Saturday 23 April 2022 10:10 AM IST : By സ്വന്തം ലേഖകൻ

പ്രേം നസീറിന്റെ ‘ലൈല കോട്ടേജ്’ വിൽപനയ്ക്ക്: 50 സെന്റില്‍ ഒരു പഴയ കൊട്ടാരം

prem-nazeer

മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേം നസീർ ജൻമനാടായ ചിറയൻകീഴിൽ നിർമിച്ച ‘ലൈല കോട്ടേജ്’ വിൽപനയ്ക്ക്. 1956 ൽ ചിറയിൻകീഴ് കൂന്തള്ളൂരിൽ നസീർ മകൾ ലൈലയുടെ പേരിൽ നിർമിച്ച ഈ കെട്ടിടം ചിറയിൻകീഴിലെ ആദ്യത്തെ ഇരുനിലമന്ദിരമാണ്.

ദേശീയപാതയിൽ കോരാണിയിൽ നിന്നു ചിറയിൻകീഴിലേക്കുള്ള പാതയോരത്ത് 50 സെന്റിലാണ് വീട്. 8 കിടപ്പുമുറികളുള്ള വീടിന് കോടികൾ വില വരും. ഭാര്യ ഹബീബ ബീവി, മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവർക്കൊപ്പം നസീർ താമസിച്ചിരുന്നത് ഈ വീട്ടിലാണ്.

പ്രേംനസീറിന്റെ ഇളയമകൾ റീത്തയുടെ മകൾ രേഷ്മയുടെ ഉടമസ്ഥതയിലാണ് വീട് ഇപ്പോൾ‌. അമേരിക്കയിലുള്ള അവകാശികളാണ് വീട് വിൽക്കാൻ തയാറെടുക്കുന്നത്.

ഏറെക്കാലമായി പൂട്ടിയിട്ട വീട് ജീർണിച്ചു തുടങ്ങി. വാതിലുകളും ജനാലകളും ചിതൽ കയറി ദ്രവിച്ചു. വീട്ടുവളപ്പിൽ വള്ളിപ്പടർപ്പുകളും കുറ്റിക്കാടുകളും വളർന്ന നിലയിലാണ്. ‘പ്രേം നസീർ’ എന്നെഴുതിയ നെയിംബോർഡ് മാത്രം ഒളിമങ്ങാതെ ഭിത്തിയിലുണ്ട്.

മഹാനടന്റെ ജന്മനാട്ടിലെ ഓർമയുടെ തുരുത്ത് നിലനിർത്താൻ സർക്കാരിന്റെ നടപടികൾ ഉണ്ടാവുമെന്ന പ്രതീക്ഷയും മങ്ങിത്തുടങ്ങി. വീടും സ്ഥലവും വില നൽകി സർക്കാർ ഏറ്റെടുത്തു സ്മാരകമാക്കണമെന്ന ആവശ്യവും എങ്ങുമെത്തിയില്ല.