Thursday 06 August 2020 12:46 PM IST : By സ്വന്തം ലേഖകൻ

‘അപ്പോൾ കട്ടിലില്‍ ഒന്ന് തിരിഞ്ഞു കിടക്കാന്‍ പോലും കഴിയാതെ കിടന്ന എന്റെ മനസ്സ് എണീറ്റ് ഡാന്‍സ് കളിച്ചു’! അനൂപ് മേനോന് ജൻമദിനാശംസകൾ നേർന്ന് നിർമൽ പാലാഴിയുടെ കുറിപ്പ്

nirmal

നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോന് ജൻമദിനാശംസകൾ നേർന്ന് നടൻ നിർമൽ പാലാഴി എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വൈറൽ.

അപകടം പറ്റി കിടപ്പിലാപ്പോൾ ദൈവദൂതനെപ്പോലെ അനൂപ് മേനോൻ വിളിച്ചതും പിന്നീട് തന്റെ ജീവിതത്തിൽ നടന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് താരം കുറിപ്പിൽ പങ്കുവയ്ക്കുന്നത്.

കുറിപ്പ് –

ചില ആളുകള്‍ ജീവിതത്തില്‍ ഒരുപാട് പോസറ്റീവ് എനര്‍ജി തരും. എന്റെ ജീവിതത്തില്‍ ഒരു വലിയ തകര്‍ച്ചയില്‍ നിന്നും എഴുന്നേറ്റ് വരുവാന്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയും പോസറ്റീവ് എനര്‍ജി തന്നിട്ടുള്ള ആളാണ് അനൂപേട്ടന്‍. ഞാന്‍ ആക്സിഡന്റ പറ്റി ശാരീരികമായും മാനസികമായി തളര്‍ന്നു കിടക്കുമ്പോള്‍ ആണ് ഒരു ഫോണ്‍, ‘ഹലോ ആരാ’ എന്നു ചോദിച്ചപ്പോള്‍, നിര്‍മ്മല്‍ ഇത് അനൂപ് മേനോന്‍ ആണ് എന്ന് റീപ്ലേ. എനിക്ക് ആകെ കിളിപോയി. ഒരുപാട് സിനിമയില്‍ കണ്ടു, ഞങ്ങള്‍ നാട്ടില്‍ സുഹൃത്തുക്കള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു.

ഈ മനുഷ്യന്‍ എന്ത് കൂള്‍ ആയിട്ടാ അഭിനയിക്കുന്നത്. മൂപ്പര് ഈ ക്യാമറയും മുന്നിലെ മറ്റ് ആളുകളെയും ഒന്നും ശ്രദ്ധിക്കുന്നില്ലേ അങ്ങോട്ട് ജീവിക്കുന്നു. അത് മൂപ്പര്‍ അറിയാതെ ക്യാമറയില്‍ പകര്‍ത്തുന്ന പോലെ അത്രയും കൂള്‍ ആ ആള്‍ എന്നെ വിളിക്കാന്‍ മാത്രം ഉള്ള ഒരു ബന്ധവും ഇല്ല. ഞാന്‍ അനൂപ് ഏട്ടന്റെ കുറെ സിനിമകള്‍ കണ്ടു ആരാധിക്കുന്നു എന്നു മാത്രം. എന്നാലും എന്റെ വീഴ്ചയറിഞ്ഞു എവിടുന്നോ നമ്പര്‍ വാങ്ങി എന്നെ വിളിച്ചിട്ട്, ഡാ ഒന്നുകൊണ്ടും പേടിക്കേണ്ടട്ടോ ഞങ്ങളൊക്കെ കൂടെ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ കട്ടിലില്‍ ഒന്ന് തിരിഞ്ഞു കിടക്കാന്‍ പോലും കഴിയാതെ കിടന്ന എന്റെ മനസ്സ് എണീറ്റ് ഡാന്‍സ് കളിച്ചു.

പിന്നെ വിളിക്കുന്നത് ‘മെഴുതിരി അത്താഴത്തില്ലേ’ ബോബി എന്ന മനോഹരമായ ഒരു വേഷം തരുവാന്‍ ആയിരുന്നു. ഷൂട്ടിങ് സമയത്ത് അരി പെറുക്കി അരി പെറുക്കി സ്വന്തമായി ഒരു റേഷന്‍കട തുടങ്ങാന്‍ ഉള്ള അത്രയും ആയി. എന്നാലും ഒരു മടുപ്പോ ദേഷ്യമോ കാണിക്കാതെ ചേര്‍ത്ത് നിര്‍ത്തി. അടുത്ത സിനിമാ കിങ് ഫിഷില്‍ വിളിച്ച് ഷോട്ട് കഴിഞ്ഞപ്പോള്‍, ഡാ നീ ഡവലപ്പ് ആയല്ലോ എന്ന് പറഞ്ഞു. കിങ് ഫിഷ്’ന്റെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഞാന്‍ അനൂപ് ഏട്ടനോട് പറഞ്ഞു, അനൂപ് ഏട്ടാ എനിക്ക് അഭിനയിക്കുമ്പോള്‍ കൂടെ എന്നേക്കാള്‍ സീനിയര്‍ (കഴിവു കൊണ്ടും സ്പീരിയന്‍സ് കൊണ്ടും)ഉള്ള ആളുകള്‍ ഉണ്ടേല്‍ ഒന്നും അഭിനയിക്കാന്‍ പറ്റൂലെന്ന്.

അതിന് മറുപടി ഒരുപാട് സമയം എടുത്തു എനിക്ക് പറഞ്ഞു തന്നു. കൂടെ അഭിനയിക്കുന്ന ഒരു നടന്‍ കണ്ണില്‍ നോക്കി അഭിനയിച്ചാല്‍ അഭിനയിക്കാന്‍ പറ്റാതെ ഇരുന്ന ഇപ്പോഴത്തെ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചു അവാര്‍ഡുകള്‍ വാരിക്കൂട്ടിയ നടനെ കുറിച്ചെല്ലാം പറഞ്ഞു തന്നു. തിരക്ക് കൂടേണ്ട അത് ചെയ്ത് ചെയ്ത് മാറിക്കൊള്ളും എന്നൊക്കെ. ഞാന്‍ ആലോചിക്കുന്നത് ഒന്നും അല്ലാത്ത എന്നെ ഇങ്ങനെ മോട്ടിവേറ്റ് ചെയ്യേണ്ട ഒരു കാര്യവും അനൂപേട്ടന് ഇല്ല.

അത് എന്തിനായിരിക്കും എന്ന് എന്റെ ഉള്ളിലെ ചോദ്യത്തിന് ഞാന്‍ തന്നെ ഉത്തരം കണ്ടെത്തി. എന്റെ അല്ലെങ്കില്‍ എന്നെ പോലെ സിനിമയെ സ്‌നേഹിക്കുന്ന ആഗ്രഹിക്കുന്ന ആയിരങ്ങളുടെ മനസ്സ് ഒന്നും പറയാതെ തന്നെ മനസ്സിലാക്കുന്ന ഒരു വലിയ മനുഷ്യന്‍ അതാണ് അനൂപ് ഏട്ടന്‍. . ഒരുപാട് സിനിമകള്‍ ചെയ്ത് ഒരുപാട് നല്ല കഥാപാത്രങ്ങളെ മലയാളികള്‍ക്ക് നല്‍കുവാന്‍ സര്‍വ്വേശ്വരന്‍ ആയുസും ആരോഗ്യവും നല്‍കട്ടെ എന്നു പ്രാർഥിക്കുന്നു സ്‌നേഹത്തോടെ… പിറന്നാള്‍ ആശംസകള്‍.