Monday 06 September 2021 12:51 PM IST : By സ്വന്തം ലേഖകൻ

പേര് പോലെ വ്യത്യസ്തമാണ് ഈ കാസ്റ്റിങ് കോളും: ‘ന്നാ താന്‍ കേസ്‌കൊട്’ അഭിനേതാക്കളെ തേടുന്നു

kunchakko-boban

‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സംവിധാനത്തില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ‘ന്നാ താന്‍ കേസ്‌കൊട്’ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിംഗ് കോള്‍ വൈറല്‍. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്.

ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങാന്‍ ആവശ്യമുള്ള സാധനങ്ങള്‍ എന്ന തലക്കെട്ടോട് കൂടിയാണ് സാധാരണ കാസ്റ്റിംഗ് കോളുകളില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഈ കാസ്റ്റിംഗ് കോള്‍ അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്.

kunchakko-boban-2

രണ്ട് കള്ളന്മാര്‍, എട്ട് പൊലീസുകാര്‍,16 വക്കീലുമാര്‍, ഒരു മജിസ്ട്രേറ്റ്, 3 ബെഞ്ച് ക്ലര്‍ക്ക്, 5 ഓട്ടോ ഡ്രൈവര്‍മാര്‍, ഒരു അംഗന്‍വാടി ടീച്ചര്‍, 1 റിട്ടയേഡ് പി.ഡബ്ല്യു.ഡി ടീച്ചര്‍, നാല് ഷട്ടില്‍ കളിക്കാര്‍, ഒരു ബൈക്കര്‍ എന്നിവരെയാണ് ആദ്യ ഭാഗത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രായമോ മറ്റു ഘടകങ്ങളോ ഒന്നും ഈ ഭാഗത്ത് വ്യക്തമാക്കിയിട്ടില്ല. രണ്ടാമത്തെ സെറ്റ് അഭിനേതാക്കളെയും ഈ വിധത്തില്‍ തന്നെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും കേസില്‍ കോടതി കയറിവര്‍, യൗവനം വിട്ടുകളയാത്ത വൃദ്ധദമ്പതികള്‍, മുഖ്യമന്ത്രി, മന്ത്രിയും ഭാര്യയും മന്ത്രിയുടെ പി.എയെയും, വിദേശത്ത് പഠിച്ച നാട്ടിന്‍പുറത്തുകാരന്‍. തൊഴില്‍രഹിതര്‍, നിരപരാധികള്‍ എന്നിവരെയാണ് അടുത്തതായി ചിത്രത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉള്ളവരെയാണ് ചിത്രത്തിലേക്ക് വിളിച്ചിരിക്കുന്നത്. തങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന് സ്വയം തോന്നുന്നുന്നവര്‍ക്കും നാട്ടുകാര്‍ ആരോപിക്കുന്നവര്‍ക്കും പങ്കെടുക്കാമെന്നും പോസ്റ്ററിലുണ്ട്. താല്‍പര്യമുള്ളവര്‍ ഒരു മിനിറ്റില്‍ കവിയാത്ത വീഡിയോയും കളര്‍ ഫോട്ടോയും ntckmovie@gmail.com എന്ന മെയിലിലേക്ക് അയച്ചുതരണമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം വിനയ് ഫോര്‍ട്ട്, ഗായത്രി ശങ്കര്‍, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.