വിവാഹ വാർഷികദിനത്തിൽ ഹൃദയസ്പർശിയായ വിഡിയോയും കുറിപ്പും പങ്കുവച്ച് റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ആര്‍ജെ മാത്തുക്കുട്ടി. ഭാര്യ ഡോ.എലിസബത്ത് ഷാജി മഠത്തിലിനൊപ്പമുള്ള മനോഹര നിമിഷങ്ങൾ കോർത്തുവച്ചാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 16നായിരുന്നു മാത്തുക്കുട്ടിയും എലിസബത്തും വിവാഹിതരായത്. ഈയടുത്താണ് ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നത്.
മാത്തുക്കുട്ടിയുടെ കുറിപ്പ് –
പൊട്ടി പൊളിഞ്ഞു പാളീസായിരിക്കുന്ന കമ്പനിയിലേക്ക് കാശ് മുടക്കാൻ ആധാരം പണയം വച്ച കാശുമായി വരുന്ന ആളെ പോലെയായിരുന്നു നീ എന്റെ ജീവിതത്തിലേക്ക് വന്നത്. എനിക്ക് പോലും വിശ്വാസമില്ലാത്ത എന്റെ ജീവിതത്തെ, എന്നെക്കാളും അധികം നീ വിശ്വസിച്ച് തുടങ്ങിയിടത്ത് നിന്നുമാണ് (സലിം കുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ) ശരിക്കുമുള്ള ഞാൻ ആരംഭിക്കുന്നത്.
കടന്നു പോവുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വർഷമാണ്. ഒരുപാട് നന്ദിയുണ്ട്. വിവാഹ വാർഷികാശംസകൾ! എന്റെ വിധി നിന്റെ തീരുമാനങ്ങളാണ്.