Monday 22 July 2019 06:06 PM IST : By സ്വന്തം ലേഖകൻ

‘ആ ഡ്രസ് തീരെ ചെറുതായിരുന്നില്ല, ഒരുപാട് വലുതും’; വിമർശനങ്ങൾക്കെതിരെ മീര നന്ദൻ

meera-nandan

സെലിബ്രിറ്റികൾ ധരിക്കുന്ന വസ്ത്രം, അവരുടെ ശരീരഭാരം, നിറം എന്നിവയുടെ പേരിൽ ആകുലപ്പെടുന്ന ഒരുപാട് സദാചാര ചേട്ടൻമാരാണ് നമുക്കിടയിലുള്ളത്. പരിധി വിടുന്ന കമന്റുകളും പടിക്കിപ്പുറം കയറ്റാൻ കൊള്ളാത്ത വിധമുള്ള പരിഹാസ ശരങ്ങളും തൊടുത്തു വിടുന്നതിലാണ് പലർക്കും കമ്പം. നിർഭാഗ്യവശാൽ സോഷ്യൽ മീഡിയയിലെ സദാചാര വാദികളുടെ ആക്രമണത്തിന് ഒടുവിൽ ഇരയായിരിക്കുന്നത് നടിയും റോഡിയോ ജോക്കിയുമായ മീര നന്ദനാണ്.

ചുവപ്പുനിറത്തിലുള്ള ഒരു ഫ്രോക്ക് ധരിച്ച ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് സദാചാര വാദികളെ ചൊടിപ്പിച്ചത്. ആക്രമണവും ഉപദേശങ്ങളും ഒരു വശത്ത് പുരോഗമിച്ചപ്പോൾ ചിത്രം പോസ്റ്റ് ചെയ്ത് കുറച്ചുദിവസങ്ങൾക്കകം അതിന് മറുപടി എഴുതേണ്ടി വന്നു മീരയ്ക്ക്.

തന്റെ വസ്ത്രത്തിന്റെ പേരിൽ പലരും തന്നെ സമൂഹമാധ്യമങ്ങളിൽ ആക്രമിക്കുന്നുവെന്നും അനാവശ്യവിമർശനങ്ങളാണ് ആളുകൾ ഉന്നയിക്കുന്നതെന്നും മീര പറയുന്നു. ഇന്ത്യൻ വസ്ത്രത്തേയും പാശ്ചാത്യഫാഷനേയും ഒരുപോലെ ബഹുമാനിക്കുന്നു. തന്റെ വസ്ത്രം തീരെ ചെറുതായിരുന്നില്ല, ഒരുപാട് വലുതും. വളരെ മോശമായ രീതിയിലുള്ള കമന്റുകളാണ് തന്റെ ചിത്രത്തിനു താഴെ പോസ്റ്റ് ചെയ്യുന്നത്. പുതിയ തലമുറയിലെ ആളുകളെ വസ്ത്രത്തിന്റെ പേരിൽ മാത്രം വിലയിരുത്തുന്നതിന്റെ അർഥം മനസിലാകുന്നില്ലെന്നും ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ മീരപറയുന്നു. 

യുഎഇയിൽ റേഡിയോ ജോക്കിയായി ജോലിചെയ്യുകയാണ് മീരനന്ദൻ.

Tags:
  • Gossips