Saturday 05 October 2019 04:47 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ സ്വകാര്യത ഇഷ്ടപ്പെടുന്നു, ആൾക്കൂട്ടത്തിനിടയിൽ എനിക്ക് നിൽക്കാനാകില്ല’! 10 വർഷത്തിനു ശേഷം നയൻതാരയുടെ അഭിമുഖം: ഒപ്പം ദുൽഖറും

nayanthara-new

10 വർഷത്തിനു ശേഷം ഒരു മാഗസിന് അഭിമുഖം നൽകി തെന്നിന്ത്യൻ താരറാണി നയൻതാര. ‘വോഗ് ഇന്ത്യ’യ്ക്ക് വേണ്ടിയാണ് താരം മനസു തുറന്നത്. മാഗസിന്റെ ഒക്ടോബർ ലക്കത്തിലെ കവർതാരങ്ങൾ നയൻതാരയും ദുൽഖർ സൽമാനും തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവും ആണ്.

‘‘ഞാൻ പ്രധാന കഥാപാത്രമാകുന്ന സിനിമകളിൽ, എല്ലാ തീരുമാനങ്ങളും എന്റെതാണ്. ചില സമയങ്ങളിൽ, സംവിധായകർ ഭർത്താക്കന്മാരെയോ കാമുകന്മാരെയോ കേന്ദ്രീകരിച്ചുള്ള കഥകളുമായി വരും. അത് ആവശ്യമാണോയെന്ന് ഞാൻ ചോദിക്കാറുണ്ട്’’.– അഭിമുഖത്തിൽ നയൻതാര പറയുന്നു.

വിജയത്തിൽ മതിമറക്കുകയോ അതിൽ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല താനെന്നും നല്ലൊരു സിനിമ പ്രേക്ഷകർക്ക് നൽകാൻ എനിക്കാകുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും ജീവിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു.

‘‘എന്തുകൊണ്ടാണ് എപ്പോഴും പുരുഷന്മാർക്കു മാത്രം അധികാരമുണ്ടായിരിക്കേണ്ടത്. സ്ത്രീകൾ ഇപ്പോഴും കമാൻഡിങ് റോളിലേക്ക് എത്തിയിട്ടില്ല. ഇതാണ് എനിക്ക് വേണ്ടത്, ഇതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നതെന്നു പറയാൻ അവർക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെൻഡർ കാര്യമല്ല. നിങ്ങൾ പറയുന്നത് ഞാൻ കേൾക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ഞാൻ പറയുന്നതും കേൾക്കണം”.– താരം വ്യക്തമാക്കുന്നു.

‘‘ഞാൻ ചിന്തിക്കുന്നത് എന്താണെന്നു ലോകം അറിയാൻ എനിക്ക് താൽപര്യമില്ല. ഞാൻ എപ്പോഴും സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വലിയൊരു ആൾക്കൂട്ടത്തിനിടയിൽ എനിക്ക് നിൽക്കാനാകില്ല’’. – അഭിമുഖങ്ങൾ നൽകാത്തതിന്റെയും സിനിമാ പ്രൊമോഷനുകളിൽ പങ്കെടുക്കാത്തതിന്റെയും കാരണം നയൻതാര വ്യക്തമാക്കിയതിങ്ങനെ.