Saturday 12 September 2020 02:36 PM IST : By സ്വന്തം ലേഖകൻ

പിലീമോൾക്ക് കുഞ്ഞുടുപ്പ്, പിറന്നാൾ കേക്ക്; സമ്മാനം സർപ്രൈസായി എത്തിച്ച് മമ്മൂട്ടി; ഹൃദ്യം ഈ നിമിഷങ്ങൾ

peeli--b-day

മമ്മൂട്ടിയുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ പറ്റിയില്ലെന്ന പരാതിയോടെ ചിണുങ്ങിക്കരഞ്ഞ പീലിമോളെ ആരും മറന്ന് കാണില്ല. പീലിയുടെ പിണക്കം സോഷ്യൽമീഡിയയും പിന്നാലെ മമ്മൂട്ടിയും ഏറ്റെടുത്തതോടെ ആ ‘പ്രതിഷേധത്തിന്’ പരിഹാരം കാണുകയും ചെയ്തു. കോവിഡ് മാറിയാൽ പീലിയുടെ പിണക്കം മാറ്റി കാണാൻ അവസരം ഒരുക്കാമെന്നാണ് മെഗാസ്റ്റാറിന്റെ ഉറപ്പ്.

കണ്ടുമുട്ടലിനു മുമ്പ് പീലിമോൾക്ക് പിറന്നാൾ സമ്മാനം അയച്ചിരിക്കുകയാണ് മമ്മൂട്ടി. സമ്മാനപ്പൊതികളും കേക്കും തന്റെ കുഞ്ഞ് ആരാധികയ്ക്ക് അയച്ചു കൊടുത്തിരിക്കുകയാണ് മെഗാസ്റ്റാർ.

പുത്തനുടുപ്പും കേക്കും സമ്മാനങ്ങളുമായി കൊച്ചിയിൽ നിന്ന് രണ്ട് പേരെത്തിയപ്പോൾ‌ പീലിമോളെ പോലെ തന്നെ വീടു മുഴുവൻ അമ്പരന്നു. ‘ഹാപ്പി ബർത്ത്ഡേയ് പീലിമോൾ,  വിത്ത്‌ ലവ് മമ്മൂട്ടി’ എന്നാണ് കേക്കിൽ എഴുതിയിരുന്ന വാചകങ്ങൾ. വീട്ടുകാർ തയ്യാറാക്കി വച്ച കേക്ക് പിതാവ് ഹമീദ്  തന്നെ മാറ്റി വച്ച്, മമ്മ‌ൂക്ക സമ്മാനിച്ച കേക്ക് മുറിച്ചായിരുന്നു ആഘോഷം. പക്ഷേ അതുകൊണ്ടും തീർന്നില്ല. കേക്കു മുറിച്ചതിനു ശേഷം കാത്തിരുന്നത് അടുത്ത സർ‌പ്രൈസ്. മെഗാസ്റ്റാര്‍ വിഡിയോ കോളിൽ. മമ്മൂക്കയെ കണ്ടപ്പോൾ പീലി നാണം കുണുങ്ങിയായി.  

കൊച്ചിയിലെ യുവ ഫാഷൻ ഡിസൈനറായ ബെൻ ജോൺസൺ പ്രത്യേകം നെയ്തെടുത്ത ഉടുപ്പാണ് പീലിക്കായി മമ്മൂട്ടി കൊടുത്തുവിട്ടത്. അങ്കമാലി ചമ്പന്നൂർ സ്വദേശികളായ ജോസ് പോളും ബിജു പൗലോസും ആണ് മമ്മൂട്ടിയുടെ സമ്മാനങ്ങളുമായി പെരിന്തൽമണ്ണയിൽ എത്തിയത്.