താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടൻ മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന കമ്മിറ്റി പിരിച്ചു വിട്ടിരുന്നു.
ഇനി ഭാരവാഹിത്വത്തിലേക്ക് ഇല്ല എന്ന തീരുമാനം മോഹൻലാൽ സഹപ്രവർത്തകരെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം അമ്മയിലേക്കു മാത്രമായി വിമർശനങ്ങൾ കേന്ദ്രീകരിച്ചതിലുള്ള എതിർപ്പ് മോഹൻലാൽ നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. അമ്മ മാത്രമല്ല, എല്ലാവരുമാണു മറുപടി പറയേണ്ടതെന്നും എന്തിനും ഏതിനും അമ്മയെ മാത്രം കുറ്റപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പു വരെ അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിച്ചു വരികയാണ്. അടുത്ത ജൂണിൽ മാത്രമേ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ സാധ്യതയുള്ളൂ. ഒരു വർഷത്തേക്കാണു താൽക്കാലിക കമ്മിറ്റിക്കു ചുമതല വഹിക്കാനാകുക. അതിനു ശേഷം അമ്മ ജനറൽ ബോഡി യോഗം ചേർന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.