Wednesday 02 December 2020 08:56 AM IST : By സ്വന്തം ലേഖകൻ

ഇടവേള അവസാനിച്ചു, രഘുനാഥ് പലേരി വീണ്ടും! ‘ഒരു കട്ടില്‍ ഒരു മുറി, ഒരു പെണ്ണും ഒരാണും’ ഒരുങ്ങുന്നു

reghunath

മലയാളത്തിൽ എക്കാലത്തെയും മികച്ച ചില സിനിമകൾ രഘുനാഥ് പലേരിയുടെ തിരക്കഥയിലും സംവിധാനത്തിലും തയാറായവയാണ്. ഇടക്കാലത്ത് സിനിമയിൽ നിന്നു ദീർഘമായ ഒരു ഇടവേള എടുത്ത അദ്ദേഹം 14 വര്‍ഷത്തിനു ശേഷം മടങ്ങി വരുന്നു. കിസ്‍മത്ത്, തൊട്ടപ്പന്‍ എന്നീ സിനിമകള്‍ ഒരുക്കിയ ഷാനവാസ് കെ ബാവക്കുട്ടിയ്ക്ക് വേണ്ടിയാണ് രഘുനാഥ് പലേരിയുടെ പുതിയ തിരക്കഥ. ‘ഒരു കട്ടില്‍ ഒരു മുറി, ഒരു പെണ്ണും ഒരാണും’ എന്നു പേരിട്ടിട്ടുള്ള തിരക്കഥയുടെ സന്തോഷം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

‘ഒരു കഥ മനസ്സിൽ കറക്കിയടിച്ചൊരു തിരക്കഥ എഴുതി. ശ്രീ ഷാനവാസ് ബാവക്കുട്ടിക്ക് ഇന്നലെ നൽകി. രുഗ്മാംഗദൻറെയും പാരിജാതമെന്ന വനജയുടെയും അവർക്കിടയിലെ ചന്ദ്രതേജസ്സായി വിലസുന്ന അക്കമ്മയുടെയും ഹൈദരാലിക്കയുടെയും മൂത്താശാരിയുടെയും ഗാംഗുലിയുടെയും മാത്തച്ചന്‍റെയും ദേവൂട്ടിയുടെയും ഓട്ടോറിക്ഷാ അച്ഛന്‍റെയും അമ്മക്ക് ചിമനെല്ലിക്ക പറിച്ചു നൽകി പ്രണയം പുഷ്പ്പിക്കുന്ന, അച്ഛന്‍റെയും എല്ലാം ചേർന്നുള്ളൊരു ജീവിത തിരക്കഥ. ഷാനവാസ് അത് പ്രകാശമാനമാക്കട്ടെ. എന്നെ അദ്രുമാനിലേക്ക് വെളിച്ചംപോൽ നടത്തിച്ചത് ഷാനവാസാണ്. ഇതൊരു ദക്ഷിണ’.– അദ്ദേഹം കുറിച്ചതിങ്ങനെ.