Monday 13 September 2021 04:00 PM IST : By സ്വന്തം ലേഖകൻ

സായി കുമാറിന്റെ പകരക്കാരനായി നാടകത്തിലും സിനിമയിലും: കഴിവിനൊത്ത അവസരങ്ങൾ കിട്ടാതെ അകാലത്തിൽ മടക്കം

risa-bava-2

റിസബാവ ഓർമയാകുമ്പോൾ മലയാളികളുടെ മനസ്സിന്റെ വെള്ളിത്തിരയിൽ ആദ്യം തെളിയുക ജോൺ ഹോനായിയാകും. ‘ഇൻ ഹരിഹർ നഗറി’ലെ സുന്ദരനായ വില്ലനെ... ആ സൗന്ദര്യത്തിനു പിന്നില്‍ ക്രൂരതയുടെ ചിരിയൊളിപ്പിച്ച് മലയാള സിനിമയിലേക്ക് റിസ ബാവ എത്തിയത് അത്രകാലത്തെ പ്രതിനായക സങ്കൽപ്പങ്ങളെ പൊളിച്ചടുക്കിക്കൊണ്ടാണ്. അതോടെ നായകനായുള്ള തുടക്കം മുളയിലേ നുള്ളി മലയാള സിനിമ റിസബാവയെ വില്ലനാക്കി. ക്രൂരനായ, സുന്ദരനായ വില്ലന്‍ എന്ന പരിവേഷത്തോടെ തുടർന്നു വന്ന പല സിനിമകളിലും റിസബാവ തിളങ്ങി...അഭിനയത്തികവിലും ഡയലോഗ് ഡെലിവറിയിലും മറ്റേതൊരു മികച്ച നടനോടും മത്സരിക്കത്തക്ക പ്രതിഭയുണ്ടായിട്ടും കഴിവിനൊത്ത അവസരങ്ങൾ കിട്ടാതെ അകാലത്തിൽ ആ കരിയറും ജീവിതവും അവസാനിച്ചു.

എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് റിസബാവ. 55 വയസ്സായിരുന്നു. ‌

നാടകത്തിലൂടെയാണ് റിസബാവ അഭിനയ രംഗത്ത് സജീവമാകുന്നത്. 1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല.

ഡോക്ടർ പശുപതിയില്‍ സായി കുമാറിന് പറഞ്ഞുറപ്പിച്ച വേഷത്തിലാണ് റിസ ബാവ എത്തിയത്. തനിക്ക് തിരക്കായതിനാൽ സായിയാണ് റിസ ബാവയ്ക്ക് ഈ അവസരം ഒരുക്കിയതും. നാടകത്തിലും സായിക്ക് പകരവും റിസ ബാവ എത്തിയിരുന്നു. സായി സിനിമയിലേക്ക് വന്നപ്പോള്‍ നാടകത്തിലെ സ്വാതി തിരുന്നാളിന്റെ വേഷം റിസ ബാവയിലേക്കെത്തുകയായിരുന്നു.

സിനിമകൾക്കൊപ്പം ടെലിവിഷൻ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അഭിനയിച്ചു. സിനിമകളിൽ ഡബ്ബിങ് ആർചട്ടിസ്റ്റാറും പ്രവർത്തിച്ചു.