Thursday 19 September 2019 12:44 PM IST : By സ്വന്തം ലേഖകൻ

‘അല്ലിയുടെ മുന്നിൽ നിസഹായനാകും, സുപ്രിയയോടു വഴക്കെങ്കിലും ഉണ്ടാക്കാം മകളോട് അതു പറ്റില്ലല്ലോ’! വൈറലായി പൃഥ്വിയുടെ വാക്കുകൾ

prithvi-new

മലയാളികളുടെ പ്രിയപ്പെട്ട കുട്ടിത്താരമാണ് പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകൾ അല്ലി എന്ന അലംകൃത. അല്ലിയുമായി ബന്ധപ്പെട്ട എന്തു വിശേഷങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ്. ഇപ്പോഴിതാ മനോരമ സംഘടിപ്പിച്ച ചാറ്റ് ഷോയിൽ അല്ലിയെക്കുറിച്ച് പൃഥ്വി പറഞ്ഞ വിശേഷങ്ങളും സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുന്നു.

ജീവിതത്തില്‍ ഒട്ടും ക്ഷമയില്ലാത്തയാളാണ് താന്‍ എന്നും അച്ഛനായ ശേഷമാണ് അതിൽ മാറ്റം വന്നതെന്നും ക്ഷമയെന്ന ശീലം വന്നത്് അതിനു ശേഷമാണെന്നും താരം പറയുന്നു. ജീവിതത്തില്‍ ആര്‍ക്ക് മുന്നിലാണ്, ഭാര്യയുടെ മുന്നിലാണോ അതോ മകളുടെ മുന്നിലാണോ നിസഹായനാകുന്നതെന്ന ചോദ്യത്തിന് സംശയമെന്ത് അത് അലംകൃതയുടെ മുന്നിലാണെന്നായിരുന്നു താരത്തിന്റെ മറുപടി. ഭാര്യയോട് വഴക്കെങ്കിലും ഉണ്ടാക്കാം എന്നാല്‍ മകളോട് അത് പറ്റില്ലല്ലോയെന്നും താരം കൂട്ടിച്ചേർത്തു.

ഇന്ദ്രജിത്തുമായി വഴക്കുണ്ടാക്കാറുണ്ടോയെന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. അന്ന് മിക്കപ്പോഴും അടിയായിരുന്നു. നന്നായി തല്ല് കൂടുമായിരുന്നു ചെറുപ്പത്തില്‍. ഇപ്പോള്‍ കാണുന്നത് തന്നെ വല്ലപ്പോഴുമാണ്. താനും ചേട്ടനും ഷൂട്ടിലായിരിക്കും. അത്യാവശ്യത്തിനുള്ള വികൃതിയൊക്കെ മകള്‍ക്കുണ്ടെന്നും അവള്‍ ആരാവരുത് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂവെന്നും മുന്‍പ് താരം പറഞ്ഞിരുന്നു.

അടുത്തിടെയായിരുന്നു അല്ലിയുടെ അഞ്ചാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രവുമായി സുപ്രിയയും പൃഥ്വിയും എത്തിയിരുന്നു.