Saturday 21 November 2020 02:20 PM IST : By സ്വന്തം ലേഖകൻ

എല്ലാവരും ആനന്ദത്തോടെ പറഞ്ഞു, ‘നിന്റെ ഭാവി പോയി’! ഷക്കീലയുടെ നായകനായ കഥ പറഞ്ഞ് കൂട്ടിക്കൽ ജയചന്ദ്രൻ

jayachandran

ഷക്കീലയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറൽ. ‘രാസലീല’യിൽ ഷക്കീലയുടെ നായകനായി അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ കുറിപ്പ്.

കൂട്ടിക്കൽ ജയചന്ദ്രൻ എഴുതിയ കുറിപ്പ് –

...യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കൻ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും സഹായിച്ചിട്ടില്ല (ആരും, ആരെയും സഹായിക്കേണ്ടതില്ല). പക്ഷേ, ദൈവം തീരുമാനിച്ചിരുന്നു, നീ മൂവിക്യാമറയ്ക്ക് മുന്നിൽ നിൽക്കും. ഒരു നടന് വേണ്ട ഒന്നും അന്നും, ഇന്നുമില്ല! 'രാസലീല'യിൽ കോമഡി ചെയ്യാൻ വിളിച്ച എന്നോട്, നേരിൽ കണ്ടപ്പോൾ സംവിധായകൻ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എന്റെ മനസ്സിൽ ഇന്നും A പടം B പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാൻ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു 'നിൻെറ ഭാവി പോയി!' പക്ഷേ, ഷൂട്ടിംഗ് തീർന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയിൽ കൈയ്യോടിച്ച് പറഞ്ഞു; ‘നിങ്കൾ ക്ലിക്കാവും’!

പ്രവചനക്കാരെ ഞെട്ടിച്ച് തൊട്ടടുത്ത വർഷം, മലയാള കുടുംബങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കിയ 'കോമഡി ടൈം' എന്ന സൂര്യ. ടി.വി. പ്രോഗ്രാമുമായി 'കൂട്ടിക്കൽ ജയചന്ദ്രൻ' ജനിച്ചു. വീണ്ടും 'ചിരിക്കുടുക്ക' യിൽ നായകനായി! 'A' പ്പട നായകൻ വീണ്ടും മലയാള സിനിമയിൽ ഹീറോ ആയ ചരിത്രം! ഹൃദയം കൊണ്ട് അനുഗ്രഹിച്ച ആ നായിക മാദകസുന്ദരി 'ഷക്കീല' യ്ക്കും എന്റെ പ്രേക്ഷകർക്കും നന്ദി.

എൻ്റെ പ്രിയ നായികയ്ക്ക് പിറന്നാൾ ആശംസകൾ...