ഒ.ടി.ടി യിൽ റിലീസിനൊരുങ്ങുന്ന പുതിയ മലയാള ചിത്രമാണ് ‘അമീറ’. ഈ ചിത്രത്തിന്റെ സംവിധായകന് റിയാസ് മുഹമ്മദ് പക്ഷേ സിനിമയെ തോൽപ്പിക്കുന്ന ജീവിതത്തിലൂടെയാണ് കടന്നു പോകുന്നത്.
ജീവിതത്തിന്റെ നിലനിൽപ്പിനായി റിയാസ് ഏറ്റെടുത്തത് ഫുഡ് ഡെലിവറി ബോയ്യുടെ വേഷമാണ്. തന്റെ സിനിമയ്ക്ക് ഒരു നിർമാതാവിനെ കണ്ടെത്താൻ കൊച്ചിയിൽ ഒാൺലൈൻ ഫുഡ് ഡെലിവറി ബോയ് ആയി റിയാസ് ജോലി ചെയ്തു. ഒടുവിൽ നിർമാതാവിനെ കണ്ടെത്തി സിനിമ ഷൂട്ട് ആരംഭിക്കാൻ തയാറായപ്പോൾ ലോക്ഡൗൺ. ജൂലൈയിൽ സിനിമ ഷൂട്ട് ചെയ്യുന്നതിന്റെ തലേന്ന് അമ്മയ്ക്ക് സ്ട്രോക്ക് വന്ന് ആശുപത്രിയിൽ ആയി. ഷൂട്ടിനിടയിൽ പല തരത്തിലുള്ള പ്രതിസന്ധികൾ. കോവിഡ് മൂലം താമസസൗകര്യം ബുദ്ധിമുട്ടായപ്പോൾ ഏന്തയാറിലെ റബർപുരയിൽ താമസിച്ചത് 35 ദിവസം. വിഷമഘട്ടങ്ങൾ കടന്ന് ‘അമീറ’ പൂർത്തീകരിച്ചെങ്കിലും സിനിമയുടെ അവസാനവട്ട ജോലികൾ നടക്കുന്നതിനിടെ പിതാവ് ആശുപത്രിയിലായി. കൈയിൽ ആകെയുള്ളത് 100 രൂപ മാത്രം! മെഡിക്കൽ േസ്റ്റാറിൽ ആധാർകാർഡും ഫോണും ഡ്രൈവിങ് ലൈസൻസും പണയം വച്ചാണ് മരുന്നു വാങ്ങിയത്.
അച്ഛനും അമ്മയ്ക്കും വയ്യാതായതോടെ കൊച്ചിയിൽ നിന്നു കോട്ടയത്തേക്കു താമസം മാറ്റി. പട്ടിണിയാകും എന്ന തിരിച്ചറിവിൽ വീണ്ടും ഒാൺലൈൻ ഫുഡ് ഡെലിവറി ബോയ് ആയി. രാവിലെ തുടങ്ങുന്ന ഓട്ടം അവസാനിക്കുന്നത് രാത്രി 11 മണിക്കാണ്. ചില ദിവസങ്ങളില്‍ ഓർഡർ ലഭിക്കാൻ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടിയും വരും.
ഈ ഓട്ടത്തിനിടയിലും ‘അമീറ’യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി. ഇൗ മാസം 25 നു ‘അമീറ’ യുടെ പ്രിവ്യൂ നടക്കും. തുടർന്ന് റിലീസും. അതിനിടയിലും റിയാസിന്റെ ഓട്ടം തുടരുകയാണ്.