്പം ഈർഷ്യ പടരുന്നു.

എന്നിട്ട് അദ്ദേഹത്തിന്റെ ഭാര്യയെ നോക്കുന്നു. അവർ മറ്റൊരു വശത്തുനിന്ന് അദ്ദേഹത്തെ വളരെ നിഷ്കളങ്കമായിചിരിച്ചു കാണിക്കുന്നു. അവരുടെ അല്പം ഉന്തിയ പല്ലുകൾ സിനിമയിൽ അവിടെ കെട്ടിയിരിക്കുന്ന പോത്തിന്റെ പല്ലുകളോട് ഉപമിച്ച് കാണിക്കുന്നു. ഇത് കണ്ടതും കാണികൾ തിയറ്ററിൽ പൊട്ടിച്ചിരിക്കുന്നു. എനിക്ക് മനസ്സിലാകാത്തത് എന്ത് തമാശയാണ് ഈ ഭാഗം കൺവേ ചെയ്യുന്നത്. ഇത്രയും മനോഹരമായ സിനിമയിൽ ഈ ബോഡി ഷെയ്മിങ് കൊണ്ട് എന്ത് ഇൻപുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയത്. അത് അപക്വമായ ഒരു തീരുമാനമായി പോയി.

ഇത്രയും മനോഹരമായ ഒരു സിനിമയിൽ അതൊരു ചെറിയ ഭാഗമല്ലേ അതിത്ര മാത്രം പറയാനുണ്ടോ എന്ന് നിങ്ങളിൽ പലരും ചോദിക്കും. ശരിയാണ്.. അതൊരു ചെറിയ ഭാഗമാണ് പക്ഷേ, അതൊരു ചെറിയ സംഗതിയല്ല. ഇനിയെങ്കിലും, ഈ നൂറ്റാണ്ടിലെങ്കിലും ഞാനും നിങ്ങളും അത് എഴുതിയവരും അതുകണ്ട് ചിരിച്ചവരും മനസ്സിലാക്കണം ശരീരം ഒരു തമാശയല്ല അത് ഒരു വ്യക്തിയുടെ സ്വന്തമാണ്. അതിൽ നോക്കി ചിരിക്കാൻ അതിനെ കളിയാക്കാൻ നമുക്ക് ആർക്കും അവകാശമില്ല. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തല്ലിക്കൊടുത്താൻ നമുക്ക് ആർക്കും അവകാശമില്ല സുഹൃത്തുക്കളെ.

Tags:
  • Movies