Tuesday 12 January 2021 05:19 PM IST : By സ്വന്തം ലേഖകൻ

‘ഈ സീൻ നുമ്മ പണ്ടേ വിട്ടതാ’: 70ൽ സ്വിം സ്യൂട്ട്; പരിഹസിച്ചവരുടെ വായടപ്പിച്ച് രാജിനി ചാണ്ടി

rajini-

സദാചാര കോട്ടകളെ കടപുഴക്കി... സൈബർ ഉപദേശങ്ങളെ കാറ്റിൽപറത്തി ഉഗ്രൻ മറുപടിയുമായി രാജിനി ചാണ്ടി. ഫാഷനേയും സ്റ്റൈലിനേയും പ്രായവുമായി ഏച്ചുകെട്ടുന്ന സങ്കൽപ്പങ്ങളെ മറികടന്നായിരുന്നു രാജിനിയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരുന്നത്. ആ ചിത്രങ്ങൾ കണ്ട് ഹാലിളകിയവർക്ക് ഫൊട്ടോഷൂട്ടിലൂടെ മറുപടി പറയുകയാണ് രാജിനി. തന്റെ സ്വിം സ്യൂട്ടും, ഗൗണും, ജാക്കറ്റും കണ്ട് അസ്വസ്ഥരാകുന്നവർക്കു മുന്നിലേക്ക് ഏഴുപതുകളിലെ തന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് രാജിനി എത്തുന്നത്. അറുപത് വയസ്സു കഴിഞ്ഞപ്പോൾ മോഡലിങ് രംഗത്തേയ്ക്ക് ഇറങ്ങിയ ആളല്ലെന്നും, അൻപത് വർഷം മുമ്പ് സ്വിം സ്യൂട്ട് അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് താരം പറയുന്നു. ചുരുക്കത്തിൽ ‘ഈ സീനൊക്കെ നുമ്മ പണ്ടേ വിട്ടതാണെന്ന്’ പറയുകയാണ് രാജിനി.

60 വയസ്സ് കഴിഞ്ഞു ചട്ടയും മുണ്ടും ഇട്ടു സിനിമയിലേക്ക് വന്ന ഒരു ആന്റി എന്ന നിലയിലാണ് നിങ്ങൾ പലരും എന്നെ കാണുന്നത്. എന്നാൽ 1970 ൽ വിവാഹം കഴിഞ്ഞു ബോംബെയിൽ പോയപ്പോൾ ഇതുപോലെയൊന്നുമായിരുന്നില്ല ജീവിതം. നല്ല പൊസിഷനിൽ ജോലി ചെയ്തുകൊണ്ടിരുന്ന എന്റെ ഭർത്താവിന്റെ ഒപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാർട്ടികളിലും ഞാൻ ഒപ്പം പോയിരുന്നു. അവിടുത്തെ ലൈഫ് സ്റ്റൈൽ അനുസരിച്ച് വേഷവിധാനം ചെയ്തിരുന്നു.’–രാജിനി പറയുന്നു.

‘ഫോർമൽ മീറ്റിങ്ങിനു പോകുമ്പോൾ സാരി ധരിക്കും. എന്നാൽ കാഷ്വൽ മീറ്റിങ്ങിനും പാർട്ടിക്കും പോകുമ്പോൾ ജീൻസ് ടോപ്, മറ്റു മോഡേൺ വസ്ത്രങ്ങൾ എന്നിവ ധരിച്ചിരുന്നു.  അതുപോലെ സ്വിം സ്യൂട്ട്, ബിക്കിനി ഒക്കെ ഇടേണ്ട അവസരത്തിൽ അതും ധരിക്കുമായിരുന്നു. വൈകുന്നേരങ്ങളിൽ ടാജിലും ഒബ്‌റോയ് ഹോട്ടലിലും ഒക്കെ കോക്ക്ടെയ്ൽ ഡിന്നറും മറ്റും ഉണ്ടായിരുന്നു.  എന്റെ ചെറുപ്പകാലം ഇങ്ങനെയൊക്കെയായിരുന്നു.  ഒട്ടുമിക്ക രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.   ഇപ്പോഴും ഞാൻ ജീൻസ് ടോപ്പ് ഒക്കെ ധരിക്കാറുണ്ട്. ഇങ്ങനെയാണ് ജീവിച്ചിരുന്നതെന്നു ആരോടും പറഞ്ഞു നടക്കേണ്ട ആവശ്യം ഇല്ലാത്തതുകൊണ്ട് ഞാൻ ആരോടും പറഞ്ഞില്ല, ഇപ്പോൾ പറയാൻ അവസരം വന്നതുകൊണ്ട് പറഞ്ഞു എന്നെ ഉള്ളൂ.  ഈ നെഗറ്റിവ് കമന്റ് ഇടുന്നവർക്ക് ഞാൻ എങ്ങനെ ജീവിക്കണം എന്ന് പറയാൻ അധികാരമില്ല.  നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ച് ഇപ്പോഴും നന്നായി ജീവിതം  കൊണ്ടു പോകുന്ന ഒരാളാണ്.  കുടുംബ ജീവിതത്തിലായാലും സാമൂഹ്യ ജീവിതത്തിലായാലും ഞാൻ സന്തോഷവതിയാണ്’.–രാജിനി ചാണ്ടി പറയുന്നു.