Friday 16 October 2020 10:04 AM IST : By സ്വന്തം ലേഖകൻ

അച്ഛൻ മരിച്ചപ്പോൾ കുടുംബം നോക്കാൻ സ്കൂളില്‍ വച്ച് പഠനം നിർത്തി, ഒടുവില്‍ സിനിമ വിട്ട് പഠിക്കാൻ പോയി! മന്യ പറയുന്നു ആ കഥ

manya

മലയാളത്തിന്റെ എക്കാലത്തെയും പ്രിയനായികമാരിൽ ഒരാളാണ് മന്യ നായിഡു. വിവാഹ ശേഷം സിനിമ വിട്ട് ജോലിയും കുടുംബജീവിതവുമായി കഴിയുന്ന താരം അടുത്തിടെ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി. ഇപ്പോഴിതാ, തന്റെ ജീവിതയാത്രയെക്കുറിച്ചും പഠിക്കാനുള്ള ആഗ്രഹത്തിന്റെ പൂർത്തീകരണത്തെക്കുറിച്ചും മന്യ ഇൻസ്റ്റഗ്രാമിൽ എഴുതിയ കുറിപ്പ് വൈറൽ ആകുന്നു.

പഠിക്കാൻ ഏറെ ഇഷ്ടമുണ്ടായിരുന്നിട്ടും അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നപ്പോഴാണ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മന്യ സിനിമയില്‍ എത്തിയത്. എന്നാൽ 41 സിനിമകൾ അഭിനയിച്ച ശേഷം വീണ്ടും പഠനത്തിലേക്ക് മടങ്ങിയ താരം വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്.

‘എന്റെ കൗമാരത്തിൽ പപ്പ മരിച്ചു. ജോലി ചെയ്യാനും കുടുംബത്തെ സഹായിക്കാനുമായി എനിക്കു പഠനം അവസാനിപ്പിക്കേണ്ടി വന്നു. സ്‌കൂൾ എനിക്കു വളരെ ഇഷ്ടമായിരുന്നെങ്കിലും വിശപ്പ് എന്താണെന്നും എനിക്കറിയാമായിരുന്നു.

ഒരു നായിക എന്ന നിലയിൽ 41 സിനിമകൾ പൂർത്തിയാക്കിയ ശേഷം ഞാൻ സമ്പാദിച്ച പണം മുഴുവൻ എന്റെ അമ്മയെ ഏൽപ്പിച്ചു. എന്നിട്ട് പഠനം പുനരാരംഭിച്ചു. ഞാൻ വളരെ കഠിനമായി പഠിക്കുകയും സാറ്റ് പരീക്ഷ എഴുതുകയും ചെയ്തു.

എനിക്ക് ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ പ്രവേശനം കിട്ടി. ആദ്യമായി ക്യാമ്പസിലേക്ക് കാലെടുത്തു വച്ചപ്പോൾ ഞാൻ കരയുകയായിരുന്നു, ഒരുപാട് കരഞ്ഞു.

പ്രവേശനം നേടുകയെന്നത് വളരെ എളുപ്പമുള്ള കാര്യമായിരുന്നു. പക്ഷേ മാത്തമാറ്റിക്സ്- സ്റ്റാറ്റിസ്റ്റിക്സിൽ 4 വർഷം പൂർത്തിയാക്കുക, ഓണേഴ്സ് ബിരുദം നേടുക, സ്കോളർഷിപ്പ് നേടുക എന്നതൊക്കെ എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യങ്ങളായിരുന്നു.

മടുപ്പു തോന്നി പലതവണ ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു. എനിക്ക് വ്യക്തിപരവും ആരോഗ്യപരവുമായ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഞാൻ എന്നെത്തന്നെ സ്വയം തള്ളി വിടുകയായിരുന്നു. എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു’. – താരം കുറിച്ചു.

വിദ്യാഭ്യാസത്തിന്റെ കരുത്തിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് താരം തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നത്.