Tuesday 18 January 2022 03:22 PM IST

ആരാധകരെ സന്തോഷിപ്പിക്കാൻ പോയിരുന്നെങ്കിൽ എന്നെ രക്ഷിക്കാൻ സാക്ഷാൽ ഭഗവാന് പോലും ആകുമായിരുന്നില്ല ; കൃഷ്ണനായി വന്ന് ഗന്ധർവനായി മറഞ്ഞ നിതീഷ് ഭരദ്വാജിന്റെ വിശേഷങ്ങൾ !

Sujith P Nair

Sub Editor

n4

തൊണ്ണൂറുകളിലെ ശ്രീകൃഷ്ണ ഭക്തർ കൈകൂപ്പി തൊഴുമ്പോൾ ഇപ്പോഴും മനസ്സിൽ തെളിയുന്നത് ആ മുഖമാണ്. കുസൃതിയൊളിപ്പിച്ച കണ്ണുകളും കള്ളത്തരം നിറഞ്ഞ പുഞ്ചിരി ചുണ്ടുകളും ഓമൽകവിളിലെ നുണക്കുഴികളുമായി സാക്ഷാൽ നിതീഷ് ഭരദ്വാജ്.­

ഇതിഹാസ പരമ്പരയായ ‘മഹാഭാരത’ത്തിൽ ഗോപികമാർക്കൊപ്പം കള്ളക്കണ്ണനായി ആടിപ്പാടി മനം കവർന്ന നിതീഷ്, കുരുക്ഷേത്ര യുദ്ധത്തിൽ അർജുനന്റെ തേരാളിയായി ഭഗവത്ഗീത ഉപദേശിക്കുന്ന സാക്ഷാൽ ഭഗവാനായപ്പോൾ അമ്മമാരും മുത്തശ്ശിമാരും ടെലിവിഷനു മുന്നിൽ കൈകൂപ്പി തൊഴുതു പ്രാർഥിച്ചു, ‘കൃഷ്ണാ... മുകുന്ദാ... മുരാരേ... കാത്തു രക്ഷിക്കണേ...’

അടുത്ത വരവിൽ ആകാശത്തു നിന്ന് പൊട്ടിവീണത് മലയാളിപെണ്ണിന്റെ മനസ്സിലേക്കാണ്. ‘ചിത്രശലഭമാകാനും മേഘമാലകളാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർധം പോലും ആവശ്യമില്ലാത്ത ഗഗനചാരി, ഞാൻ ഗന്ധർവൻ...’ മുത്തശ്ശിക്കഥകളിലെ പ്രണയ നായകനായ ഗന്ധർവനായി നിതീഷ് മലയാളത്തിന്റെ മനം കീഴടക്കി. പക്ഷേ, ഗന്ധർവൻ കൺമുന്നിൽ നിന്നു മറഞ്ഞതുപോലെ പെട്ടെന്നാണ് നിതീഷ് അപ്രത്യക്ഷനായത്.

2020ൽ ‘വനിത’യുടെ വിഷു സ്പെഷലിനായി തേടിയെത്തുമ്പോൾ മുംബൈയിലെ ഫ്ലാറ്റിൽ സിനിമയിലേക്കുള്ള രണ്ടാം വരവിന്റെ തിളക്കത്തിലായിരുന്നു നിതീഷ് ഭരദ്വാജ്. പീലിത്തിരുമുടിയും ഓടക്കുഴലും ഇല്ലെങ്കിലും, അൻപതുകളുടെ ചെറുപ്പത്തിലും ആ നുണക്കുഴിയും കൃസൃതിക്കണ്ണുകളും കള്ളച്ചിരിയുമൊന്നും തെല്ലും മങ്ങിയിട്ടില്ല. മലയാളി ഇപ്പോഴും ഗന്ധർവനെ ‘മിസ്’ ചെയ്യുന്നുണ്ട് എന്നു പറഞ്ഞപ്പോൾ കള്ളപ്പുഞ്ചിരിയോെടയാണു മറുപടി, ‘‘ഞാൻ ഗന്ധർവന് ശേഷം എന്നെയും മോഹൻലാലിനെയും നായകന്മാരാക്കി രണ്ടു സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രം സംവിധായകൻ പത്മരാജൻ പ്ലാൻ ചെയ്തിരുന്നു. അതിന്റെ കഥ കേട്ടതോടെ കേരളത്തിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലുമായിരുന്നു ഞാൻ. അപ്പോഴാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്‍റെ മരണം. പിന്നെ, മലയാളത്തിൽ നിൽക്കാൻ താൽപര്യം തോന്നിയില്ല.

n1

എഴുത്തുകാരന്‍ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും എന്റെ ഗുരുവാണ് പത്മരാജന്‍. കുറച്ചു നാൾ മുൻപ് ‘ഞാൻ ഗന്ധർവന്റെ’ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ നടന്നെങ്കിലും ആ പ്രോജക്ടും ഉപേക്ഷിച്ചെന്നു കേട്ടു. ’’

പിന്നീട് മലയാളത്തിൽ നിന്നു വിളി വന്നില്ലേ ?

ഇല്ല എന്നതാണു സത്യം. പിന്നെ, ഞാൻ വിവാഹം കഴിഞ്ഞ് ലണ്ടനിൽ സെറ്റിൽ ചെയ്തു. ആ സമയത്ത് ബോളിവുഡിൽ നിന്നുള്ള അവസരങ്ങൾ പോലും വേണ്ടെന്നു വച്ചു. ലണ്ടനിൽ നാടകവും തിയറ്ററുമൊക്കെ ആയിരുന്നു ഹരം.

ജീവിതത്തില്‍ ഞാന്‍ രണ്ടു മോശം തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്. ലണ്ടനിലേക്കു പോകാനുള്ള തീരുമാനമാണ് അ തിലൊന്ന്. കാഴ്ചപ്പാടുകൾ വിശാലമാകാൻ അതു സഹായിച്ചു. പക്ഷേ, വിലയായി നൽകേണ്ടിവന്നത് കരിയറാണ്.

മടങ്ങിയെത്തി രാഷ്ട്രീയത്തിൽ ഇറങ്ങിയതാണ് രണ്ടാമത്തെ തെറ്റ്. 1996ൽ മധ്യപ്രദേശിൽ നിന്നു ലോക്സഭ എംപിയായെങ്കിലും രാഷ്്ട്രീയം എനിക്കു പറ്റില്ലെന്നു മനസ്സിലാക്കി സ്വയം വിരമിച്ചു. രാഷ്ട്രീയത്തിൽ നിന്നാൽ ആത്മാവ് നഷ്ടപ്പെടുമെന്നു തോന്നി, അതിനു ഞാൻ തയാറായിരുന്നില്ല.

പിന്നെയാണ് സിനിമയിലേക്ക് മടങ്ങിയത്. മറാത്തിയിൽ സംവിധാനം ചെയ്ത ‘പിതൃറൂൺ’ എന്ന സിനിമയ്ക്ക് മികച്ച സംവിധായകനടക്കം അഞ്ച് സംസ്ഥാന അവാർഡുകൾ ലഭിച്ചു. ഹിന്ദിയിൽ നിരവധി റോളുകൾ ചെയ്തു. ‘മോഹൻജോദാരോ’യിൽ ഹൃത്വിക് റോഷന്റെ ചാച്ചായുടെ വേഷമായിരുന്നു. ഹിന്ദി ചിത്രം സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. ഇതിനിടെ ഒരു മലയാള സിനിമയിലേക്ക് വിളിച്ചിരുന്നു, വില്ലൻ റോളിൽ. മലയാളികൾ വില്ലനായി അംഗീകരിക്കുമോ എന്നു സംശയം തോന്നിയതിനാൽ സ്വീകരിച്ചില്ല.

പക്ഷേ, േകരളം എനിക്കിപ്പോഴും ഏറ്റവും ഇഷ്ടമാണ്. കേരളസദ്യയുടെ വലിയ ആരാധകനാണ് ഞാന്‍. പായസം എത്ര വേണമെങ്കിലും കുടിക്കാം.

ശ്രീകൃഷ്ണന് നിതീഷ് ഭരദ്വാജിന്റെ മുഖമാണ് ഇപ്പോഴും ?

അച്ഛൻ ജനാർദനൻ ഉപാധ്യായ അഭിഭാഷകനായിരുന്നു. അമ്മ സാധന, മുംബൈ വിൽസൻ കോളജിൽ മറാത്തി ലിറ്ററേച്ചർ വകുപ്പുമേധാവിയും. കൃഷ്ണ ഭക്തയായിരുന്ന അമ്മയ്ക്ക് ഭഗവത്ഗീതയിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്നു. ഗീതാപഠനത്തിനും മറ്റും അമ്മ എന്നെയും കൊണ്ടുപോകും.

ശ്രീകൃഷ്ണന്റെ നക്ഷത്രമായ രോഹിണിയാണ് എന്റെയും നക്ഷത്രം. വെറ്ററിനറി ഡോക്ടറുടെ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലെത്തിയത്. മറാത്തി, ഹിന്ദി നാടകപ്രവർത്തനത്തിൽ സജീവമായിരുന്ന കാലത്താണ് ‘മഹാഭാരത’ത്തിൽ അ വസരം ലഭിക്കുന്നത്. ആദ്യം വിദുരരുടെ റോളിലേക്കാണ് വിളിച്ചത്. പിന്നെ നകുലനാക്കാമെന്നു പറഞ്ഞു. ഒടുവിൽ എങ്ങനെയോ വിധിപോലെ ശ്രീകൃഷ്ണ വേഷത്തിലെത്തി. ആ കഥാപാത്രം ഇത്രകണ്ട് സ്വാധീനം ചെലുത്തുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ‘രാമായണ’ത്തിലെ അരുൺ ഗോവിലിനെ ശ്രീരാമനായും എന്നെ ശ്രീകൃഷ്ണനായും കണ്ട് അന്നേ ഒരുപാട് പേർ ആരാധിച്ചിരുന്നു.

ഒരിക്കൽ ‘മഹാഭാരതം’ ഔട്ട്ഡോർ ഷൂട്ടിങ് നടക്കുന്നു. വലിയ ജനക്കൂട്ടമാണ് തടിച്ചു കൂടിയിരിക്കുന്നത്. കൃഷ്ണന്റെ കഥാപാത്രം ഇല്ലാത്ത രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. അതിനിടെ ജനക്കൂട്ടം ഇളകി. അവർക്ക് കൃഷ്ണനെ കാണണമത്രേ. ഷൂട്ടിങ് മുടങ്ങുമെന്ന ഘട്ടമായപ്പോൾ നിർമാതാവ് ബി. ആർ. ചോപ്ര എന്നെ വിളിക്കാൻ ആളയച്ചു. കോസ്റ്റ്യൂമിലും ഫുൾ മേക്കപ്പിലും ഞാൻ ലൊക്കേഷനിലെത്തി ‘ദർശനം’ നൽകിയ ശേഷമാണ് ജനം ശാന്തരായത്.

n2

മിനി സ്ക്രീനിലെ ബിഗ് ഹിറ്റ് ആയി ‘മഹാഭാരതം’ ?

ബോളിവുഡിൽ സൂപ്പർതാരങ്ങളായ പലരും ‘മഹാഭാരത’ ത്തിൽ പ്രധാന റോളുകൾ ചെയ്യേണ്ടിയിരുന്നതാണ്. ഗോവിന്ദയെയാണ് അഭിമന്യുവിന്റെ റോളിലേക്ക് നിശ്ചയിച്ചിരുന്നത്. പക്ഷേ, സിനിമയിൽ അവസരം വന്നതു കൊണ്ട് അദ്ദേഹം പിന്മാറി. ജൂഹി ചൗളയാണ് ദ്രൗപതിയാകേണ്ടിയിരുന്നത്. ഷൂട്ടിങ് തുടങ്ങും മുൻപേ അവർ ആമിർഖാൻ ചിത്രത്തിൽ നായി കയായി. അതോടെ രൂപാ ഗാംഗുലിയും രമ്യാ കൃഷ്ണനുമായി അവസാന പട്ടികയിൽ. രൂപയുടെ ഹിന്ദി രമ്യയുടെ ഹിന്ദിയേക്കാൾ നന്നായിരുന്നതിനാൽ അവർക്ക് നറുക്ക് വീണു.

ബിഗ് ബജറ്റ് സിനിമകളെ വെല്ലുന്ന സീരിയൽ ആയിരുന്നു മഹാഭാരത്. വലിയ താരനിര, വമ്പൻ സെറ്റുകൾ. ജയ്പൂരിൽ നിന്ന് 40 കിലോമീറ്റർ അകലെയായിരുന്നു യുദ്ധരംഗങ്ങളുടെ ലൊക്കേഷൻ. ഇന്നത്തെപ്പോലെ കാരവാൻ ഒന്നുമില്ല. മേക്കപ്പ് അടക്കം ടെന്റിലാണ് സജ്ജീകരിച്ചിരുന്നത്. 40 പേർക്ക് ഒരു ടോയ്‌ലറ്റ് മാത്രം. ലോഹം കൊണ്ടുള്ള പടച്ചട്ടയൊക്കെ അണിഞ്ഞാണ് അഭിനയം. ചൂടു കൂടുമ്പോൾ പടച്ചട്ടയും ചുട്ടുപഴുക്കും. അപകടങ്ങളും ഒരുപാടുണ്ടായി. ഒരിക്കൽ യുദ്ധരംഗം ചിത്രീകരിക്കുമ്പോൾ രഥം മറിഞ്ഞു കുതിരകളുടെ ബാലൻസ് തെറ്റി. എടുത്തു ചാടിയതു കൊണ്ട് എന്റെ ജീവൻ കഷ്ടിച്ചു തിരിച്ചുകിട്ടി. മറ്റൊരിക്കൽ കർണനായി അഭിനയിച്ച പങ്കജ് ധീറിന്റെ പുരികത്തിൽ അസ്ത്രം തറച്ചതിനെ തുടർന്ന് ശസ്ത്രക്രിയ വേണ്ടി വന്നു...

രൂപ സെറ്റിൽ വന്ന ദിവസം വലിയ തമാശയായിരുന്നു. അ വരുടെ സൗന്ദര്യത്തെക്കുറിച്ച് വലിയ ചർച്ചകള്‍ നടന്നിരുന്നു. പലരും അവരെ ഇംപ്രസ് ചെയ്യാൻ പദ്ധതികളും പ്ലാൻ ചെയ്തു. സെറ്റിൽ വന്ന രൂപ സംവിധായകൻ രവി ചോപ്രയേയും ക്യാമറാമാൻ ധരം ചോപ്രയേയും കണ്ട േശഷം എന്‍റെയരികിലേക്കു വന്നു. ഓഷോ എഴുതിയ കൃഷ്ണനെക്കുറിച്ചുള്ള പുസ്തകം വായിച്ച് ഒരു മൂലയിൽ മാറിയിരിക്കുകയായിരുന്നു ഞാൻ. അടുത്തിടെ വായിച്ച ദ്രൗപതിയേയും കൃഷ്ണനെയും കുറിച്ചുള്ള പുസ്തകത്തെക്കുറിച്ച് അവര്‍ സംസാരിച്ചു തുടങ്ങി. വാ തോരാതെയുള്ള ആ സംസാരത്തിനിടയില്‍ ഒന്നു പാളി നോക്കിയ ഞാൻ കണ്ടത് ‘പാണ്ഡവരും കൗരവരും’ ഒറ്റക്കെട്ടായി എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കുന്നതാണ്...

ഗോപികമാരും ഒരുപാട് ഉണ്ടായിരുന്നിരിക്കും ?

അന്നൊക്കെ ദിവസവും ആയിരക്കണക്കിന് കത്തുകളാണ് വരിക. വിവാഹാഭ്യർഥനകളാണ് കൂടുതലും. ചിലർ നേരിട്ടു വീട്ടിലേക്ക് വരും. ഒരിക്കൽ ഇൻഡോറിൽ നിന്നൊരു പെൺകുട്ടി വന്ന് അമ്മയുടെ കാലിൽ വീണു. എന്നെ വിവാഹം ചെയ്യണം എന്നാണ് ആവശ്യം. അതിനു പറ്റില്ലെങ്കിൽ എന്റെ ദാസിയായി ഈ വീട്ടിൽ ജീവിക്കാനെങ്കിലും അനുവദിക്കണമത്രേ. ഏറെ പണിപ്പെട്ടാണ് അമ്മ അവളെ മടക്കി അയച്ചത്.

അക്കാലത്തെ ഒരു പ്രശസ്ത ഗായിക ‘മീരാഭായി’ ആയാണ് സ്വയം കരുതിയിരുന്നത്. അവർ വിവാഹിതയുമായിരുന്നു. എന്നെ കാണുമ്പോൾ ‘കേശവ്’ എന്നു വിളിച്ച് ഓടിയെത്തുമായിരുന്നു. ഇവരോടൊക്കെ അകലം പാലിച്ചാണ് ഞാൻ നിന്നത്. ആരാധകരെ സന്തോഷിപ്പിക്കാൻ പോയിരുന്നെങ്കിൽ എന്നെ രക്ഷിക്കാൻ സാക്ഷാൽ ഭഗവാന് പോലും ആകുമായിരുന്നില്ല. ആരാധനയാണ് ഗോപികാ സങ്കൽപം, രാധയാകട്ടെ സമർപ്പിത പ്രേമവും. അങ്ങനെ നോക്കിയാൽ എന്റെ രാധയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ചിലപ്പോൾ ഇനി കേരളത്തിലെങ്ങാനും എന്റെ രാധയുണ്ടെങ്കിലോ...

25 വയസ്സുകാരന് ശ്രീകൃഷ്ണന്റെ ഇമേജ് പ്രശ്നമായോ ?

ഒരിക്കലുമില്ല. ഞാൻ പാർട്ടികളിൽ പങ്കെടുത്ത് ഡാൻസും പാട്ടുമൊക്കെയായി അടിച്ചുപൊളിക്കുമായിരുന്നു. മദ്യവും പുകവലിയുമൊന്നും അന്നേ ഇല്ല. പോരെങ്കിൽ പക്കാ വെജിറ്റേറിയനും. ചിലർ സ്വന്തം കാര്യം നേടാനായി എന്റെയൊപ്പം കൂടിയിരുന്നു. ഒന്നും നടക്കില്ലെന്നു കണ്ടപ്പോൾ അവർ അകലുകയും ചെയ്തു. അതൊക്കെ എന്നെ പുതിയ പാഠങ്ങൾ പഠിപ്പിച്ചു.

മക്കൾക്കും ശ്രീകൃഷ്ണനാണോ ?

2005ല്‍ ആദ്യ വിവാഹത്തിൽ നിന്നു മോചനം നേടി. 2009ലാണ് ഐഎഎസ് ഓഫിസറായ സ്മിത ഗഥെയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. ഞങ്ങൾക്ക് രണ്ടു പെൺകുട്ടികളാണ്, ദേവയാനിയും ശിവരഞ്ജിനിയും. ഇരട്ടകളാണവർ. ദേവയാനിക്ക് അഭിനയത്തോട് താൽപര്യമുണ്ട്. ശിവയ്ക്ക് സംവിധാനത്തോടും കഥ പറച്ചിലിനോടുമൊക്കെയാണ് കൂടുതൽ ഇഷ്ടം. ആരുടെയും ഭാവി നമ്മുടെ കയ്യിൽ അല്ലല്ലോ. ഭഗവാ ൻ നിശ്ചയിക്കുന്നതു പോലെയേ കാര്യങ്ങൾ നടക്കൂ.

മലയാളികൾക്ക് നൽകാനുള്ള വിഷു കൈനീട്ടം ?

എന്നെ സ്നേഹിക്കുന്ന എല്ലാ മലയാളികൾക്കും വിഷു ആശംസകൾ. കാലം വല്ലാതെ മോശമാവുകയാണ്. എല്ലായിടത്തും പ്രശ്നങ്ങൾ മാത്രം. എല്ലാവരും സമാധാനത്തെ പ്രണയിക്കണം. ശ്വാശ്വതമായുള്ള ഒന്ന് അതു മാത്രമാണ്. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു, ഐ ലവ് യു ഓൾ...

nitheesh-5

ഇപ്പോൾ മനസ്സിൽ താലോലിക്കുന്ന മറ്റൊരു കൈനീട്ടമുണ്ട്, മോഹൻലാലിനെ നായകനാക്കി ഒരു സിനിമ മലയാളത്തിൽ സംവിധാനം ചെയ്യണം. ഭഗവാൻ കൃഷ്ണനും മാ ഭഗവതിയും അനുവദിച്ചാൽ അതു നടക്കും.

ഗുരുവായൂർ അമ്പലനടയിൽ

ഗുരുവായൂരപ്പനെ കാണാനുള്ള ഒരവസരവും വേണ്ടെന്നു വച്ചിട്ടില്ല. ‘ഞാൻ ഗന്ധർവനി’ൽ അഭിനയിക്കും മുൻപാണ് ആദ്യം ഗുരുവായൂരില്‍ പോകുന്നത്. അന്നു കണ്ണന്‍റെ മുന്നില്‍ മനമുരുകി പ്രാര്‍ഥിച്ചു.27 വർഷങ്ങൾക്കു ശേഷം കഴിഞ്ഞ വർഷം ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു ചടങ്ങിന് ക്ഷണിച്ചു. അന്നു നാലമ്പലത്തിനുള്ളില്‍ ഒറ്റയ്ക്കു നിന്നു പ്രാര്‍ഥിക്കാനുള്ള സൗകര്യം ക്ഷേത്രഭാരവാഹികൾ അനുവദിച്ചു. എന്തൊക്കെയോ കരഞ്ഞു പ്രാർഥിച്ചു പുറത്തിറങ്ങിയപ്പോൾ മനസ്സിന് വല്ലാതെ ശാന്തി. ഭഗവാന്‍ എനിക്കു തന്ന മഹാഭാഗ്യമാണത്. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിക്കൊപ്പം ഭഗവാന്റെ നേദ്യചോറും മോരുകറിയും കഴിച്ചു. അന്ന് അവിടെ വച്ചും ചില ഭക്തർ എന്റെ കാലിൽ വീണു നമസ്കരിച്ചു.

ഗന്ധർവ്വന്റെ വേദന

‘ഞാന്‍ ഗന്ധര്‍വന്‍’ സിനിമ ചെയ്യരുതെന്ന് ഒരുപാട് പേർ പത്മരാജനെ ഉപദേശിച്ചിരുന്നതായി കേട്ടിട്ടുണ്ട്. നായ കനായി എന്നെ നിശ്ചയിക്കാൻ മുംബൈയിലേക്ക് വരുമ്പോൾ പക്ഷിയിടിച്ച് വിമാനത്തിന്റെ യാത്ര മുടങ്ങിയിരുന്നു. അതു പറഞ്ഞു പലരും േപടിപ്പിച്ചെങ്കിലും അേദ്ദഹം പിന്മാറിയില്ല. പക്ഷേ, ചിത്രം റിലീസായതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ മരണം.പപ്പേട്ടന്റെ മരണത്തിനു തൊട്ടുപിന്നാലെ നിർമാതാവ് ഗുഡ്നൈറ്റ് മോഹൻ, അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായി. ആ അപകടത്തിൽ അദ്ദേഹത്തിന്റെ ഡ്രൈവർ മരിച്ചു. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ച് മുംബൈയിൽ വിമാനമിറങ്ങി പുണെയിലേക്ക് പോകും വഴി അപകടത്തിൽ പെട്ടെങ്കിലും ഞാൻ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു...

Tags:
  • Movies