Wednesday 15 January 2020 09:42 AM IST : By സ്വന്തം ലേഖകൻ

‘ഒരുത്തീ’യായി നവ്യ! ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടിയും മഞ്ജുവും

oruthee

നവ്യ നായരെ നായികയാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ഇടവേളക്ക് ശേഷം നവ്യ നായർ അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ഒരുത്തീ. മമ്മൂട്ടിയും മഞ്ജു വാരിയരും ചേർന്നാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്. എസ് സുരേഷ് ബാബു തിരക്കഥയെഴുതിയ ചിത്രം ബെൻസി നാസറാണ് നിർമിച്ചിരിക്കുന്നത്.

ദ് ഫയർ ഇൻ യു എന്ന ടാഗ് ലൈനോടുകൂടി വന്നിരിക്കുന്ന പോസ്റ്റർ ഇതിനോടകം വൈറൽ ആണ്.

ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ഡോക്ടർ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാന രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ. നവ്യ നായർക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ തുടങ്ങി ഒരു വലിയ താര നിര അണിനിരക്കുന്നു.