Thursday 23 December 2021 05:08 PM IST

‘ചിരുവിന്റെ മരണശേഷം എപ്പോഴും വിളിച്ച് വിവരങ്ങൾ തിരക്കും, സമാധാനിപ്പിക്കും’: ചേർത്തുപിടിച്ചു ആ സൂപ്പർതാരം

Roopa Thayabji

Sub Editor

meghna-raj-ivw

സൂപ്പർതാരം പുനീത് രാജ് കുമാറിന്റെ മരണവാർത്ത കേട്ട് കർണാടക നടുങ്ങിയ ദിവസമാണ് മേഘ്ന രാജിനെ കാണാൻ ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. ഒരു വർഷം മുൻപ് ഇതുപോലൊരു ഉച്ചയ്ക്കാണ് മേഘ്നയുടെ ഭർത്താവും കന്നട സൂപ്പർതാരവുമായിരുന്ന ചിരഞ്ജീവി സർജയുടെ വിയോഗവാർത്ത ലോകമറിഞ്ഞത്.

പുനീതിന്റെ മരണവാർത്തയുടെ ഞെട്ടലിൽ അഭിമുഖം മുടങ്ങുമോ എന്നു പോലും തോന്നി. വിളിക്കുമ്പോഴൊന്നും മേഘ്നയെ ഫോണിൽ കിട്ടിയതേയില്ല. ഒടുവിൽ ഒരു മെസേജ് വന്നു, ‘വരൂ, ഇപ്പോൾ സംസാരിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാണ്...’

ജെപി നഗറിലെ മേഘ്നയുടെ വീടിന്റെ സ്വീകരണ മുറിയിലെ ടിവിയിൽ പുനീതിന് ആദരാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയ ജനക്കൂട്ടം. ടിവിയിലെ സങ്കടക്കടലിൽ നിന്ന് കണ്ണെടുക്കാതെയാണ് മേഘ്ന സംസാരിച്ചു തുടങ്ങിയത്. ‘‘ചിരുവും പുനീതും വളരെക്കാലം മുൻപേ അടുത്ത സുഹൃത്തുക്കളാണ്. ഞാനും പുനീതിന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ഒരാൾ പെട്ടെന്നങ്ങു പോകുമ്പോൾ നമ്മൾ ശൂന്യതയുടെ വലിയ ആഴത്തിലേക്കു പതിക്കും. അതിൽ നിന്നു കരകയറാൻ എത്ര സമയമെടുക്കുമെന്ന് ആർക്കും പറയാനാകില്ല.’’

മകനൊപ്പം തിരക്കുകളിൽ മുഴുകിയാണോ സങ്കടങ്ങളെ പിന്നിലാക്കുന്നത് ?

അതുവരെ സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായൻ വന്നത് എന്നു പറയാം. റായൻ രാജ് സർജ എന്നാണ് മോന്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റായൻ എന്നതിനർഥം.

ചിരു മരിക്കുമ്പോൾ ഞാൻ എട്ടുമാസം ഗർഭിണിയായിരുന്നു. പിന്നീട് ഓരോ നിമിഷവും ചിരു വീണ്ടും ജനിക്കുമെന്ന മട്ടിൽ ആരാധകരുടെ മെസേജുകളും പോസ്റ്റുകളും കമന്റുകളുമായിരുന്നു സോഷ്യൽ മീഡിയ നിറയെ. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കയ്യിൽ വാങ്ങിയപ്പോൾ ഞാൻ ഡോക്ടറോട് പറഞ്ഞത്, ‘ആൺകുട്ടിയല്ല എന്നു പറയല്ലേ’ എന്നാണ്. എന്നെ പറ്റിക്കാനായി ഡോക്ടർ കുറച്ച് സസ്പെൻസ് ഇട്ടു. മോനെ ആദ്യമായി കയ്യിൽ വാങ്ങിയ നിമിഷം ‍ഞാൻ പൊട്ടിക്കരഞ്ഞുപോയി. അത്രമാത്രം ‘ജൂനിയർ ചിരു’ എന്ന് ആരാധകർ പറയുന്നത് കേട്ടിരുന്നു.

മോന്റെ ഓരോ ഫോട്ടോയ്ക്കു താഴെയും ചിരുവിനെ കുറിച്ച് എഴുതുന്ന കമന്റ്സ് കാണാം. ഫോട്ടോഷൂട്ടൊക്കെ റായനും ഇഷ്ടമാണ്. പക്ഷേ, ക്യാമറ കാണുമ്പോൾ കുറച്ച് ആറ്റിറ്റ്യൂഡ് ഇടും. എല്ലാ ദിവസവും എഴുന്നേൽപ്പിച്ച് മോനെ ചിരുവിന്റെ ഫോട്ടോയുടെ മുന്നിൽ കൊണ്ടുപോയി അപ്പയെ കാണിച്ചു കൊടുക്കും. നാലോ അഞ്ചോ മാസം മുതലുള്ള ശീലമാണത്. അങ്ങനെയിരിക്കെ ഒരു ദിവസം ടിവിയിൽ ചിരുവിന്റെ പാട്ടു കണ്ട് റായൻ തിരിച്ചറിഞ്ഞു. ഇപ്പോൾ എവിടെ കണ്ടാലും അപ്പ എന്നു പറഞ്ഞ് അവൻ എക്സൈറ്റഡ് ആകും. മറ്റൊരു തമാശ കൂടിയുണ്ട് കേട്ടോ. അമ്മ എന്നോ അപ്പ എന്നുമല്ല, താത്ത എന്നാണ് മോൻ ആദ്യം വിളിച്ചു തുടങ്ങിയത്. എന്റെ അച്ഛനാണ് അവന്റെ ബെസ്റ്റ് ഫ്രണ്ട്.

സിനിമാ നിർമാണത്തിലൂടെ മടങ്ങി വരാൻ ഒരുങ്ങുന്നു?

ചിരുവിന്റെ പഴയൊരു മോഹം സാധിക്കാൻ വേണ്ടിയാണ് സിനിമാ നിർമാണത്തിലേക്ക് ഇറങ്ങിയത്. ചിരുവും ഞാനും ഞങ്ങളുടെ കുട്ടിക്കാലം മുതലേയുള്ള സുഹൃത്തായ പന്നഗയും ചേർന്ന് സിനിമാ നിർമാണ കമ്പനി തുടങ്ങാൻ നേരത്തേ ആലോചിച്ചിരുന്നു. ചിരു കന്നടയിൽ ചെയ്തതെല്ലാം മാസ് സിനിമകളാണ്. കന്നട സിനിമയുടെ സ്വഭാവവും ഏതാണ്ട് അങ്ങനെ തന്നെ. അതിൽ നിന്നു മാറി, കഥയ്ക്കു പ്രാധാന്യമുള്ള, മലയാളത്തിൽ ഫഹദ് ഫാസിലൊക്കെ ചെയ്യുന്നതു പോലുള്ള സിനിമകൾ ചെയ്യാനായിരുന്നു പ്ലാൻ.

പ്രൊഡക്‌ഷൻ ഹൗസ് തുടങ്ങുന്നതിന്റെ അവസാനവട്ട ഒരുക്കങ്ങൾ വരെ പൂർത്തിയായിരുന്നതാണ്. പ ക്ഷേ, എല്ലാം മാറി മറിഞ്ഞത് പെട്ടെന്നല്ലേ. ഈയിടെ ചിരുവിന്റെ ആ സ്വപ്നം പന്നഗ ഓർമിപ്പിച്ചു. കന്നടയിൽ കുട്ടികൾക്കു വേണ്ടിയുള്ള സിനിമയാണ് ആദ്യം നിർമിച്ചത്. അടുത്ത വർഷം ഒടിടിയിൽ റിലീസ് ചെയ്യാനുള്ള നീക്കത്തിലാണ്.

സ്വന്തം പ്രൊഡക്‌ഷൻ ഹൗസിലൂടെ അഭിനയത്തിലേക്കും മട ങ്ങിവരികയാണോ ?

രണ്ടു വർഷമായി സിനിമയിൽ നിന്നു വിട്ടുനിന്നിട്ട്. തിരികെ വരുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. റായന്റെ അമ്മ എന്ന വിലാസത്തിലേക്കു മാത്രം മാറിയ നാളുകൾ. സിനിമയിലെ സുഹൃത്തുക്കൾ വിളിക്കും എന്നല്ലാതെ മടങ്ങിവരവിനെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. ഇടയ്ക്ക് ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചു. അപ്പോഴാണ് ആ ലൈഫ് മിസ് ചെയ്യുന്നുണ്ട് എന്നു തോന്നിയത്.

ഞങ്ങളുടെ സിനിമയുടെ പ്രൊഡക്‌ഷൻ ജോലികളുമായി ഇരിക്കുന്നതിനിടെ ഒരു ദിവസം പെട്ടെന്നാണ് പന്നഗ പറഞ്ഞത്, ‘ഗെറ്റ് റെഡി, ഐ വാണ്ട് യൂ ടു ഡൂ ദിസ് ഫിലിം...’ റായന്റെ ഷെഡ്യൂൾ അനുസരിച്ച് സീനുകൾ ക്രമീകരിക്കാമെന്നു പറഞ്ഞ് പന്നഗ എന്നെക്കൊണ്ട് സമ്മതിപ്പിച്ചു. കൂടുതൽ സീനുകളും ബെംഗളൂരുവിൽ തന്നെ. ഒക്ടോബർ 17ന്, ചിരുവിന്റെ ജന്മദിനത്തിലാണ് സിനിമ ലോഞ്ച് ചെയ്തത്. വിവാഹശേഷം സിനിമ ഒരിക്കലും ഉപേക്ഷിക്കരുത് എന്നാണ് ചിരു പറഞ്ഞിട്ടുള്ളത്. വിവാഹം കഴിഞ്ഞ് ഒരു വർഷം കൊണ്ട് മൂന്നു സിനിമകളിൽ അഭിനയിച്ചിരുന്നു.

meghna-41

റായന്റെ ജന്മദിനാഘോഷങ്ങളിലും ചിരുവിന്റെ ഓർമകൾ നിറയുന്നു ?

ഓരോ നിമിഷവും ഞങ്ങൾക്ക് ചിരുവിനെ മിസ് ചെയ്യുന്നുണ്ട്. സർജ ഫാമിലിയിലെ ആദ്യത്തെ ചെറുമകനാണ് ചിരു. അത്രമാത്രം എല്ലാവരും ലാളിച്ചിട്ടുണ്ട്. അതേ സ്നേഹവും ലാളനയും റായനും കിട്ടുന്നുണ്ട്.

‘കുട്ടിമാ’ എന്നാണു ചിരു എന്നെ വിളിച്ചിരുന്നത്. ‘കുട്ടിമാ, വൈകിട്ട് ഗസ്റ്റ് കാണും കേട്ടോ...’ എന്നു പറഞ്ഞിട്ടു പോയാൽ വൈകിട്ട് എത്തുമ്പോൾ വീടൊരുക്കുന്നതു മുതൽ ഡിസേർട് വരെ ‍ഞാൻ പ്ലാൻ ചെയ്യുമെന്ന് ചിരുവിന് അറിയാം. അതുപോലെ തന്നെയാണ് മോന്റെ ജീവിതത്തിലെ ഓരോ സന്തോഷവും ആഘോഷമാക്കുന്നത്. അപ്പോഴെല്ലാം ചിരുവിന്റെ വലിയ ഫോട്ടോ കൂടി വയ്ക്കും. മോന്റെ ഫസ്റ്റ് ബെർത്ഡേ ആഘോഷം ജംഗിൾ തീമിലായിരുന്നു. എല്ലായിടവും കാടു പോലെ അലങ്കരിച്ചു. റായനായിരുന്നു ‘സിംബ’. ലയൺ കിങ്ങാണ് അവന്റെ ഫേവറിറ്റ് സിനിമ.

ചിരുവിനെ പരിചയപ്പെട്ടതും പ്രണയിച്ചതും സിനിമ വഴി യാണോ ?

ഞങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ സിനിമാറ്റിക്കാണ്. വർഷങ്ങൾക്കു മുൻപ്, 2008ൽ ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ ഒരു ഇവന്റ് നടന്നു. അതിനു വേണ്ടി ഞാൻ ഡാൻസ് റിഹേഴ്സൽ ചെയ്യുമ്പോൾ ചിരു ഹാളിനുള്ളിലേക്കു വന്നു. വെള്ളയും കറുപ്പും വരകളുള്ള ഷർട്ടാണ് ചിരു ഇട്ടിരുന്നത്. എന്നെതന്നെ നോക്കി നടന്നുവരുന്നു. റിഹേഴ്സൽ കഴിഞ്ഞ് ഇറങ്ങിവന്ന എന്നെ അമ്മയാണ് ചിരുവിന് പരിചയപ്പെടുത്തിയത്.

ഷേക്ക്‌ഹാൻഡ് ചെയ്യാൻ നീട്ടിയ എന്റെ കയ്യിൽ നിന്നു ചിരു പിടി വിട്ടില്ല. ആ നിമിഷം തന്നെ മനസ്സിലായി ചിരുവിന് എന്നോട് എന്തോ ഫീലിങ് ഉണ്ടെന്ന്. അതേ ഫീലിങ് എനിക്കും തോന്നി, ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’. ആറു വർഷത്തോളം ഞങ്ങൾ പ്രണയത്തിലാണെന്ന് ആരും അറിഞ്ഞില്ല. 2013ൽ ഒരു മാഗസിനിൽ വാർത്ത വന്നു. ആ വാർത്ത കണ്ട് അച്ഛനും അമ്മയുമടക്കം എല്ലാവരും ചിരിച്ചു, ‘നമ്മ ചിരുവാ...’ പിന്നെയും ആറുവർഷം കൂടി കഴിഞ്ഞാണ് വിവാഹം നടന്നത്.

അമ്മയോട് ചിരു എന്നെ പെണ്ണുചോദിച്ചതൊക്കെ രസ മാണ്. ഒരു ദിവസം ചിരു വീട്ടിൽ വന്നു. പോകാനിറങ്ങുമ്പോൾ അമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. ‘ഇ തെന്താ പുതിയ പതിവ്’ എന്ന് അമ്മ ആലോചിക്കുമ്പോഴേക്കും കൈപിടിച്ച് ഒറ്റ ചോദ്യം, ‘‘ആന്റീ, എനിക്ക് മേഘ്നയെ വലിയ ഇഷ്ടമാണ്. അവളെ എനിക്കു തരുമാ?’’ ഒരു വർഷത്തിനുള്ളിൽ, 2018ൽ വിവാഹം നടന്നു.

ഒറ്റയ്ക്കാകുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?

ഷൂട്ടിങ് ഉള്ള ദിവസം ചിരുവിനെ കൃത്യമായി ലൊക്കേഷനിലേക്കു വിടുന്നത് എന്റെ ജോലിയായിരുന്നു. കുട്ടികളെ സ്കൂളിൽ വിടുന്നതു പോലെയാണത്. രാത്രി എത്ര വേണമെങ്കിലും ഉറങ്ങാതിരുന്ന് സിനിമ കാണും. പക്ഷേ, രാവിലെ ഓരോ പ്രാവശ്യം വിളിക്കുമ്പോഴും പത്തു മിനിറ്റ് കൂടി എന്നു പറഞ്ഞ് കണ്ണടച്ചു കിടക്കും.

ആ ദിവസം ചിരുവിന് ഷൂട്ടിങ് ഇല്ലായിരുന്നു. തലേദിവസം വൈകി കിടന്നതിനാൽ എഴുന്നേറ്റതു താമസിച്ചാണ്. ഫ്രഷ് ആയി വന്ന പാടേ ബോധം കെട്ടു വീണതാണ് ഞ ങ്ങൾ കണ്ടത്. ആശുപത്രിയിലേക്കു കൊണ്ടുപോകാൻ കാറിൽ കയറ്റുന്നതിനിടെ ചിരുവിന് ബോധം വന്നു. ‘കുട്ടിമാ, ടെൻഷനടിക്കല്ലേ, എനിക്കൊന്നുമില്ല’ എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. ഗർഭിണിയായ ഞാൻ കൂടെയുള്ളപ്പോൾ സ്പീഡിൽ കാറോടിക്കുന്നതിന് ഡ്രൈവറോട് ദേഷ്യപ്പെട്ടു. പിന്നെ, ഒരു ദീർഘനിശ്വാസത്തോടെ ചിരു കണ്ണടച്ചു.

എന്താണു സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. കാഷ്വാലിറ്റിയിൽ വച്ച് ഡോക്ടർമാർ പരിശോധിച്ചിട്ട് ആദ്യം പറഞ്ഞത് ‘പൾസ് ഇല്ല’ എന്നാണ്. ഫിറ്റ്നസിൽ വളരെ ശ്രദ്ധിച്ചിരുന്ന ചിരുവിന്റെ ജീവനെടുത്ത ഹാർട്ട് അറ്റാക്കിനു കാരണം എന്തെന്ന് ഇപ്പോഴും ഡോക്ടർമാർ കണ്ടെത്തിയിട്ടില്ല. ഒരു രോഗവും ചിരുവിനില്ലായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഞാനും ഗൂഗിളിൽ അതുതന്നെയാണ് തിരഞ്ഞുകൊണ്ടിരുന്നത്. ഒടുവിൽ എന്റെ അവസ്ഥ കണ്ട് ഡോക്ടർ തന്നെയാണ് അതു വിലക്കിയത്.

meghna-1

മലയാളത്തിലേക്ക് എപ്പോഴാണു വരുന്നത് ?

ഹോം കമിങ് പോലെയാണ് മലയാളത്തിലേക്കു വരുന്നത്. കന്നടയെക്കാൾ കൂടുതൽ ഞാൻ അഭിനയിച്ചിട്ടുള്ളത് മലയാളത്തിലാണ്. ആദ്യസിനിമയായ ‘യക്ഷിയും ഞാനും’ മുതൽ ‘ബ്യൂട്ടിഫുൾ,’ ‘മെമ്മറീസ്...’. ഒരുപാട് നല്ല റോളുകൾ കിട്ടി. ചിരുവിനും മലയാളം സിനിമകൾ വലിയ ഇഷ്ടമാണ്. ‘അഞ്ചാംപാതിര’യാണ് ഞങ്ങൾ അവസാനം കണ്ടത്. ഇപ്പോൾ ഒടിടിയിലൂടെ മലയാളം സിനിമകൾ കണ്ട് ഇവിടെയുള്ള ചില സുഹൃത്തുക്കൾ വാതോരാതെ സംസാരിക്കും. അപ്പോൾ ഞാൻ ചോദിക്കാറുണ്ട്, ‘പണ്ടേ ഈ ഇൻഡസ്ട്രിയുടെ ഭാഗമായിരുന്ന എന്നോടാണോ...’

എന്റെ അച്ഛനും അമ്മയുമൊക്കെ സിനിമയിലായിരുന്നു. ഏഴുവയസ്സുള്ളപ്പോഴാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിന്നത്, ബാലതാരമായി. പിന്നീട് പതിനേഴാം വയസ്സിൽ കെ. ബാലചന്ദർ സാറിന്റെ സിനിമയിലൂടെ നായികയായി. ‘കാതൽ സൊല്ല വന്തേൻ’ സിനിമയുടെ ട്രിച്ചിയിലെ ലൊക്കേഷനിൽ വന്നാണ് വിനയൻ സർ കാണുന്നത്. അങ്ങനെ ‘യക്ഷിയും ഞാനു’മിലൂടെ മലയാളത്തിലേക്ക്. ഷൂട്ടിങ് കഴിഞ്ഞ് ബെംഗളൂരുവിൽ എത്തിയ ശേഷമാണ് അമ്മ സംഘടനയുമായുള്ള പ്രശ്നമൊക്കെ അറിഞ്ഞത്.

വിനയൻ സാറിന്റെ ‘രഘുവിന്റെ സ്വന്തം റസിയ’യിൽ അഭിനയിച്ചു തുടങ്ങിയപ്പോഴേക്കും കഥ മാറി. എന്നെ വിലക്കാനൊക്കെ നീക്കം നടന്നു. പൃഥ്വിരാജിന്റെ നായികയായി പുതിയ സിനിമ കരാറായെങ്കിലും ചെയ്യാൻ പറ്റിയില്ല. മലയാളി അല്ലാത്തതിനാൽ പ്രശ്നത്തിന്റെ ഗൗരവം അറിയില്ലായിരുന്നു എന്നു കാണിച്ച് സംഘടനാ ഭാരവാഹികൾക്ക് കത്തു നൽകി. പിന്നെ, എങ്ങനെയോ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. വിനയൻ സാറിനോടും കുടുംബത്തോടും അ ന്നും ഇന്നും വളരെ അടുപ്പമുണ്ട്.

മലയാളത്തിൽ ലാലേട്ടനും മമ്മൂക്കയുമടക്കം താരങ്ങളുടെ ഒപ്പം മികച്ച റോളുകളാണ് അഭിനയിച്ചത് ?

മലയാളത്തിലെ രണ്ടാമത്തെ സിനിമ മമ്മൂക്കയ്ക്കൊപ്പം ആയിരുന്നു, ‘ആഗസ്റ്റ് 15.’ അദ്ദേഹം വലിയ ചൂടനാണെന്നാണ് കേട്ടിട്ടുള്ളത്. അതുകൊണ്ട് ചെറിയ പേടിയോടെയാണ് നിന്നത്. പരിചയപ്പെട്ടു കുറച്ചു കഴിഞ്ഞപ്പോൾ മമ്മൂക്കയ്ക്കു സംശയം, ‘എന്റെ മുടിക്ക് ഒറിജിനൽ നിറമാണോ, അതോ കളർ ചെയ്തതാണോ’ എ ന്ന്. അൽപം ചെമ്പൻ നിറമാണ് എന്റെ മുടിക്ക്. അതൊക്കെ കൃത്യമായി അദ്ദേഹം ശ്രദ്ധിച്ചു.

‘റെഡ് വൈൻ’ ഷൂട്ടിങ്ങിനു മുൻപാണ് ലാലേട്ടനെ ആദ്യമായി കണ്ടത്. ലൊക്കേഷനിൽ വച്ചു കണ്ടപ്പോൾ വിഷ് ചെയ്തിട്ട് ഞാൻ പേരു പറഞ്ഞു. ചിരിച്ചു കൊണ്ട് അദ്ദേഹം തിരിച്ചു ചോദിച്ചത്, ‘മേഘ്നയ്ക്ക് അറിയാ മോ ഞാനാരാണെന്ന്, ഞാൻ മോഹൻലാൽ.’

‘നമുക്ക് പാർക്കാൻ’ എന്ന സിനിമയിൽ ജയസൂര്യയ്ക്ക് ഗസ്റ്റ് റോളാണ്. കർണാടക പൊലീസ് ഓഫിസറുടെ വേഷം. രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിങ്ങേ ഉള്ളൂ. കന്നട ഡയലോഗുകളുടെ ഉച്ചാരണവും മറ്റും സംശയം തീർക്കാൻ എന്റെയടുത്ത് വരും. പക്ഷേ, ‘ബ്യൂട്ടിഫുളി’ന്റെ ലൊക്കേഷനിൽ വച്ച് ജയൻ എന്നെ പറ്റിച്ചു. മലയാളം അത്ര വഴങ്ങാത്തതുകൊണ്ട് ചില കോമഡി കേട്ടാൽ എനിക്കു മനസ്സിലാകില്ല. ഡയലോഗിലെ വാക്കുകൾ തെറ്റിച്ചു പറഞ്ഞ് കളിയാക്കുന്നതായിരുന്നു ജയന്റെ വിനോദം.

‘മെമ്മറീസി’ലാണ് പൃഥ്വിരാജിനൊപ്പം അഭിനയിച്ചത്. എനിക്കു റീഡിങ് ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ വായിക്കേണ്ട പുസ്തകങ്ങൾ സജസ്റ്റ് ചെയ്തു. ‘മെമ്മറീസി’ന്റെ പാട്ടുസീൻ ഷൂട്ട് ചെയ്തത് ഊട്ടിയിൽ കുറച്ച് റിമോട്ട് ആയ സ്ഥലത്താണ്. കാരവൻ അവിടേക്ക് വരില്ല. ജീപ്പിലാണ് ഞങ്ങൾ പോയത്. ഒരു സീനിൽ എനിക്ക് കോസ്റ്റ്യൂം ചെയ്ഞ്ച് വേണം. ഹട്ട് പോലുള്ള റൂമാണ് അതിനായി സജ്ജീകരിച്ചിരിക്കുന്നത്. കുറേ ചെറുപ്പക്കാർ കൂടി നിൽപ്പുണ്ട്. ഞാൻ സഹായിയുമായി ഹട്ടിലേക്ക് പോകുന്നത് കണ്ട് പൃഥ്വി എന്റെ സുരക്ഷയ്ക്കായി അദ്ദേഹത്തിന്റെ അസിസ്റ്റന്റ്സിനെ കൂടി വിട്ടു.

ചേട്ടന്റെ സ്നേഹത്തോടെ കൂടെ നിൽക്കുന്ന മറ്റൊരാൾ സുരേഷ് ഗോപി സാർ ആണ്. ചിരുവിന്റെ മരണത്തിനു ശേഷം എപ്പോഴും വിളിച്ച് വിവരങ്ങൾ തിരക്കും, സമാധാനിപ്പിക്കും.

മലയാളത്തിലെ എന്റെ ബെസ്റ്റ് ഫ്രണ്ട്സ് അനന്യയും നസ്രിയയുമാണ്. അനന്യ ഇടയ്ക്കിടെ വീട്ടിൽ വ രും. ഒരിക്കൽ വന്നപ്പോൾ ചോറു പോലും കിട്ടിയില്ല എ ന്നു പറഞ്ഞ് കളിയാക്കി. അടുത്ത വരവിന് ഡൈനിങ് ടേബിൾ നിറയെ വിഭവങ്ങൾ കരുതിയിരുന്നു. കഴിച്ചുതീർക്കാതെ കസേരയിൽ നിന്ന് എഴുന്നേൽക്കരുത് എന്നു പറഞ്ഞ് ചിരു അവളെ വിരട്ടി. അനന്യ എന്റെ ഗുരുജിയാണെന്ന് ഞാൻ കളിയായി പറയാറുണ്ട്. എന്തു വിഷമം വന്നാലും പറയാം. അത്രയും അത്മാർഥതയോടെ നമ്മളെ ചേർത്തു നിർത്തി ആശ്വസിപ്പിക്കും.

‘മാഡ് ഡാഡി’ന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയാണ് നസ്രിയയെ ആദ്യമായി കണ്ടത്. ചിരുവിനെ കണ്ടപ്പോൾ ഉണ്ടായതു പോലൊരു ഫീലിങ് ആയിരുന്നു അ പ്പോഴും. നസ്രിയ ഓടിവന്ന് കെട്ടിപ്പിടിച്ചു. ചറപറാ വർത്തമാനം പറയാൻ തുടങ്ങി. ആ സ്നേഹം ഇപ്പോഴുമുണ്ട്, റായന്റെ പേരിടീലിനും നസ്രിയ വന്നിരുന്നു.

meghna-741

ഇനി ഒറ്റയ്ക്കാണ് എന്നാണോ തീരുമാനം ?

അയ്യങ്കാർ അച്ഛന്റെയും ക്രിസ്ത്യൻ അമ്മയുടെയും മകളായാണ് ഞാൻ ജനിച്ചത്. എല്ലാ മതങ്ങളുടെയും ആഘോഷങ്ങൾ വീട്ടിലുണ്ടാകും. ദൈവത്തിൽ വലിയ വിശ്വാസമുള്ള ആളായിരുന്നു. കേരളത്തിൽ എപ്പോൾ വന്നാലും പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോകുമായിരുന്നു.

ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാൻ ഇപ്പോൾ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അ ച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്. എല്ലാ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മക്കൾ കൂട്ടുകൂടിയിരുന്നത് ചിരുവിനോടാണ്.

പക്ഷേ, മകനോടൊപ്പം കൂട്ടുകൂടാൻ പോയിട്ട് ആ മുഖം കാണാൻ പോലും ചിരുവിനായില്ല. ചിരുവിന്റെ മരണത്തിനു ശേഷം ഒരേയൊരു വട്ടമേ പള്ളിയിൽ പോയിട്ടുള്ളൂ, റായന്റെ മാമ്മോദീസയ്ക്ക്.

ചിരു എപ്പോഴും പറയും, ഇന്നും നാളെയും ചിന്തിക്കരുത്. ഈ മൊമന്റിലാണ് ജീവിക്കേണ്ടത്. ജീവിതത്തിലെ ഏറ്റവും നല്ലതും ചീത്തയും ഈ 30 വയസ്സിനിടയിൽ അനുഭവിച്ചു. ഇനിയുള്ള ജീവിതത്തെ കുറിച്ച് ഇപ്പോൾ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. റയാനൊപ്പമുള്ള ഈ മൊമന്റ് മതി എനിക്ക്.

ഫോട്ടോ: പവൻ ശർമ, Classy Jupiter, Bangalore