Monday 18 October 2021 02:20 PM IST : By സ്വന്തം ലേഖകൻ

‘അവരെക്കുറിച്ചുള്ള നീറുന്ന ചിന്ത ഉള്ളിൽ നിറച്ചുകൊണ്ട്, ഒരാഘോഷവുമില്ലാതെ ഞങ്ങളുടെ കുഞ്ഞിന്റെ ജന്മദിനം’: ശ്രദ്ധേയമായ കുറിപ്പുമായി പ്രേംകുമാർ

prem-kumar

മകൾക്ക് ജൻമദിനാശംസകൾ നേർന്ന്, ശ്രദ്ധേയമായ കുറിപ്പ് പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടൻ പ്രേംകുമാർ.

‘തെരുവോരങ്ങളിലെ അനാഥരായ കുഞ്ഞുങ്ങൾ...

ചേരികളിലും അതിനെക്കാൾ പരിതാപകരമായ ഇടങ്ങളിലും അലയുന്ന, ജീവിതത്തിന്റെ ചെളിക്കുണ്ടുകളിൽ വീണുലയുന്ന പാർശ്വവത്കരിക്കപ്പെട്ട പാവം കുഞ്ഞുങ്ങൾ...

ഒരല്പം ഭക്ഷണത്തിനുപോലും നിവൃത്തിയില്ലാതെ വിശന്നുകരയുന്ന നിരാംലബ ബാല്യങ്ങൾ...

ദാരിദ്ര്യത്തിന്റെ, നരകയാതനയുടെ ദീനരോദനം മുഴക്കുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങൾ...

പഠിക്കേണ്ട പ്രായത്തിൽ അതിനു കഴിയാതെ കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമലിലേറ്റി ബാലവേലയ്ക്ക് നിർബന്ധിതരാകുന്ന കുഞ്ഞു ബാല്യങ്ങൾ...

ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന നിരാശ്രയരായ കുഞ്ഞുങ്ങൾ...

പട്ടിണിയിലും ഇരുട്ടിലുമുഴലുന്ന, ആദിവാസി ഊരുകളിൽ - പോഷകാംശം ലേശവുമില്ലാതെ മരിച്ചുവീഴുന്ന കുരുന്നുകുഞ്ഞുങ്ങൾ...

ലോകമെമ്പാടുമുള്ള നിസ്സഹായരായ ഈ കുഞ്ഞുമക്കളെയെല്ലാം ഓർത്തുകൊണ്ട് -

അവരെക്കുറിച്ചുള്ള നീറുന്ന ചിന്ത ഉള്ളിൽ നിറച്ചുകൊണ്ട് -

പതിവുപോലെ

ഒരാഘോഷവുമില്ലാതെ

ഞങ്ങളുടെ കുഞ്ഞിന്റെ ജന്മദിനം ഇന്ന്...

പ്രേംകുമാർ – ജിഷാപ്രേം’.– മകൾക്കും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രേംകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.